Total Pageviews

Wednesday, December 29, 2010

പത്രം പറഞ്ഞ കള്ളസാക്ഷ്യം

ആളുകള്‍ അക്രമം കാണിച്ചാലും അധികാരികള്‍ അതിക്രമം കാണിക്കരുതെന്നു ഓര്‍മ്മിപ്പിക്കുന്നതാണ്‌ പോലീസ്‌ ഐ ജി ലക്ഷ്മണയെ ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു കൊണ്ടുള്ള കോടതിവിധി. നക്സലൈറ്റ്‌ നേതാവായ വര്‍ഗീസിനെ വെടിവെച്ചു കൊന്ന കേസില്‍ എറണാകുളം സിബിഐ കോടതി പറയുന്നത്‌ പോലെ പ്രതി ലക്ഷ്മണയെ വധശിക്ഷക്ക്‌ വിധിക്കാന്‍ തക്കവണ്ണം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായതല്ലാ ഈ കേസ്‌. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തോക്കിണ്റ്റെ നിറയൊഴിക്കേണ്ടി വന്ന ഒരു പോലീസുകാരന്‍ സ്വന്തം മനസ്സാക്ഷിയു ടെ പ്രേരണയില്‍ കുറ്റമേറ്റു പറ ഞ്ഞ്‌ ശിക്ഷ വാങ്ങാന്‍ തയ്യാറായ കൊലക്കേസാണിത്‌. അങ്ങനെ നോക്കുമ്പോള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായത്‌ തന്നെയാണ്‌ ഈ കേസ്‌. നാല്‍പത്‌ വര്‍ഷം മുമ്പ്‌ പോ ലീസിനു വേണ്ടി കള്ളസ്സാക്ഷ്യം പറഞ്ഞ പത്രറിപ്പോര്‍ട്ടിനെ തുറന്ന്‌ കാണിച്ചുകൊണ്ട്‌ മുനി എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗമാണ്‌ ചുവടെ ചേര്‍ക്കുന്നത്‌. എറണാകുളത്ത്‌ നിന്നു എം എ ജോണ്‍ പത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്ന നിര്‍ണ്ണയം വാരികയില്‍ (൧൯൭൦ ഫെബ്രുവരി ൨൨) എഴുതാപ്പുറം എന്ന പംക്തിയില്‍ മുനി ലേഖനം എഴുതി. പത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍, ലേഖനം, മുഖപ്രസംഗം എന്നിവയെ വിശകലനം ചെയ്യുന്നതിനും വിമര്‍ശിക്കുന്നതിനും ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ച പംക്തിയാണ്‌ എഴുതാപ്പുറം. ജീവിക്കുന്ന മന:സാക്ഷിയുടെ പ്രതീകമായ പോലീസുകാരന്‍ രാമചന്ദ്രന്‍നായര്‍ മരിച്ചത്‌ ൨൦൦൬ നവംബര്‍ ൧൬നാണ്‌. ആദ്യത്തെ പ്രസ്കൌണ്‍സില്‍ നിലവില്‍ വന്ന നവംബര്‍ ൧൬ന്‌ ഇന്ത്യയില്‍ പത്രസ്വാതന്ത്യ്രദിനം ആചരിക്കുന്നു. യനാടന്‍ വനങ്ങളിലെ ക്രൂരമായ നരവേട്ടയുടെ വിസ്തരിച്ചുള്ള കഥകളാണ്‌ പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്‌. സത്യമോ നീതി ബോധമോ തൊട്ടു തെറിച്ചിട്ടില്ലാത്ത ഈ പോലീസ്‌ പുരാണങ്ങള്‍ വായിച്ചാല്‍ ഞെട്ടിപ്പോകും. യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധസജ്ജീകരണങ്ങളോടെ, ഒരു യുദ്ധരംഗത്തേക്ക്‌ എന്ന പോലെയായിരുന്നു തിരച്ചില്‍ സംഘം നീങ്ങിയത്‌; മലയാള മനോരമ വര്‍ണിക്കുന്നു. തിരുനെല്ലി- ത്രിശലേരി ഭാഗ ങ്ങളില്‍ കൊലയും കൊള്ളയും നടത്തി വടക്കന്‍ വയനാടിനെ കിടിലം കൊള്ളിച്ച ശേഷം ഘോരവനത്തിലേക്ക്‌ അന്തര്‍ധാനം ചെയ്ത നക്സല്‍ബാരി തലവന്‍ എ വര്‍ഗീസ്‌ ഇന്ന്‌ വെളുപ്പിന്‌ തിരുനെല്ലി വനത്തില്‍ വെച്ച്‌ പൊലീസ്‌ പാര്‍ട്ടിയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കുന്നു. യുദ്ധ റിപ്പോര്‍ട്ടിണ്റ്റെ ആദ്യവാചകമാണിത്‌. വര്‍ഗീസ്‌ കൊലയും കൊള്ളയും നടത്തിയെന്ന്‌ മനോരമ കുറ്റം ചുമത്തുന്നു; സ്വയം വിധി പ്രസ്താവിക്കുന്നു. യന്ത്രത്തോക്കും വെടിയുണ്ടയും പടയുമായി ചെന്ന്‌ പോലീസുമായി നക്സല്‍ബാരി തലവന്‍ ഏറ്റുമുട്ടി എന്നു വിചാരിക്കുന്നു; വിധിക്കുന്നു. ആകെപ്പാടെ പോലീസിണ്റ്റെ ധീരസാഹസികതയെ പുകഴ്ത്തി അവരുടെ കഷ്ടപ്പാടില്‍ അനുതപിച്ച്‌ വര്‍ഗീസിനെ വേട്ടയാടി കൊന്നതില്‍ ആഹ്ളാദിക്കുകയാണ്‌ മനോരമ. വര്‍ഗീസ്‌ ആണ്‌ കൊള്ളയും കൊലയും നടത്തിയതെന്ന്‌ വിധിക്കാന്‍ പോലീസിനും മനോരമയ്ക്കും അധികാരം നല്‍കിയതാര്‌? ഈ രാജ്യത്ത്‌ കുറ്റം ചുമത്താനല്ലാതെ വിധി എഴുതാന്‍ പോലീസിനാണോ അധികാരം? അതോ നീതിന്യായ കോടതികളെല്ലാം പണക്കാര്‍ക്കും അവരുടെ കൂലിഎഴുത്തുകാര്‍ക്കും മാത്രം ഉള്ളതാണോ? തിരുനെല്ലിയിലും ത്രിശലേരിയിലും കൊല നടന്നുവെങ്കില്‍ത്തന്നെ, ക്രിമിനല്‍ കുറ്റം ചെയ്യുന്നവരെ പോലീസിന്‌ ചുട്ടു കൊല്ലാമെന്ന്‌ ഏത്‌ നിയമത്തിലാണ്‌ പറയുന്നത്‌? പോലീസ്‌ വേട്ടയാടി കൊന്നവര്‍ തന്നെയാണ്‌ കുറ്റങ്ങള്‍ ചെയ്തതെന്ന്‌ സംശയരഹിതമായ എന്തു തെളിവാണ്‌ പോലീസിനുള്ളത്‌? കേസ്‌ തെളിയിക്കാന്‍ സാധ്യമല്ലെന്ന്‌ അറിഞ്ഞുകൊണ്ട്‌ മന:പൂര്‍വ്വം വര്‍ഗീസിനെ ചുട്ടു കൊന്നതാണെന്ന്‌ റിപ്പോര്‍ട്ടില്‍ നിന്നു തന്നെ വ്യക്തമാണ്‌. പോലീസിണ്റ്റെ ഈ നിയമലംഘനത്തിനു മറ പിടിക്കാന്‍ നാണം കെട്ട്‌ പത്രക്കച്ചവടം നടത്തുന്ന മനോരമ കൂട്ടു നില്‍ക്കുകയുമാണ്‌. രാത്രി സംഘത്തില്‍പ്പെട്ട നാല്‌ പേര്‍ ചേര്‍ന്ന്‌ മാനന്തവാടിയില്‍ നിന്ന്‌ പതിനഞ്ച്‌ മെയില്‍ അകലെ കമ്പമലയില്‍വെച്ച്‌ പോലീസ്‌ പാര്‍ട്ടിയുടെ നേരെ രണ്ട്‌ പ്രാവശ്യം ബോംബേറ്‌ നടത്തിയ ശേഷം.....