Total Pageviews

Wednesday, December 29, 2010

കുടുംബവാഴ്ചയുടെ വേരുകള്‍

ഭാരതത്തിലെ രാഷ്ട്രീ യ രംഗത്ത്‌ കുടുംബ വാഴ്ച അലിഖിത നിയമമായിരിക്കുന്നു. രാഷ്ട്രീയാധികാരം പൈതൃക സ്വത്തു പോലെ കുടുംബാംഗങ്ങള്‍ക്ക്‌ കൈമാറുന്നതില്‍ ജനപ്രതിനിധികള്‍ ഇപ്പോള്‍ ഒന്നിനൊന്നു മത്സരിക്കുകയാണ്‌. പഞ്ചായത്ത്‌ അംഗം മുതല്‍ പാര്‍ളിമെണ്റ്റ്‌ അംഗം വരെയും പ്രധാനമന്ത്രി മുതല്‍ മുഖ്യമന്ത്രി വരേയും ഇതാണ്‌ സ്ഥിതി. ഒരു മറയും കൂടാതെ തണ്റ്റെ മകന്‍ സഞ്ജയ്‌ ഗാന്ധിയെ കോണ്‍ഗ്രസ്സ്‌ നേതാവായി വാഴിച്ച ഇന്ദിരാഗാന്ധിയാണ്‌ കുടുംബവാഴചക്ക്‌ മാന്യത നല്‍കിയതിണ്റ്റെ ഏറ്റവും ഹീനമായ മാതൃക. ജവഹര്‍ലാല്‍ നെഹ്രുവിണ്റ്റെ മകള്‍ ആയതു കൊണ്ട്‌ ആദ്യം കോണ്‍ഗ്രസ്സ്‌ പ്രസിഡന്‍ും പിന്നീട്‌ പ്രധാന മന്ത്രിയും ആയ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥയില്‍ സേവ പിടുത്തവും സ്തുതി പാടലും കോണ്‍ഗ്രസ്സ്‌ രാഷ്ട്രീയത്തിലെ യോഗ്യതാ നിര്‍ണ്ണയത്തിണ്റ്റെ മാനദണ്ഡമാക്കി. ഏറ്റവും ഒടുവില്‍ പിസിസി പ്രസിഡണ്റ്റുമാരെ നിയമിക്കാനുള്ള അധികാരം കൂടി സോണിയാഗാന്ധിയെ ഏല്‍പ്പിച്ചിരിക്കുകയാണ്‌ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍. അടിയന്തിരാവസ്ഥയില്‍ തണ്റ്റെ രണ്ടാമത്തെ മകന്‍ സഞ്ജയ്‌ ഗാന്ധിയെ പിന്തുടര്‍ച്ചാവകാശിയായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വാഴിച്ചയവസരത്തില്‍ പ്രസിദ്ധീകരിച്ച ലഘുലേഖയിലെ പ്രസക്ത ഭാഗങ്ങള്‍ ആണ്‌ ഇത്തവണ എഴുതാപ്പുറത്തി ല്‍ പ്രസിദ്ധീകരിക്കുന്നത്‌. ഇന്ദിരയുടെ അടിയന്തിരം എന്ന പരമ്പരയില്‍ കോണ്‍ഗ്രസ്സ്‌ പരിവര്‍ത്തനവാദികള്‍ രഹസ്യമായി അച്ചടിച്ചു വിതരണം ചെയ്തതാണ്‌. സഞ്ജയണ്റ്റെ വരവ്‌എന്ന പേരിലുള്ള ഈ ലഘുലേഖ. കെപിഎ അസ്സീസ്‌, എന്ന പേരില്‍ ലഘുലേഖ എഴുതിയത്‌ മുനിയാണ്‌. പോലീസിണ്റ്റെ മര്‍ദ്ദനത്തില്‍ നിന്നു പരിവര്‍ത്തനവാദി പ്രവര്‍ത്തകരെ രക്ഷിക്കുന്നതിനു വേണ്ടി അവരാരും ഇല്ലാതിരുന്ന മഞ്ചേരിയുടെ മേല്‍വിലാസം ആണ്‌ നല്‍കിയത്‌. നവംബര്‍ ൧൪നു ജവഹര്‍ലാല്‍ നെഹ്രുവിണ്റ്റേയും നവംബര്‍ ൧൭നു ഇന്ദിരാഗാന്ധിയുടേയും ജന്‍മദിനം ആഘോഷിക്കുമ്പോള്‍ ഭാരത രാഷ്ട്രീയത്തില്‍ കുടുംബവാഴ്ചയും സേവ പിടുത്തവും സുസ്ഥാപിതമായത്‌ എങ്ങനെയെന്ന്‌ കൂടി അറിയുന്നത്‌ നന്നായിരിക്കും. വിമാനം വീണ്‌ സഞ്ജയ്‌ ഗാന്ധി അന്തരിക്കുകയും ഇന്ധിരാ ഗാന്ധി വെടിയേറ്റ്‌ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ അന്നത്തെ രാഷ്ട്രപതി സെയില്‍ സിങ്ങ്‌ തെറ്റായ കീഴ്‌ വഴക്കം സൃഷ്ടിച്ച്‌ കൊണ്ട്‌, രാജീവ്‌ ഗാന്ധിയെ പ്രധാന മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ക്ഷണിക്കുകയാണ്‌ ചെയ്തത്‌. പിന്നീട്‌ സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ്സ്‌ പ്രസിഡണ്റ്റാക്കി. പ്രധാനമന്ത്രിയെ നിയോഗിക്കാനുള്ള അധികാരവും നല്‍കി. ഇപ്പോഴത്തെ സ്ഥിതി അമ്മ കോണ്‍ഗ്രസ്സ്‌ പ്രസിഡണ്റ്റും മകന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയും ആകുമെന്നാണ്‌. അച്ഛന്‍ പ്രധാനമന്ത്രിയും അമ്മ കോണ്‍ഗ്രസ്സ്‌ പ്രസിഡണ്റ്റുമായ പഴയ കഥ മാധ്യമങ്ങളുടെ മധുര സ്മരണയാകും. ദേശീയ നേതാക്കളുടെ പേരിണ്റ്റെ വില കെടുത്തും വിധം വിവേചനം കൂടാതെ ഇന്ദിരാഗാന്ധിയുടേയും രാജീവ്‌ ഗാന്ധിയുടേയും പേരില്‍ പദ്ധതികള്‍ ആരംഭിക്കരുതെന്നു മന്ത്രിസഭാസെക്രട്ടറി കെ എം ചന്ദ്രശേഖര്‍ മന്ത്രിമാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തയുണ്ടായിരുന്നു. ൨൦൧൦ ഒക്ടോബര്‍ ൬നു നല്‍കിയ നിര്‍ദ്ദേശം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിണ്റ്റേയും കോണ്‍ഗ്രസ്സ്‌ അധ്യക്ഷ സോണിയാഗാന്ധിയുടേയും ആശീര്‍വാദത്തോടെയാണ്‌ നല്‍കിയതെന്നാണ്‌ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ പ്രചരിപ്പിച്ചത്‌. പ്രധാനമന്ത്രിയുടെ ഓഫീസിണ്റ്റെ അനുമതിയില്ലാതെ ഇങ്ങനെ കോണ്‍ഗ്രസ്സിണ്റ്റെ ജനകീയബ്രാന്‍ഡുകള്‍ ഉപയോഗിച്ച്‌ പദ്ധതികള്‍ക്ക്‌ പേരിടരുതെന്ന്‌ നിര്‍ദ്ദേശിച്ചുവെന്നായിരുന്നു വാര്‍ത്ത. പക്ഷേ ആയിരം കോടി രൂപയുടെ മാതൃത്വസഹയോഗ പദ്ധതി ഇന്ദിരാ ഗാന്ധിയുടെ പേരില്‍ ആണ്‌ ആരംഭിച്ചിരിക്കുന്നത്‌ പ്രസവാനുകൂല്യങ്ങള്‍ നല്‍കുന്നതിനും പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ക്ഷേമപരിപാടിക്ക്‌ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയാണ്‌ കാബിനറ്റ്‌ സെക്രട്ടറിയുടെ നിര്‍ദ്ദേശമുണ്ടായി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും, അംഗീകാരം നല്‍കിയത്‌. പൊതുച്ചെലവില്‍ സേവ പിടുത്തത്തിണ്റ്റെ വേരോട്ടം തുടരുന്നു. എപ്പോഴെപ്പോള്‍ രാജ്യത്ത്‌ പ്രതിസന്ധിയുണ്ടാകുന്നുവോ, അപ്പോഴപ്പോള്‍ അയാള്‍ രാഷ്ട്രീയത്തില്‍ അവതരിക്കുമത്രെ- കുരുക്ഷേത്രത്തില്‍ സഞ്ജയന്‍ കേട്ട ഗീതാവാക്യമല്ല ഇത്‌. സഞ്ജയ്ഗാന്ധി നല്‍കി യ മുന്നറിയിപ്പാണ്‌. ൧൯൭൧ലാണ്‌ ഞാന്‍ ആദ്യമായി രാഷ്ട്രീയത്തില്‍ ഉള്‍പ്പെട്ടത്‌. ആ സമയത്ത്‌ രാജ്യത്ത്‌ ഒരു പ്രതിസന്ധിയുണ്ടായിരുന്നു......... തെരഞ്ഞെടുപ്പിനുശേഷം സംഗതികള്‍ ശാന്തമായി. ഞാന്‍ എണ്റ്റെ കാറുണ്ടാക്കാന്‍ മടങ്ങിപ്പോവുകയും ചെയ്തു. (സഞ്ജയ്‌ ഗാന്ധിയുമായുള്ള അഭിമുഖസംഭാഷണത്തിണ്റ്റെ റിപ്പോര്‍ട്ട്‌- ഇല്ലസ്ട്രേറ്റഡ്‌ വീക്കിലി, ജനുവരി ൨൫, ൧൯൭൬)മാരുതിഫെയിം സഞ്ജയ്ഗാന്ധി വീണ്ടും രാഷ്ട്രീയത്തില്‍ വന്നത്‌ ൧൯൭൫ ജൂണിലാണ്‌. അയാള്‍ പറയുന്നത്‌ കേള്‍ക്കൂ. ൧൯൭൫ ജൂണ്‍ ൧൨ന്‌ വീണ്ടും ഒരു പ്രതിസന്ധിയുണ്ടായി. അത്‌ പ്രധാനമന്ത്രിയുടെ പ്രശ്നമായിരുന്നില്ല. രാജ്യത്തിണ്റ്റെ പ്രശ്നമായിരുന്നു...................സംഗതികള്‍ തുടര്‍ന്നു പോയാല്‍ രാജ്യത്ത്‌ കുഴപ്പമുണ്ടാകുമായിരുന്നു. രാജ്യം ശിഥിലമായാലും വേണ്ടില്ല, പ്രതിപക്ഷത്തിന്‌ അങ്ങനെ നടക്കണമെന്നായിരുന്നു ആഗ്രഹം. ഭാഗ്യവശാല്‍ അടിയന്തിരാവസ്ഥ ഈ സ്ഥിതിയില്‍ നിന്നും രാജ്യത്തെ രക്ഷിച്ചു. പ്രതിസന്ധി ഇനിയും അവസാനിച്ചിട്ടില്ല. അപ്പോള്‍, സഞ്ജയ്ഗാന്ധി പറയുന്നത്‌ ൧൯൭൫ ജൂണ്‍ ൧൨ന്‌ രാജ്യത്ത്‌ രണ്ടാമത്തെ പ്രതിസന്ധിയുണ്ടായിയെന്നാണ്‌. അതായത്‌ പ്രധാനമന്ത്രി ഇന്ദിരയുടെ തെരഞ്ഞെടുപ്പ്‌ അലഹബാദ്‌ ഹൈക്കോടതി റദ്ദാക്കിയതും ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജനതാമുന്നണിക്ക്‌ ഭൂരിപക്ഷം ലഭിച്ചതുമാണ്‌ പ്രതിസന്ധിക്കു കാരണം. ജയപ്രകാശ്‌ നാരായണണ്റ്റെ നേതൃത്വത്തില്‍ അതിനു മുമ്പ്‌ ഒരു വര്‍ഷത്തോളം നടന്ന പ്രക്ഷോഭമോ, സാമ്പത്തിക കുഴപ്പമോ,യുദ്ധമോ,ക്ഷാമമോ ഒന്നും അയാളെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയുണ്ടാക്കുന്നില്ല. ബീഹാറിലേയും ഗുജറാത്തിലേയും വരള്‍ച്ചയോ, ബംഗ്ളാദേശ്‌ യുദ്ധമോ, അതിര്‍ത്തി സംഘട്ടനങ്ങളോ അയാള്‍ക്ക്‌ പ്രശ്നമല്ല. തണ്റ്റെ അമ്മ തന്നെ പ്രധാനമന്ത്രിയായി തുടരുന്നതിന്‌ വല്ല ഭീഷണിയും ഉണ്ടായാല്‍ അത്‌ അയാളെ സംബന്ധിച്ച്‌ രാജ്യം നേരിടുന്ന പ്രതിസന്ധിയാകും. ൧൯൭൧ല്‍ ലോകസഭയിലേക്ക്‌ തെരഞ്ഞെടുപ്പുണ്ടായപ്പോള്‍ കോണ്‍ഗ്രസ്സിനു ഭൂരിപക്ഷം കിട്ടുകയും അമ്മ തന്നെ പ്രധാനമന്ത്രിയായിത്തീരുകയും ചെയ്യുമോ എന്ന്‌ അയാള്‍ ആശങ്കിച്ചു. അതാണ്‌ ആദ്യത്തെ പ്രതിസന്ധി. ൧൯൭൫ ജൂണില്‍ കോടതി വിധിയെ തുടര്‍ന്ന്‌ പ്രധാനമന്ത്രി സ്ഥാനത്ത്‌ നിന്നു അമ്മക്ക്‌ മാറേണ്ടിവരുമോ എന്നു വീണ്ടും ആശങ്കയുണ്ടായി. അതാണ്‌ അമ്മയുടെ രണ്ടാമത്തെ പ്രതിസന്ധി. രാഷ്ട്രീയത്തെപ്പറ്റി ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത ഒരുത്തണ്റ്റെ പിച്ചും പേയും പറച്ചില്‍ എന്നു കരുതി ഇതെല്ലാം തള്ളിക്കളയാമായിരുന്നു. പക്ഷേ, അയാള്‍ രാഷ്ട്രീയത്തില്‍ രണ്ടാമത്‌ അവതരിച്ചിരിക്കുന്നത്‌ തിരിച്ചു പോകാന്‍ ഉദ്ദേശിച്ചിട്ടല്ല. സഞ്ജയ്‌ ഗാന്ധി ഇന്നു മാരുതി കമ്പനിയുടെ മാനേജിങ്ങ്‌ ഡയറക്ടറായിട്ടല്ലാ വിശേഷിപ്പിക്കപ്പെടുന്നത്‌- യൂത്ത്‌ കോണ്‍ഗ്രസ്സ്‌ നേതാവായിട്ടാണ്‌- അമ്മയുടെ മാര്‍ഗ്ഗത്തില്‍ തന്നെ മകനും-നെഹ്രു കുടുംബത്തിലെ നാലാം തലമുറക്കാരന്‌ ജനങ്ങളുടെ തലക്ക്‌ മുകളില്‍ കയറി തേര്‍വാഴ്ച നടത്താനാണ്‌ മോഹം. മകന്‍ രാഷ്ട്രീയ രംഗത്ത്‌ കടന്നു വരുന്നതിനെപ്പറ്റി അമ്മ പറയുന്നത്‌ കേള്‍ക്കുമ്പോള്‍നമ്മുടെ സംശയം ഒന്നു കൂടെ ഉറക്കുകയാണ്‌. ബിബിസി ടെലിവിഷനില്‍ ആണ്റ്റണി മേയറോട്‌ സംസാരിച്ചു കൊണ്ട്‌ ഇന്ദിരാഗാന്ധി പറഞ്ഞു. എണ്റ്റെ കുട്ടികള്‍ രാഷ്ട്രീയത്തില്‍ വരാതിരിക്കണമെന്നാണ്‌ എണ്റ്റെ ആഗ്രഹം. പക്ഷേ അവസാനമായി ഒരാള്‍ക്ക്‌ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനേ നിങ്ങളെക്കൊണ്ടാകൂ. ഒരു വ്യക്തിയാകട്ടെ- സ്ഥാപനം പോലും ആയിക്കൊള്ളട്ടെ, സ്വന്തം മാര്‍ഗ്ഗത്തിലൂടെ ആണ്‌ വളരുന്നത്‌. നിങ്ങള്‍ക്ക്‌ ബലം പ്രയോഗിച്ച്‌ മാറ്റാനാവില്ല. (സമാചാര്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യ, ഏപ്രില്‍ ൨, ൧൯൭൬)പ്രധാനമന്ത്രിയുടെ ഈ തത്വോപദേശം മുമ്പ്‌ എവിടെയോ കേട്ടിട്ടുള്ളതു പോലെ തോന്നുന്നില്ലേ? ഇന്ദിര രാഷ്ട്രീയത്തിലേക്ക്‌ വന്നപ്പോള്‍ അന്നത്തെ അച്ഛന്‍ പ്രധാനമന്ത്രി ജവഹര്‍ലാലും ഏതാണ്ടിങ്ങനെ തന്നെയാണ്‌ പറഞ്ഞത്‌. ഇന്ദിരയെ കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തപ്പോള്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ ഒരു അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞു. തത്വത്തില്‍ രാജ്യത്തിന്‌ നല്ലതല്ലാത്തകാര്യം( നെഹ്രു- ദി ഇയേഴ്സ്‌ ഓഫ്‌ പവര്‍ എന്ന പുസ്തകത്തില്‍ വിന്‍സെണ്റ്റ്‌ ഷീന്‍ ഉദ്ധരിക്കുന്നത്‌-പേജ്‌ ൨൫൧)അദ്ദേഹത്തിന്‌ തത്വദീക്ഷ ഇല്ലാത്തതു കൊണ്ടായിരിക്കണം, ജവഹര്‍ലാല്‍ പ്രധാനമന്ത്രി ആയിരിക്കെത്തന്നെ മകള്‍ ഇന്ദിര കോണ്‍ഗ്രസ്സ്‌ പ്രസിഡണ്റ്റായി- അതിനു മുമ്പേ തന്നെ ഇന്ദിരയെ രാഷ്ട്രീയത്തില്‍ പൊക്കിക്കൊണ്ടു വരാന്‍ ജവഹര്‍ലാല്‍ തന്ത്രപൂര്‍വ്വം അടവുകള്‍ പയറ്റുന്നുണ്ടായിരുന്നു. മകന്‍ രാഷ്ട്രീയത്തില്‍ വരുന്നത്‌ ഇഷ്ടമില്ലെന്ന്‌ പറയുമ്പോള്‍ തന്നെ മകനെ രാഷ്ട്രീയ നേതാവാക്കുന്ന പ്രധാനമന്ത്രിയായ അമ്മ-മകള്‍ കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷയാകുന്നത്‌ തത്വത്തില്‍ നല്ലതെന്നു പറയുമ്പോള്‍ തന്നെ മകളെ കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷയാക്കുന്ന പ്രധാനമന്ത്രിയായ അച്ഛന്‍. വിവേചനാ ശീലമുള്ളവര്‍ ഇന്ദിരയുടെ അച്ഛന്‍ പയറ്റിയ അടവുകള്‍ മുമ്പേ തന്നെ മനസ്സിലാക്കുന്നുണ്ടായിരുന്നു. ഇന്ദിര- വാനരസേനക്കു ശേഷം യൂത്ത്‌ കോണ്‍ഗ്രസ്സ്‌ വര്‍ക്കിങ്ങ്‌ കമ്മിറ്റിയില്‍ കടന്നു കൂടി-പിന്നീട്‌ കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷയായി; രാജ്യ സഭാംഗമായി; മന്ത്രിയായി; പ്രധാമന്ത്രിയായി. അമ്മക്കും മകനും വാനരന്‍മാരോട്‌ ചെറുപ്പത്തില്‍ തന്നെ എന്തോ മമതയുള്ളത്‌ പോലെ തോന്നുന്നു. വാനരനേതാവായ മാരുതിയിലൂടെയാണ്‌ സഞ്ജയനും അറിയപ്പെട്ടു തുടങ്ങിയത്‌. പിന്നീട്‌ അയാള്‍ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ ദേശീയ സമിതി അംഗമായി കഴിഞ്ഞു. ഇനിയങ്ങോട്ട്‌ അമ്മയുടെ മാര്‍ഗ്ഗത്തില്‍ തന്നെയാകുകയില്ലേ മകണ്റ്റേയും സഞ്ചാരം?മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനല്ലാതെ ബലപ്രയോഗത്തിന്‌ പറ്റില്ലല്ലോ എന്നു ചോദിക്കുന്ന ഇന്ദിര അറിയാതെയാണ്‌ സഞ്ജയന്‍ രാഷ്ട്രീയ നേതാവാകുന്നതെന്ന്‌ മാലോകര്‍ വിശ്വസിക്കണം പോലും-സഞ്ജയന്‍ സഞ്ചരിക്കുമ്പോള്‍ മന്ത്രിമാര്‍ അകമ്പടി സേവിക്കുന്നു. വിമാനത്താവളങ്ങളില്‍ പ്രദേശ്‌ കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷന്‍മാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും സന്നിഹിതരായി മാലയിട്ട്‌ സ്വാഗതം ചെയ്യുന്നു.സഞ്ജയന്‍ കഴിഞ്ഞ സെപ്റ്റംബര്‍ ൨൦നും ൨൧നും ബീഹാറിലാണ്‌ സഞ്ചരിച്ചത്‌. സര്‍ക്കാര്‍ വിമാനത്തില്‍ അയാള്‍ നടത്തിയ യാത്രയുടെ റണ്ണിങ്ങ്‌ കമണ്റ്ററിയാണ്‌ റേഡിയോ പ്രക്ഷേപണം ചെയ്തത്‌. അയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുടെ യോഗം വിളിച്ചു കൂട്ടി വെള്ളപ്പൊക്ക നിയന്ത്രണം സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കിയത്രേ. അയാളുടെ വരവു പ്രമാണിച്ച്‌ പത്രങ്ങള്‍ സപ്ളിമെണ്റ്റുകള്‍ പ്രസിദ്ധീകരിച്ചു പോലും! അയാള്‍ ബുദ്ധിജീവികളുടെ യോഗം ബോംബെയില്‍ വിളിച്ചു കൂട്ടി ചര്‍ച്ചകള്‍ നടത്തിയല്ലോ- ആന്ധ്രയില്‍ സര്‍വ്വകലാശാലയിലെ പുതിയ പരീക്ഷണശാലയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചതും അയാളെന്നറിഞ്ഞാലും- എന്നുതന്നെയല്ല, അയാളുടെ പത്നി മേനക അവിടത്തെ വനിതാ ഹോസ്റ്റലും ഉല്‍ഘാടനം ചെയ്തു പോല്‍. കേരളത്തില്‍ ഐഎന്‍ടിയുസി സമ്മേളനം ഉല്‍ഘാടനം ചെയ്യാന്‍ അയാളത്രെ ആഗതനാകുന്നത്‌. ഈ ഘോഷങ്ങളെല്ലാം പ്രധാനമന്ത്രിയും അറിയാതെയാണ്‌ നടക്കുന്നതെന്ന്‌ വിശ്വസിക്കാന്‍ യൂത്ത്‌ കോണ്‍ഗ്രസുകാരിലെ മൂഢന്‍മാര്‍ പോലും ഉണ്ടാകുകയില്ല. പ്രധാനമന്ത്രിയുടെ താല്‍പര്യത്തിനനുസരിച്ച്‌ ബോധപൂര്‍വ്വം കിരീടധാരണത്തിനു നടത്തുന്ന തയ്യാറെടുപ്പാണിത്‌. ഇന്ദിരയുടെ കാര്യത്തിലും സംഭവിച്ചത്‌ അതു തന്നെയാണ്‌. ജവഹര്‍ലാല്‍ നെഹ്രുവും ഞനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നാണ്‌ ജപിച്ചത്‌. പത്രലേഖകനും ഗ്രന്ഥകാരനുമായ ദുര്‍ഗ്ഗദാസ്‌ ആ കഥ വിവരിച്ചിട്ടുണ്ട്‌. (ഇന്ത്യ ഫ്രം കേഴ്സല്‍ ടു നെഹ്‌റു ആണ്റ്റ്‌ ആഫ്ടര്‍-ദുര്‍ഗ്ഗാദാസ്‌-രൂപാ പേപ്പര്‍ ബാക്ക്‌ പേജ്‌ ൩൭൦, ൩൭൧, ൩൭൨) ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ്സ്‌ വര്‍ക്കിങ്ങ്‌ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുത്തപ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസ്‌(ജൂണ്‍ ൧൮, ൧൯൫൭) പത്രത്തില്‍ ദുര്‍ഗ്ഗാദാസ്‌ തണ്റ്റെ പംക്തിയില്‍ നെഹ്‌റുവിണ്റ്റെ പിന്തുടര്‍ച്ചാവകാശ പദ്ധതിയെക്കുറിച്ച്‌ എഴുതിയിരുന്നു. അന്ന്‌ ദുര്‍ഗ്ഗാദാസിനെ വിളിപ്പിച്ച്‌ ജവഹര്‍ലാല്‍ പറഞ്ഞത്‌ സര്‍ദാര്‍ പട്ടേലിണ്റ്റെ മകള്‍ മണിബെന്‍ പട്ടേലിനെ വര്‍ക്കിങ്ങ്‌ കമ്മിറ്റിയില്‍ മുമ്പ്‌ എടുത്തിട്ടുണ്ട്‌ എന്നാണ്‌. ൧൯൨൦ മുതല്‍ക്കു തന്നെ തുടര്‍ച്ചയായി സജീവ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകയായ മണിബെന്നിനെ വര്‍ക്കിങ്ങ്‌ കമ്മിറ്റിയില്‍ എടുക്കുന്നതില്‍ ആര്‍ക്കും ആക്ഷേപമുണ്ടാകുകയില്ലെന്നും രാഷ്ട്രീയത്തില്‍ വലിയ പാരമ്പര്യമൊന്നുമില്ലാത്ത ഇന്ദിരയുടെ സ്ഥിതി അതല്ലെന്നും ദുര്‍ഗ്ഗാദാസ്‌ മറുപടി പറഞ്ഞു. നെഹ്‌റുവിന്‌ ശുണ്ഠി വന്നെങ്കിലും താന്‍ നല്‍കിയ പ്രസിദ്ധീകരണം മകളുടെ ഉയര്‍ച്ചക്ക്‌ സഹായകരമായിത്തീരുകയേ ഉള്ളൂവെന്നു പറഞ്ഞപ്പോള്‍ നെഹ്‌റു ശാന്തനായി എന്നാണ്‌ ദുര്‍ഗ്ഗാദാസ്‌ എഴുതുന്നത്‌. ഇന്ദിര കോണ്‍ഗ്രസ്സ്‌ പ്രസിഡണ്റ്റായതും നെഹ്‌റുവിണ്റ്റെ ഇംഗിതം അനുസരിച്ചു തന്നെയാണെന്നതിന്‌ തെളിവുണ്ട്‌. നിജലിംഗപ്പയെ കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ടാക്കാന്‍ മറ്റു നേതാക്കള്‍ ചേര്‍ന്ന്‌ നിശ്ചയിച്ചിരുന്ന സന്ദര്‍ഭത്തിലാണ്‌ പെട്ടെന്ന്‌ അന്നത്തെ പ്രസിഡണ്റ്റ്‌ യുഎന്‍ ധേബാര്‍ കോണ്‍ഗ്രസ്സ്‌ വര്‍ക്കിങ്ങ്‌ കമ്മറ്റി യോഗം വിളിച്ച്‌ കൂട്ടിയത്‌. പുതിയ പ്രസിഡണ്റ്റായി ഇന്ദിരയുടെ പേര്‍ ലാല്‍ബഹദൂര്‍ശാസ്ത്രിയാണ്‌ നിര്‍ദ്ദേശിച്ചത്‌. അപ്പോള്‍ ഇന്ദിരയുടെ ആരോഗ്യസ്ഥിതിയില്‍ ഗോവിന്ദവല്ലഭപാന്ത്‌ സംശയം പ്രകടിപ്പിച്ചു. ഉടനെ തന്നെ നെഹ്‌റു ഇടയില്‍ കയറി പറഞ്ഞു. ഇന്ദുവിണ്റ്റെ ആരോഗ്യത്തിന്‌ തകരാറൊന്നുമില്ല അതോടെ എല്ലാവര്‍ക്കും കാര്യം വ്യക്തമായി എന്നു ദുര്‍ഗ്ഗാദാസ്‌ പറയുന്നു. പിന്നീടൊരിക്കല്‍ ബ്ളിറ്റ്സ്‌ പത്രാധിപര്‍ കരഞ്ചിയ ജവഹര്‍ലാല്‍ നെഹ്‌റുവിനോടു ചോദിക്കുകയുണ്ടായി. അപ്പോള്‍, താങ്കളുടെ മകള്‍ രാഷ്ട്രീയത്തിലോ സര്‍ക്കാരിലോ പ്രധാന പങ്ക്‌ വല്ലതും വഹിക്കാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല, അല്ലേ? നെഹ്‌റുവിണ്റ്റെ മറുപടി ശ്രദ്ധിക്കേണ്ടതാണ്‌. തീര്‍ച്ചയായും ഇല്ല,നെഹ്‌റു മറുപടി പറഞ്ഞു. എനിക്ക്‌ അതിന്‌ എങ്ങനെ കഴിയും?..... ഞാന്‍ അവരെ എന്തിനെങ്കിലും സജ്ജമാക്കുന്നില്ല. ജനങ്ങളോ രാജ്യമോ ആഗ്രഹിക്കുന്ന ഏതെങ്കിലും ചുമതല അവര്‍ ഏറ്റെടുക്കുന്നത്‌ തടയാനും ഉദ്ദേശിക്കുന്നില്ല. (ഇന്ദിരാഗാന്ധി-റിട്ടേണ്‍ ഓഫ്‌ ദി റെഡ്ഡ്‌ റോസ്‌ എന്ന പുസ്തകത്തില്‍ കെ എ അബ്ബാസ്‌ ഉദ്ധരിച്ചിരിക്കുന്നത്‌ ഓറിയണ്റ്റ്‌ പേപ്പര്‍ ബാക്ക്സ്‌, പേജ്‌ ൨൨)ജനങ്ങളും രാജ്യവും എന്തു ചെയ്യണം, ആരെ തെരഞ്ഞെടുക്കണം എന്നതിനെപ്പറ്റിയൊക്കെ ജവഹര്‍ലാല്‍ മറ്റു പലപ്പോഴും വാതോരാതെ പ്രസംഗിച്ചു നടന്നിട്ടുണ്ട്‌. എന്നാല്‍ ഇന്ദിരയുടെ കാര്യത്തില്‍ അദ്ദേഹം ബോധപൂര്‍വ്വം തന്നെ മൌനം കൈക്കൊണ്ടു. ഈ മൌനം സമ്മതലക്ഷണം മാത്രമായിരുന്നില്ല. ഇന്ദിരയുടെ മാര്‍ഗം സുഗമമാക്കാനുള്ള മറ്റൊരു അടവു കൂടി ജവഹര്‍ ലാല്‍ നെഹ്‌റു പയറ്റിക്കൊണ്ടിരുന്നു. രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വരുന്ന നേതാക്കളോട്‌ അവയെപ്പറ്റി ഇന്ദുവിനോട്‌ സംസാരിക്കാന്‍ ജവഹര്‍ലാല്‍ നിര്‍ദ്ദേശിച്ചിരുന്നു. ആദ്യമൊക്കെ പല പ്രമുഖ നേതാക്കളും ഇതിഷ്ടപ്പെട്ടിരുന്നില്ല. (ലാല്‍ബഹദൂറ്‍ ശാസ്ത്രി മാത്രം നെഹ്‌റുവിണ്റ്റെ ഇച്ഛയെന്തെന്ന്‌ നേരത്തെ മനസ്സിലാക്കിയിരുന്നു)പിന്നീട്‌ അവരും ഇന്ദുവിനെ മുഖം കാണിക്കാന്‍ ചെന്നു തുടങ്ങി. ഇന്ന്‌ ഇന്ദിരാഗാന്ധിയും അതേ അടവു തന്നെ പയറ്റുന്നുണ്ട്‌. രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചെല്ലുന്ന