പോലീസ്‌ ആരംഭിച്ച അതിശക്തമായ തിരച്ചില്‍ അവസാനം വര്‍ഗീസിണ്റ്റെ മരണത്തിലാണ്‌ കലാശിച്ചതെന്നറിയുന്നു പോലും. യുദ്ധ സന്നാഹങ്ങളോടെ സിആര്‍ പിയും എംഎസ്പിയും ലോക്ക ല്‍ പോലീസും അടങ്ങിയ നൂറുകണക്കിനു ആളുകളുടെ നേരെ നാലു പേര്‍ ചേര്‍ന്ന്‌ രാത്രി ബോംബെറിഞ്ഞത്രേ. ബോം ബെറിഞ്ഞ ശേഷം അവര്‍ ഒരു നാടന്‍ തോക്ക്‌ കാട്ടില്‍ വലിച്ചെറിഞ്ഞതായും കഥ തുടരുന്നുണ്ട്‌. ബോംബെറിഞ്ഞിട്ടും തിരച്ചില്‍ നടത്തുന്ന നൂറു കണക്കിനു പോലീസുകാരില്‍ ഒരാള്‍ക്ക്‌ പോലും എന്തെങ്കിലും മുറിവോ പോറലോ ഏറ്റതായി സൂചന പോലുമില്ല. ബോംബ്‌ എറിഞ്ഞവര്‍ തോക്ക്‌ വലിച്ചെറിഞ്ഞെന്നാണ്‌ പറയുന്നത്‌. പിന്നീട്‌ ബോംബുകള്‍ ഡൈനാമിറ്റുകളായി എന്നാണറിവ്‌. എന്നിട്ടും വര്‍ഗീസിനെവെടിവെച്ചു കൊല്ലാതെ പിടിക്കാന്‍ സാധിക്കാത്ത പോലീസിനും മനോരമ സ്തുതി പാടുന്നു. രണ്ട്‌ ദിവസം കഴിഞ്ഞ്‌ വിശദവിവരങ്ങളുടെ റിപ്പോര്‍ട്ടാണ്‌ വരുന്നത്‌. എട്ടു ദിവസത്തെ തിരച്ചിലില്‍ കൊള്ളസംഘത്തിനേയും വര്‍ഗീസിനേയും പിടികൂടുന്നതില്‍ സിആര്‍പി പ്രകടിപ്പിച്ച ധീരത ശ്ളാഘനീയമായിരുന്നു എന്ന്‌ പോലീസിണ്റ്റെ അക്ഷീണയത്നം പത്രപ്രതിനിധികളോട്‌ വിവരിച്ച ഒരു ഉയര്‍ന്ന പോലീസ്‌ ഓഫീസര്‍ പറഞ്ഞു. ഘോരവനങ്ങളില്‍ ക്ഷീണമെന്തെന്ന്‌ അറിയാതെയും ജീവന്‍ അപകടപ്പെടുത്തിയും അവര്‍ നടത്തിയ അന്വേഷണം ആദ്യന്തം സാഹസികത്വം നിറഞ്ഞതായിരുന്നു. പോലീസ്‌ കൊള്ളസംഘത്തെ പിടിച്ചതായിട്ടൊന്നും അറിയുന്നില്ല. വര്‍ഗീസിനെ വെടിവെച്ചു കൊന്നു എന്നല്ലാതെ മറ്റാരെയെങ്കിലും അറസ്റ്റ്‌ ചെയ്തതായി പോലും കാണുന്നില്ല മറിച്ച്‌ വര്‍ഗീസിണ്റ്റെ സംഘത്തില്‍പ്പെട്ട ആറുപേര്‍ തിരുനെല്ലിക്കു വടക്ക്‌ കിഴക്കന്‍ പ്രദേശത്തുള്ള സാവലി റിസര്‍വ്‌ വനങ്ങളില്‍ രക്ഷപ്പെട്ടതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. നൂറുകണക്കിനു ആളുകളും യന്ത്രത്തോക്കും വേട്ടപ്പട്ടിയും വയര്‍ലസ്‌ സന്നാഹങ്ങളുമായി ചെന്ന്‌ ഒരു യുവാവിനെ വെടിവെച്ചു കൊന്ന ധീരതയെ ശ്ളാഘിക്കുവാന്‍ കേരളത്തിലെ പേരറിയാത്ത പോലീസ്‌ ഉദ്യോഗസ്ഥനും അതേറ്റുപാടാന്‍ മനോരമയും തന്നെ വേണം. ക്ഷീണമെന്തെന്നറിയാതെ ജീവന്‍ അപകടപ്പെടുത്തി ആദ്യന്തം സാഹസികത്വം നിറഞ്ഞ അന്വേഷണം നടത്തിയിട്ടും ആറുപേര്‍ രക്ഷപ്പെട്ടുവത്രേ. വടക്കന്‍പാട്ടുകളെ വെല്ലുന്ന വിധം പോലീസിന്‌ സ്തുതി എഴുതി പിടിപ്പിക്കുമ്പോള്‍ വൈരുദ്ധ്യങ്ങള്‍ കടന്നു കൂടാതിരിക്കാനെങ്കിലും ശ്രദ്ധിക്കാത്ത പത്രക്കാരോട്‌ ബുദ്ധിയുള്ള വായനക്കാര്‍ക്ക്‌ പുച്ഛം തോന്നാതിരിക്കുകയില്ല. ഒന്ന്‌ തീര്‍ച്ചയാണ്‌, സംശയം തോന്നുന്നവരെയെല്ലാം വെടിവെച്ചു കൊല്ലാന്‍ നേരത്തേ തന്നെ തയ്യാറെടുത്തു കൊണ്ടാണ്‌ പോലീസ്‌ വയനാട്ടില്‍ കടന്നിട്ടുള്ളത്‌. ഒന്നിനും കൊള്ളാത്ത ആ പേടിത്തൊണ്ടന്‍മാര്‍ നിഷ്ക്കളങ്കരായ കുറിച്ച്യരേയും ആദിവാസികളേയും കഠിനമായി മര്‍ദ്ദിച്ചിട്ടുണ്ട്‌. കീഴടങ്ങാന്‍ തയ്യാറായ വര്‍ഗീസിനെ വനത്തില്‍ വെച്ച്‌ വെടിവെച്ചു കൊന്നിട്ടുണ്ട്‌. ഇനിയും പലരേയും ചുട്ടു കൊല്ലാന്‍ തയാറെടുത്തിട്ടുണ്ട്‌. വര്‍ഗീസിണ്റ്റേയോ മറ്റാരുടേയെങ്കിലുമോ പേരില്‍ കൊലക്കുറ്റമോ കൊള്ളയോ കോടതിയില്‍ തെളിയിക്കാന്‍ സാധിക്കുകയില്ലെന്ന്‌ പോലീസിന്‌ അറിയാമായിരുന്നു. തലശ്ശേരി- പുല്‍പ്പള്ളി സ്റ്റേഷന്‍ ആക്രമണ കേസുകളിലെ അനുഭവം പോലീസ്‌ മേധാവികള്‍ക്ക്‌ അത്‌ മനസ്സിലാക്കിക്കൊടുത്തിരുന്നു. കേസിനൊന്നും പോകാതെ സ്വയം കണ്ടപാടെ ചുട്ടു കൊല്ലാന്‍ നിയമസമാധാന പാലകരായ പോലീസ്‌ മേധാവികള്‍ തീരുമാനിക്കുകയും ചെയ്തു. മുമ്പും തങ്ങളുടെ വീരസാഹസകഥകള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന മനോരമയേയും കൂട്ടരേയും സഹായത്തിനു കിട്ടുമെന്നും പോലീസിനു ഉറപ്പായിരുന്നു. തുടര്‍ക്കഥ വിറ്റ്‌ കാശാക്കാന്‍ അറിയുന്ന മനോരമയ്ക്ക്‌ അജിതയും മറ്റു പ്രതികളും കച്ചവടത്തിനു പറ്റിയ പ്രതികളായിരുന്നു. ഈ നാട്ടിലെ ഏതൊരു പെണ്‍കുട്ടിക്കും അര്‍ഹമായ മാന്യത നല്‍കാതെ പോലീസ്‌ സഹായത്തോടെ അജിതയെ ഉടുത്തിരുന്ന സാരി ഉരിഞ്ഞുമാറ്റി സ്റ്റൂളില്‍ കയറ്റി നിര്‍ത്തി തിരിച്ചും മറിച്ചും മനോരമ ഫോട്ടോ എടുത്തു പ്രചരിപ്പിച്ചു. വയനാട്ടിലെ നിരക്ഷരരും നിഷ്ക്കളങ്കരുമായ ആദിവാസികളുടെ മേല്‍ പോലീസ്‌ നടത്തിയ താണ്ഡവനൃത്തം ഊഹിക്കാവുന്നതേയുള്ളൂ. വര്‍ഗീസ്‌ കൂലി വര്‍ദ്ധനവിന്‌ വേണ്ടി നടത്തിയ സമരവും അതിണ്റ്റെ വിജയകരമായ പരിസമാപ്തിയും ഈ ആദിവാസികളില്‍ നിസ്സാരമായ ചലനമല്ല ഉണ്ടാക്കിയിട്ടുള്ളതെന്ന്‌ മനോരമയുടെ പ്രത്യേക ലേഖകന്‍ മുമ്പേ തന്നെ എഴുതിയിട്ടുള്ളതാണ്‌. ആദിവാസികളുടെ സഹായസഹകരണങ്ങള്‍ കൂടാതെ വര്‍ഗീസിന്‌ എന്നല്ല സാക്ഷാല്‍ ചെഗുവേരക്കു പോലും ഈ പ്രദേശങ്ങളില്‍ യാതൊന്നും ചെയ്യാനാവില്ല എന്ന കാര്യത്തില്‍ സംശയമില്ല. അപ്പോള്‍ വര്‍ഗീസിനെ പിടിക്കാന്‍ വേണ്ടി ആദിവാസികളുടെ നേരെ പോലീസ്‌ നടത്തിയിരിക്കുന്ന മര്‍ദ്ദനങ്ങള്‍ വിസ്തരിക്കേണ്ടതില്ല. പാവപ്പെട്ട സാധുക്കളെ പിടികൂടി ചോദ്യം ചെയ്തുവരുന്നതായി നേരത്തേ തന്നെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. മര്യാദക്ക്‌ സംസാരിക്കാന്‍ പോലും കഴിയാത്ത ആ നിഷ്ക്കളങ്കരില്‍ എത്രപേര്‍ വനത്തില്‍ പിടഞ്ഞു വീണു മരിച്ചിട്ടുണ്ടാകുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. പുരുഷന്‍മാര്‍ ഭയപ്പെട്ട്‌ ഓടി രക്ഷപ്പെട്ടിട്ടുള്ള ഭവനത്തില്‍ നിരാശ്രയരായി കഴിയുന്ന മാറുമറയ്ക്കാത്ത യുവതികളെ സിആര്‍പി എങ്ങനെ ചോദ്യം ചെയ്തുകാണുമെന്ന്‌ ഊഹിക്കാവുന്നതാണ്‌. അടുത്ത ഭാവിയില്‍ തന്നെ ആദിവാസി യുവതികള്‍ സിആര്‍പിക്കാരുടേയും എംഎസ്പിക്കാരുടേയും കുട്ടികളെ പ്രസവിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല. തലശ്ശേരി -പുല്‍പ്പള്ളി സ്റ്റേഷനുകള്‍ ആക്രമിച്ച കേസിലെ പ്രതികള്‍ക്കു വേണ്ടി ഡിഫന്‍സ്‌ കമ്മിറ്റികള്‍ സംഘടിപ്പിച്ച വലത്‌ കമ്മ്യൂണിസ്റ്റുകാരാണല്ലോ ഇപ്പോള്‍ ഭരിക്കുന്നത്‌. ആ കേസിലെ പ്രതികളെ ആരും വെടി വെച്ചു കൊന്നിരുന്നില്ല. ഏറ്റവും നല്ല ഡിഫന്‍സ്‌ വെടിവെച്ചു കൊല്ലലാണെന്നാണ്‌ ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ കണ്ടെത്തിയിരിക്കുന്നത്‌........... മാറു തുളച്ചു കടന്ന്‌ നട്ടെല്ല്‌ തകര്‍ന്ന്‌ വെടിയുണ്ട പാഞ്ഞു പോയിട്ടുണ്ടെങ്കില്‍ വളരെ അടുത്തുനിന്നാണ്‌ വെടിവെച്ചതെന്ന്‌ വ്യക്തം. പാറക്കെട്ടിനകത്ത്‌ വെച്ച്‌ പോലീസുമായി മരണക്കളിക്കു തന്നെ വര്‍ഗീസ്‌ തയ്യാറായി പോലും. മരണക്കളിക്ക്‌ തയ്യാറായ ആള്‍ തന്നെ എണ്റ്റമ്മോ എന്ന്‌ വിളിച്ച്‌ മരിച്ചതായും പറയുന്നു. പോലീസിനെ വെടി വയ്ക്കാന്‍ ഉപയോഗിച്ച തോക്കും, ഒരു തിരയും ഉറയിട്ട കഠാരിയും മൃതദേഹത്തിന്‌ സമീപത്ത്‌ കാണപ്പെട്ടുവത്രേ. വര്‍ഗീസിണ്റ്റെ കൈയിലുണ്ടായിരുന്ന കിറ്റ്ബാഗില്‍ ഒരു ടോര്‍ച്ചും