മുഖ്യമന്ത്രിമാരോടും നേതാക്കളോടും സഞ്ജയ്ഗാന്ധിയെ കണ്ടു സംസാരിക്കാനാണ്‌ അവര്‍ ആവശ്യപ്പെടുന്നത്‌. പണ്ട്‌ ജവഹര്‍ലാലിനെ കാണാന്‍ വേണ്ടി ഇന്ദിരയുടെ സൌകര്യം കാത്തിരിക്കേണ്ടി വന്നിരുന്നുവെങ്കില്‍ ഇന്ദിരയെ കാണാന്‍ സഞ്ജയണ്റ്റെ സൌകര്യം കാത്തിരിക്കേണ്ടി വരുന്നു. ഈ കാത്തിരിപ്പാണ്‌ രാഷ്ട്രീയാധികാരത്തിണ്റ്റെ സോപാനത്തിലേക്ക്‌ കയറിപ്പോകാന്‍ സഹായിക്കുകയെന്ന്‌ ധരിച്ച നേതാക്കള്‍ ഇന്ന്‌ സഞ്ജയന്‌ സ്തുതി പാടുന്നതില്‍ മത്സരിച്ചു കൊണ്ടിരിക്കുകയാണ്‌. നെഹ്‌റുവിനെ കാണാന്‍ ചെല്ലുന്ന ശാസ്ത്രി മണിക്കൂറുകളോളം ഇന്ദിരക്ക്‌ വേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു. കാമരാജ്‌ പദ്ധതിയനുസരിച്ച്‌ കേന്ദ്രമന്ത്രി സഭയില്‍ നിന്നും പുറത്തു പോയ ശാസ്ത്രിയെ വീണ്ടും മന്ത്രിസഭയിലെടുക്കാന്‍ നെഹ്‌റുവിനെ പ്രേരിപ്പിച്ചത്‌ ഇന്ദിരയാണ്‌. നെഹ്‌റു മരിച്ച ശേഷം പ്രധാനമന്ത്രിയായിത്തീര്‍ന്ന ശാസ്ത്രി ഇന്ദിരയെ മന്ത്രി സഭയിലെടുത്ത്‌ കടപ്പാട്തീര്‍ത്തു. ഇന്ദിരയെ വാര്‍ത്താവിതരണവകുപ്പ്‌ മന്ത്രിയാക്കി മന്ത്രിസഭയില്‍ നാലാമത്തെ പദവി നല്‍കിയതു വഴി നെഹ്‌റുമാരോടുള്ള തണ്റ്റെ കടപ്പാട്‌ തീര്‍ത്തുവെന്നു ശാസ്ത്രി വിചാരിച്ചിരുന്നു. ( ഇന്ദിരാഗാന്ധി-എ പ്രൊഫൈല്‍ ഇന്‍കറേജ്‌. ട്രെവര്‍ ഡീബെര്‍ഗ്‌- വികാസ്‌ പേജ്‌ ൫൧). അങ്ങനെ നെഹ്‌റുവിണ്റ്റെ മരണശേഷം, രാഷ്ട്രീയ രംഗത്ത്‌ നിന്ന്‌ തിരോധാനം ചെയ്യേണ്ടിയിരുന്ന ഇന്ദിര സ്വന്തമായ എന്തെങ്കിലും യോഗ്യത കൊണ്ടല്ല കേന്ദ്രമന്ത്രിസഭയില്‍ അംഗമായത്‌. പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ ഇന്ദിരയുടെ പേര്‍ നിര്‍ദ്ദേശിച്ചു കേട്ടപ്പോള്‍ ഇന്ദിരയുടെ പുകള്‍ പാട്ടുകാരില്‍ ഒരാളായ ഡ്രീബര്‍ഗ്‌ തന്നെ ആശ്ചര്യപ്പെട്ടുപോയി എന്നാണ്‌ എഴുതുന്നത്‌. കോണ്‍ഗ്രസ്സ്‌ പ്രസിഡണ്റ്റ്‌ ആയിട്ടും വാര്‍ത്താവിതരണമന്ത്രി ആയിട്ടും പ്രവര്‍ത്തിച്ചിട്ടുള്ള ഇന്ദിരക്ക്‌ പ്രധാനമന്ത്രിസ്ഥാനം വഹിക്കത്തക്ക യോഗ്യതയുണ്ടെന്നു അതേവരെ ആര്‍ക്കും തോന്നിയിട്ടില്ലെന്നര്‍ത്ഥം. പക്ഷേ വ്യക്തിത്വമൊന്നും ഇല്ലാത്ത ഇന്ദിരയെ തങ്ങളുടെ വരുതിക്ക്‌ നിര്‍ത്താന്‍ ആഗ്രഹിച്ച കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ ചേര്‍ന്ന്‌ മൊറാര്‍ജി ദേശായിക്കെതിരായി ഇന്ദിരയെ നേതൃ സ്ഥാനത്തേക്ക്‌ മത്സരിപ്പിച്ച്‌ വിജയിപ്പിക്കുകയാണ്‌ ഉണ്ടായത്‌. സ്വന്തമായ നിലയില്‍ പ്രധാനമന്ത്രിയാക്കിയവര്‍ക്കെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. കാമരാജും കൂട്ടുകാരായ നേതാക്കളും സജ്ജീവ റെഡിയെ രാഷ്ട്രപതി സ്ഥാനത്തേക്ക്‌ നിര്‍ദ്ദേശിക്കുന്നത്‌, തന്നെ പ്രധാനമന്ത്രി സ്ഥാനത്ത്‌ നിന്ന്‌ നീക്കാനാണോ എന്ന സംശയം ഇന്ദിരയെ വിറളിപിടിപ്പിച്ചു. സ്വന്തം പാര്‍ട്ടിയുടെ പാര്‍ളിമെണ്റ്ററി ബോര്‍ഡ്‌ തെരഞ്ഞെടുത്ത്‌ സ്വയം നാമനിര്‍ദ്ദേശം ചെയ്ത സജ്ജീവ റെഡിക്കെതിരായി പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്ത്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വി.വി. ഗിരിക്കു വേണ്ടി ഇന്ദിര വോട്ടു പിടിക്കുകയും ചെയ്തു. സ്ഥാനം നഷ്ടപ്പെടുമോയെന്നു ഭയമുണ്ടാകുന്ന അവസരങ്ങളില്‍ എല്ലാം ഇന്ദിര അന്തം വിട്ട ഓരോ നടപടികളെടുക്കും. എന്നു തന്നെയല്ലാ സ്വന്തം കുടുംബം രാജ്യത്തിനു ചെയ്തിട്ടുള്ള മഹത്തായ സേവനത്തെക്കുറിച്ച്‌ സ്വയം പുകഴ്ത്തും. സ്വാതന്ത്യ്ര സമരത്തിലും അതിണ്റ്റെ കഷ്ടപ്പാടുകളിലും ഇത്രയേറെ പങ്കാളിത്തമുള്ള മറ്റൊരു കുടുംബത്തെക്കുറിച്ചും എനിക്ക്‌ അറിയില്ല. ഇന്ദിരാഗാന്ധി ഒരിക്കല്‍ പറഞ്ഞു (ഇന്ദിരാഗാന്ധി എ പ്രൊഫൈല്‍ ഇന്‍കറേജ്‌. ട്രെവര്‍ ഡ്രീബര്‍ഗ്ഗ്‌ ഉദ്ധരിക്കുന്നത്‌. പേജ്‌ ൨൫)ഇന്ദിരക്ക്‌ അറിഞ്ഞു കൂടാത്ത അനേകം കാര്യങ്ങളില്‍ ഒന്നായിരിക്കാം ഇത്‌. എന്നാല്‍ ആര്‍ക്കും അറിയാവുന്ന മറ്റൊരു കാര്യമുണ്ട്‌. സ്വാത ന്ത്യ്ര സമ്പാദനത്തിണ്റ്റെ പങ്ക്‌ ഇത്രയേറെ പറ്റിയ മറ്റൊരു കുടുംബത്തേയും ഭാരത ജനതക്ക്‌ അറിയില്ലെന്നതാണ്‌ ആ കാര്യം. നെഹ്‌റു രാജവംശത്തെക്കുറിച്ച്‌ ഡോക്ടര്‍ രാംമനോഹര്‍ ലോഹ്യയെപ്പോലുള്ളവര്‍ മുമ്പേ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. അന്ന്‌ നെഹ്‌റു കുടുംബത്തോടുള്ള വൈരാഗ്യം മാത്രമായിട്ടാണ്‌ പലരും ഈ ആക്ഷേപത്തെ കരുതിയത്‌. പാരമ്പര്യാവകാശം