സിഗരറ്റ്‌ ലൈറ്ററും മറ്റും ഉണ്ടായിരുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. ശ്രീധരന്‍ മാസ്റ്ററില്‍ നിന്ന്‌ പിടിച്ചെടുത്തു എന്നു കരുതുന്ന ടോര്‍ച്ചാണെന്ന്‌ തിരിച്ചറിഞ്ഞിട്ടു പോലും ഇതെല്ലാം പോലീസ്‌ കൊണ്ടിട്ടതാണെന്ന്‌ കാണാന്‍ വരികള്‍ക്കിടയില്‍ വായിച്ചു നോക്കേണ്ട ആവശ്യമില്ല. വര്‍ഗീസിനെ കൊല്ലുന്നതിന്‌ പോലീസ്‌ ന്യായീകരണം കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളാണിവ. മരണക്കളി നടത്തുന്ന ആള്‍ ഒരു കയ്യില്‍ ബാഗും വെച്ചുകൊണ്ടാണോ പോലീസിനെ വെടി വെക്കുന്നത്‌. പോലീസ്‌ പാര്‍ട്ടിയെ വെടിവെക്കാന്‍ ഉന്നം വെച്ചത്‌ കൊണ്ട്‌ ഒരു കണ്ണടച്ചും ഒരു കണ്ണ്‌ തുറന്നും ഇരുന്നുവെന്നാണ്‌ കഥ. വെടി കൊണ്ട്‌ മരിച്ചിട്ടും ഉന്നം നോക്കിയ കണ്ണുകള്‍ അതേപടി ഇരിക്കുന്നു. പക്ഷേ ഉന്നം പിടിച്ച തോക്ക്‌ പിടിവിട്ട്‌ അല്‍പം ദൂരത്തിലായിപ്പോയി. പാറക്കെട്ടിനകത്ത്‌ ഇരിക്കുന്ന ആള്‍ ഒട്ടും മറഞ്ഞു നില്‍ക്കാതെ പോലീസ്‌ സംഘത്തിണ്റ്റെ നേരെ വന്നു നിന്നാണോ വെടി വെക്കുന്നത്‌. നേരെ വന്നതല്ലായിരുന്നെങ്കില്‍ പിന്നെ മാറില്‍തന്നെ വെടിയുണ്ട തുളച്ചു കയറുമോ? വര്‍ഗീസ്‌ അവസാനം കീഴടങ്ങാന്‍ വരുമ്പോള്‍ പോലീസ്‌ ചുട്ടു കൊന്നതായിരിക്കുമോ? അതോ ആദിവാസി കുടിലുകളില്‍ ഒളിച്ചിരുന്ന വര്‍ഗീസിനെ പിടിച്ച്‌ വനത്തില്‍ കൊണ്ടുചെന്ന്‌ നിര്‍ത്തി നേരെ വെടിവെച്ച്‌ കൊന്ന്‌ ബാഗും തോക്കും കൊണ്ടിട്ടതാണോ? എങ്ങനെയായാലും ശരി വര്‍ഗീസിനെ പോലീസ്‌ മന:പൂര്‍വ്വം ചുട്ടു കൊന്നതാണ്‌. കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന ഒരാളെ നൂറുകണക്കിന്‌ പോലീസുകാര്‍ സന്നാഹങ്ങളോടെ ചെന്ന്‌ ചുട്ടു കൊല്ലുന്നതാണോ നീതിന്യായം? അതോ കോടതിയില്‍ കൊണ്ടു പോയി തെളിവുകള്‍ ഹാജരാക്കി കുറ്റം തെളിയിച്ച്‌ ശിക്ഷിക്കപ്പെടുന്നതോ? പോലീസും മനോരമയും എത്ര പറഞ്ഞാലും ശരി വര്‍ഗീസ്‌ കുറ്റവാളിയാണെന്ന്‌ വിധി എഴുതുവാനുള്ള അധികാരം അവര്‍ക്കില്ല. പോലീസ്‌ ആത്മരക്ഷാര്‍ത്ഥം വെടിവെച്ചതാണെന്നു പോലും സ്ഥാപിക്കാന്‍ കള്ളക്കഥകള്‍ക്ക്‌ കഴിയുന്നില്ല. മനോരമയുടെ സൃഷ്ടിയില്‍ ഈ രാജ്യത്തെ പൌരണ്റ്റെ ജീവന്‌ വിലയില്ലായിരിക്കും................

No comments:

Post a Comment