പുലര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും ജവഹര്‍ലാല്‍ നെഹ്‌റുവരെ വഹിച്ച പങ്ക്‌ ജനങ്ങളില്‍ നിന്നും മറച്ചു വെക്കാന്‍ ഒരു പരിധിവരെ സാധിച്ചിരുന്നു. പക്ഷേ രാഷ്ട്രീയത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലാത്ത കാര്‍ നിര്‍മ്മാണത്തില്‍ മുഴുകിയ ഉത്സാഹിയായ യുവാവെന്ന്‌ ഇന്ദിരയും ശിങ്കിടികളും വിശേഷിപ്പിച്ച എട്ടും പൊട്ടും തിരിയാത്ത സഞ്ജയനെ അടിയന്തിരാവസ്ഥയുടെ തണലില്‍ നേതാവാക്കാന്‍ നടത്തുന്ന ഹീനശ്രമം ജനങ്ങളെ ഇന്ന്‌ സത്യാവസ്ഥ മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്‌. മകനെ കാറുമുതലാളിയാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണമുണ്ടായപ്പോഴും തനിക്കതില്‍ പങ്കില്ലെന്നാണ്‌ ഇന്ദിര പറഞ്ഞത്‌. ഈ ആരോപണം അഞ്ചാറു വര്‍ഷം മുമ്പു തന്നെ ഉണ്ടായതാണ്‌. ഇന്ദിര ഇന്‍ഡസ്ട്രീയല്‍ ലൈസന്‍സിങ്ങ്‌ കമ്മറ്റിയുടെ ചെയര്‍മാനായിരുന്ന അവസരത്തിലാണ്‌ കാര്‍ നിര്‍മ്മാണത്തിന്‌ സഞ്ജയ്ഗാന്ധിക്ക്‌ ലറ്റര്‍ ഓഫ്‌ ഇണ്റ്റണ്റ്റ്‌ നല്‍കിയത്‌. അന്നു ആക്ഷേപമുണ്ടായപ്പോള്‍ ഇന്ദിര ചോദിച്ചു. എണ്റ്റെ മകനെ പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ മറ്റു യുവാക്കളോട്‌ സാഹസികത്വം കാണിക്കണമെന്നു പറയുവാന്‍ പറ്റുമോ?ഇന്ദിര പുത്രവാത്സല്യമുള്ള ആളാണെന്നു സമ്മതിക്കണം. മകന്‍ ചെറുകിട കാര്‍ ഡിസൈന്‍ ചെയ്യും മുമ്പേ തന്നെ, എല്ലാചെറുപ്പക്കാരും പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടണമെന്ന്‌ അവര്‍ ആഹ്വാനം നല്‍കിയതല്ലേ? എന്നിട്ട്‌ ആരെങ്കിലും അത്‌ ചെവിക്കൊണ്ടോ? അനുസരണയുള്ള മകന്‍ മാത്രം അമ്മയുടെ ആഹ്വാനം കേട്ട്‌ ചെറുകിട കാറുണ്ടാക്കി. കയ്യിലുള്ള പണം മുടക്കി നല്ലവണ്ണം ഉത്സാഹിച്ച്‌ സഞ്ജയ്‌ കാറുണ്ടാക്കിയപ്പോള്‍ അസൂയാലുക്കള്‍ സ്വയം ചോദിച്ചു കൊണ്ട്‌ നിര്‍ണ്ണയംവാരികയില്‍ എഴുതാപ്പുറം എന്ന പംക്തിയില്‍ അന്ന്‌ എഴുതിയിരുന്നത്‌ ഇങ്ങിനെയാണ്‌. സഞ്ജയന്‌ ലൈസന്‍സ്‌ നല്‍കിയിട്ടില്ല. ലൈസന്‍സ്‌ കിട്ടുമോ എന്നുതന്നെ തനിക്കറിഞ്ഞുകൂടാ എന്നൊക്കെ എത്ര നിഷ്പക്ഷമായിട്ടാണ്‌ ഇന്ദിര പറഞ്ഞിരിക്കുന്നത്‌. പക്ഷേ ഒരു കാര്യം, അതായത്‌ വിദേശസഹായമൊന്നും കൂടാതെ നിര്‍മ്മിച്ചിട്ടുള്ള കാറാണെന്നും മറ്റുള്ളവരെല്ലാം വിദേശസഹായം സ്വീകരിച്ചുകൊണ്ട്‌ കാറുണ്ടാക്കാന്‍ പുറപ്പെട്ടവരാണെന്നും മകനുണ്ടാക്കിയകാര്‍ ഇന്ത്യയുടെ സാഹചര്യങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായതാണെന്നും കൂടി ഇന്ദിരാഗാന്ധി പരസ്യ പ്രസ്താവന ചെയ്തു കഴിഞ്ഞു. എണ്റ്റെ മകന്‍ നല്ല ഉത്സാഹം കാണിച്ച്‌ സ്വന്തം മാതൃകയില്‍ കാറുണ്ടാക്കിയപ്പോള്‍ വേണ്ട എന്നു പറയാന്‍ ഒക്കുമോ? അതാണ്‌ ഇന്ദിരയുടെ ചോദ്യം. ഇനി സംശയിക്കേണ്ട ആവശ്യമില്ല. മകനെ പ്രോത്സാഹിപ്പിക്കാന്‍ സഞ്ജയനുതന്നെ ഇന്ദിര ലൈസന്‍സ്‌ നല്‍കും. കുടുംബം നന്നാക്കലാണ്‌ സോഷ്യലിസത്തിണ്റ്റെ ആദ്യപടി എന്നു ഇന്ദിര മാതൃക കാണിക്കാന്‍ പോകയാണ്‌. (നിര്‍ണ്ണയം ൧൯൭൦ ഒക്ടോബര്‍ ൧൧ പേജ്‌ ൫)സഞ്ജയനു തന്നെ കാര്‍ നിര്‍മ്മിക്കാന്‍ ഇന്ദിര ലൈസന്‍സ്‌ നല്‍കി. ഇതേപ്പറ്റി പാര്‍ളിമെണ്റ്റിലും പുറത്തും ആക്ഷേപങ്ങളുടെ ശരവര്‍ഷം ഉണ്ടായി. ഇന്ദിരയുടെ മാപ്പുസാക്ഷിയായ കെ എ അബ്ബാസ്‌ എഴുതുന്നു. ...... അയാളുടെ പദ്ധതിക്ക്‌ സാമ്പത്തിക സഹായം നല്‍കാനും ഓഹരികള്‍ വാങ്ങിച്ച്‌ മാരുതി കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആകാനും പണക്കാര്‍ മത്സരിച്ചിട്ടുണ്ടെന്നത്‌ സത്യമാണ്‌. അവരുടെ ഉദ്ദേശം ഏറ്റവും മിതമായി പറഞ്ഞാല്‍ ചോദ്യം ചെയ്യേണ്ടതാണ്‌, സംശയിക്കതക്കതാണ്‌. റയോണ്‍സ്‌ ഉല്‍പാദിപ്പിക്കുന്നവര്‍ക്കും വിസ്കിവാറ്റുകാര്‍ക്കും പെട്ടെന്നു ചെറുകിട കാര്‍ നിര്‍മ്മാണത്തില്‍ താല്‍പര്യമുണ്ടായിയെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്‌. (ദാറ്റ്‌ വുമണ്‍- ഇന്ദിരാഗാന്ധീസ്‌ സെവന്‍ ഇയേഴ്സ്‌ ഓഫ്‌ പവര്‍-കെ.എ. അബ്ബാസ്‌, ഓറിയണ്റ്റ്‌ പേപ്പര്‍ബാക്ക്‌, പേജ്‌ ൨൨൫)എന്നിട്ടും സഞ്ജയനേയും അയാളുടെ അമ്മയേയും അമ്മയുടെ അച്ഛനേയും എല്ലാം സോഷ്യലിസ്റ്റുകള്‍ എന്നാണ്‌ അബ്ബാസ്‌ വിളിക്കുന്നത്‌. പക്ഷേ സഞ്ജയന്‍ തന്നെ പറയുന്നു ..........ഇടതെന്നും വലതെന്നും ഉള്ള വാക്കുകള്‍ പ്രയോഗിച്ചതു കൊണ്ട്‌ മാത്രം അര്‍ത്ഥമൊന്നുമില്ല. ഇക്കാര്യത്തില്‍ എണ്റ്റെ അമ്മയും ഞാനും തമ്മില്‍ അഭിപ്രായവ്യത്യാസമൊന്നുമില്ല.(ആര്‍ കെ കരഞ്ചിയയുമായുള്ള അഭിമുഖ സംഭാഷണത്തിണ്റ്റെ റിപ്പോര്‍ട്ട്‌- ബ്ളിറ്റ്സ്‌- ഫെബ്രുവരി ൧൪, ൧൯൭൬) ഞാന്‍ ഒരു ഇടതുപക്ഷക്കാരനുമല്ല, വലതുപക്ഷക്കാരനുമല്ല.സഞ്ജയ്ഗാന്ധി മറ്റൊരവസരത്തില്‍ പറഞ്ഞു. രാജ്യത്തിന്‌ എന്തു കൊണ്ടെങ്കിലും മെച്ചമുണ്ടെങ്കില്‍, ഇടതായാലും വലതായാലും ഞാന്‍ അതിനുവേണ്ടി നിലകൊള്ളുന്നു.(ഇലസ്ട്രേറ്റഡ്‌ വീക്ക്ളി- ജനുവരി ൨൫, ൧൯൭൬) എന്നിട്ട്‌ അദ്ദേഹം ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിക്കുന്നുണ്ട്‌. അയാള്‍ക്ക്‌ സോഷ്യലിസമെന്നോ ഗാന്ധിയെന്നോ ഒക്കെ പറഞ്ഞാല്‍ അങ്ങാടി മരുന്നോ, പച്ചമരുന്നോ എന്നു അറിഞ്ഞു കൂടെന്നതാണ്‌ സത്യം. രാജ്യത്തിനു മെച്ചമുണ്ടാകുകയെന്നുവെച്ചാല്‍ അയാളെ സംബന്ധിച്ചിടത്തോളം സ്വന്തം മെച്ചമാണെന്നായിരിക്കാം അര്‍ത്ഥം. ഇന്ത്യയെന്നാല്‍ ഇന്ദിര എന്നു കൊട്ടാരം വിദൂഷകനായ ഡി കെ ബറൂവ പറഞ്ഞിരുന്നല്ലേ, ഇന്ത്യയെന്നാല്‍ ഇന്ദിരയും പുത്രനും എന്ന ഭേദഗതി വരുത്തിയാല്‍ സഞ്ജയനു തൃപ്തിയാകും. നാലായിരം രൂപാ ശമ്പളവും പ്രധാനമന്ത്രിയുടെ വസതിയിലെ താമസവും സ്വന്തമായി വാടകക്കെടുത്ത വിമാനത്തിലെ സഞ്ചാരവും സര്‍ക്കാര്‍ സ്വീകരണങ്ങളും മുതലാളിത്ത പ്രചരണവും ആണ്‌ സഞ്ജയണ്റ്റെ സോഷ്യലിസമെങ്കില്‍, ഇന്ദിരയുടെ സോഷ്യലിസം ഇതൊക്കെ പ്രോത്സാഹിപ്പിക്കലാണ്‌. ഇന്ദിരയുടെ അച്ഛനാകട്ടെ വാക്കില്‍ സോഷ്യലിസ്റ്റും പ്രവൃത്തിയില്‍ വട്ടപൂജ്യവുമായിരുന്നു. അച്ഛനും മകളും കൂടിയാണ്‌ സ്വതന്ത്ര ഭാരതത്തില്‍ ഇരുപത്തെട്ടു വര്‍ഷം ഭരണം നടത്തിയത്‌. ഈ നവീന സോഷ്യലിസ്റ്റുകളുടെ ഭരണത്തില്‍ ഭാരത ജനതയുടെ പകുതിയും ദാരിദ്യ്രരേഖക്ക്‌ താഴെ ജീവിക്കുന്നവരാണ്‌. ദേശീയമോ അന്തര്‍ദേശീയമോ ആയ ഒറ്റ പ്രശ്നം പോലും ജവഹര്‍ലാലിണ്റ്റെ ഭരണകാലത്ത്‌ പരിഹരിക്കപ്പെടുകയുണ്ടായില്ല. അവ്യക്തവും അമൂര്‍ത്തവുമായ ആദര്‍ശപ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ട്‌ അധികാരസ്ഥാനത്ത്‌ തൂങ്ങിയിരിക്കുകയല്ലാതെ അവയൊന്നും നടപ്പിലാക്കുന്നതില്‍ അദ്ദേഹത്തിന്‌ നിര്‍ബന്ധമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സിനെ ഭിന്നിക്കുകയെന്ന അപകടം ഉണ്ടായാല്‍ പോലും, സാമൂഹ്യ-സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ നീട്ടിക്കൊണ്ടുപോയി, പ്രസംഗങ്ങളില്‍ നിരന്തരം പരിവര്‍ത്തനാദര്‍ശങ്ങള്‍ വിളമ്പിക്കൊണ്ടിരിക്കുന്നതില്‍ മാത്രം തൃപ്തിപ്പെടുന്നതിനു പകരം അവയെല്ലാം സാക്ഷാത്കരിക്കുന്നതിന്‌ ഊര്‍ജ്ജിതമായ രാഷ്ട്രീയനടപടികള്‍ നെഹ്‌റു എടുത്തിരുന്നുവെങ്കില്‍, ഇന്ത്യയുടെ ചരിത്രം വ്യത്യസ്തമാകുമായിരുന്നു (ചലഞ്ച്‌ ഓഫ്‌ വേള്‍ഡ്‌ പോവര്‍ട്ടി- ഗുണ്ണാര്‍ മിര്‍ഡല്‍-പെന്‍ഗ്വിന്‍ ഇണ്റ്റര്‍നാഷണല്‍-പേജ്‌ ൩൯൪)ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, വൈദ്യസഹായം എന്നിവ സംബന്ധിച്ച അത്യാവശ്യകാര്യങ്ങളില്‍ ഏറ്റവും ചുരുങ്ങിയ ദേശീയ നിലവാരം ഉറപ്പു വരുത്തി, കഴിവതും വേഗം നടപ്പിലാക്കുന്നതും ഓരോ പൌരണ്റ്റെയും അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ട വ്യവസ്ഥയുണ്ടാക്കുന്നതും ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്‌. ഇതു സംബന്ധിച്ച്‌ രാഷ്ട്രത്തിന്‌ ഒരു ലക്ഷ്യമുണ്ടായിരിക്കണം. അഞ്ചാംപദ്ധതിയുടെ അവസാനത്തോടെ ഈ ലക്ഷ്യത്തിണ്റ്റെ ഗണ്യമായ ഭാഗം നിറവേറ്റപ്പെടുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌ ന്യായമാണ്‌.(൧൯൬൪ ജനുവരി ൯,൧൦ തീയതികളില്‍ ഗോപബന്ധുനഗറില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിണ്റ്റെ ൬൮-ാം സമ്മേളനം പാസ്സാക്കിയ പ്രമേയം. ഇത്‌ ചിത്രത്തിണ്റ്റെ ഒരു വശം മാത്രമാണ്‌. മറുവശത്ത്‌ കോടിക്കണക്കിനു രൂപയുടെ സ്വത്ത്‌ വര്‍ദ്ധിപ്പിച്ചു കൊണ്ട്‌ ഒരു പിടി കുബേരന്‍മാര്‍ ഈ സോഷ്യലിസ്റ്റ്‌ പിതാവിണ്റ്റേയും പുത്രിയുടേയും ഭരണത്തില്‍ വളര്‍ന്നു വന്നിട്ടുണ്ട്‌. രാജകൊട്ടാരങ്ങളെ വെല്ലുന്ന ആഢംബരങ്ങള്‍ നിറഞ്ഞ ഏതാനും മണിമാളികകള്‍ക്ക്‌ ചുറ്റും ചിതല്‍പുറ്റു പോലുള്ള ചാളപ്പുരകള്‍ എങ്ങും കാണാം. സ്വാതന്ത്യ്രത്തിനു മുമ്പുണ്ടായിരുന്നതിനേക്കാളേറെ നിരക്ഷകര്‍ ഇന്നു ഭാരതത്തിലുണ്ട്‌. വിലയേറിയ വസ്ത്രങ്ങള്‍ മണിക്കൂറു തോറും മാറുന്ന പണക്കാര്‍ ഈ നാട്ടില്‍ ജീവിക്കുന്നത്‌ നഗ്നതമറക്കാന്‍ ആവശ്യമുള്ള തുണിപോലും ഇല്ലാത്ത ജനലക്ഷങ്ങളുടെ മദ്ധ്യത്തില്‍ തന്നെയാണ്‌. ദാരിദ്യ്രം നീങ്ങണം, അന്തരം കുറയണം എന്ന പ്രഖ്യാപനവുമായി വന്നു വോട്ടുനേടി ഭരണം നടത്തിയവര്‍ നല്‍കിയ സംഭാവനയാണിത്‌. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരോട്‌ പണ്ഡിറ്റ്‌ നെഹ്‌റു പറയുമായിരുന്നു. ഒരു രാഷ്ട്രത്തിണ്റ്റെ ചരിത്രത്തില്‍ പത്തു പതിനാറുവര്‍ഷം നീണ്ടകാലമല്ല.ശരാശരി മനുഷ്യായുസ്സ്‌ നാല്‍പതു വര്‍ഷത്തില്‍ താഴെ മാത്രമുള്ള ഒരു രാഷ്ട്രത്തില്‍, പട്ടിണിയും ദുരിതവും അനുഭവിക്കുന്ന ബഹുഭൂരിഭാഗം വരുന്ന ജനതയില്‍ ഓരോരുത്തര്‍ക്കും പത്തു പതിനാറുവര്‍ഷം വിലപ്പെട്ട ദീര്‍ഘകാലമാണെന്ന്‌ കാണാന്‍ പണ്ഡിറ്റ്‌, നെഹ്‌റുവിന്‌ കഴിഞ്ഞില്ല. ഇന്ന്‌ അച്ഛനെപ്പോലെതന്നെ മകളും ഒരു ന്യായവാദം കണ്ടെത്തിയിട്ടുണ്ട്‌. രാജ്യത്തെ ദാരിദ്രത്തേയും കഷ്ടപ്പാടിനെയും പ്രതിഷേധിക്കുന്നവരെപ്പറ്റി ഇന്ദിരയുടെ പരാതി അവര്‍ ജനതയുടെ ആത്മവിശ്വാസം നശിപ്പിക്കുന്നവര്‍ ആണെന്നാണ്‌. ഇന്ത്യയുടെ പ്രശ്നം എന്തുതന്നെ ആയിരുന്നാലും പണ്ഡിറ്റ്‌ നെഹ്‌റു പരിഹാരമുണ്ടാക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്തില്ല. അവസാനകാലത്ത്‌ തികച്ചും ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടും അദ്ദേഹം അധികാരസ്ഥാനത്തുതന്നെ തുടര്‍ന്നു. അദ്ദേഹത്തിണ്റ്റെ മകള്‍ അദ്ദേഹത്തെകൊണ്ടുനടക്കുകയും ചെയ്തു. പണ്ഡിറ്റ്‌ നെഹ്‌റുവിനെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജീവിച്ചവര്‍ എന്തു കൊണ്ട്‌ അദ്ദേഹം ഒരിക്കലും രാജിവെച്ചില്ലെന്ന ചോദ്യത്തിനുത്തരം കിട്ടാതെ വിഷമിക്കുന്നുണ്ട്‌. ഏറ്റവും ഒടുവില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിണ്റ്റെ ജീവചരിത്രം എഴുതിയ സര്‍വ്വേപ്പള്ളി ഗോപാലിണ്റ്റെ പുസ്തകം ഒന്നാംവോള്യം) നിരൂപണം ചെയ്തുകൊണ്ട്‌ പത്രപ്രവര്‍ത്തകനായ ഇന്ദര്‍മല്‍ഹോത്ര ചോദിക്കുന്നു. അദ്ദേഹം അപ്പോഴോ പിന്നീട്‌ എപ്പോഴെങ്കിലുമോ രാജിവെച്ചിട്ടേയില്ല........ തൃപ്തികരമായ ഉത്തരം കിട്ടാത്തത്‌ കഷ്ടം തന്നെ (മാര്‍ച്ച്‌ ൨൮, ൧൯൭൬-ടൈംസ്‌ ഓഫ്‌ ഇന്ത്യ)തൃപ്തികരമായ ഉത്തരം ഒന്നേയുള്ളൂ. കിട്ടിയ സ്ഥാനത്ത്‌ അള്ളിപ്പിടിച്ചിരിക്കുന്ന സ്ഥാനമോഹി ആയിരുന്നു പണ്ഡിറ്റ്‌ നെഹ്‌റു. ജനാധിപത്യത്തെപ്പറ്റി ഘോരഘോരം പ്രസംഗിച്ചിട്ടുള്ള അദ്ദേഹം ബോധപൂര്‍വ്വം വിസ്മരിച്ച ഒരു ജനാധിപത്യ തത്വം ഉണ്ട്‌. താന്‍ വിശ്വസിക്കുന്ന അടിസ്ഥാന പ്രമാണങ്ങള്‍ക്ക്‌ സംഘടനയില്‍ സ്ഥാനം ലഭിക്കുന്നില്ലെങ്കില്‍ സംഘടനയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനരീതിയുമായി പിണങ്ങിനിക്കുന്ന ആള്‍ സംഘടനയുടെ നേതൃസ്ഥാനത്തിരിക്കാതെ, അതുമായി ഇണങ്ങിച്ചേരുന്നവര്‍ക്കുവേണ്ടി നേതൃസ്ഥാനം മാറിക്കൊടുക്കുകയാണ്‌ ജനാധിപത്യരീതി. അങ്ങിനെ ചെയ്യാത്ത നേതാവ്‌ സ്വന്തം സ്ഥാനത്തോടും സംഘടനയോടും ഒരേപോലെ നീതിചെയ്യുന്നില്ല. അയാള്‍ക്ക്‌ സ്ഥാനം സ്ഥാപിത താല്‍പര്യമാകുന്നു. പരിപാടികളില്‍ വിട്ടുവീഴ്ച ചെയ്ത്‌ ചെയ്ത്‌ വിട്ടുവീഴ്ചയായി നെഹ്‌റുവിണ്റ്റെ പരിപാടി കിട്ടുന്ന സ്ഥാനമൊന്നും അദ്ദേഹം കൈവിട്ടതുമില്ല. ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസ്സ്‌ പ്രസിഡണ്റ്റായത്‌ സ്വന്തം അര്‍ഹതകൊണ്ടല്ല. മോത്തിലാല്‍ നെഹ്‌റുവിണ്റ്റെ താല്‍പര്യമനുസരിച്ചും ഗാന്ധിജിയുടെ തന്ത്രം കൊണ്ടും ആണ്‌. അഭിഭാഷകനെന്ന നിലയില്‍ അഗ്രഗണ്യനായിത്തീര്‍ന്ന മോത്തിലാല്‍ നെഹ്‌റുവിന്‌ സ്വന്തം പുത്രനെ കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ടാക്കണമെന്ന്‌ ഗാന്ധിജിയോടു ആവശ്യപ്പെടാന്‍ ജാള്യത ഉണ്ടായിരുന്നില്ല. തണ്റ്റെ നിലയെക്കുറിച്ച്‌ നല്ല ആത്മവിശ്വാസമുണ്ടായിരുന്ന മോത്തിലാല്‍ പുത്രവാത്സല്യം മറച്ചുപിടിച്ച്‌ ജവഹര്‍ലാലിനെയും മദ്രാസ്സില്‍ നടന്ന കോണ്‍ഗ്രസ്സ്‌ സമ്മേളനത്തിണ്റ്റെ അദ്ധ്യക്ഷനായി ജവഹര്‍ലാലിനെ തെരഞ്ഞെടുക്കണമെന്ന്‌ മോത്തിലാല്‍ തന്നെ ഗാന്ധിജിക്ക്‌ എഴുതി. പക്ഷേ, ആ വര്‍ഷം അതിന്‌ പാകമായിട്ടില്ലെന്നാണ്‌ ഗാന്ധിജിക്ക്‌ തോന്നിയത്‌. എന്നാല്‍ ൧൯൨൯ല്‍ മോത്തിലാല്‍ തണ്റ്റെ പുത്രണ്റ്റെ അവകാശത്തെക്കുറിച്ച്‌ വീണ്ടും ഗാന്ധിജിക്ക്‌ എഴുതി. ൧൯൨൭ലെ പോലെ അദ്ദേഹം സ്വകാര്യതലത്തിലല്ലാതെ പൊതുതലത്തിലാണ്‌ പ്രശ്നം അവതരിപ്പിച്ചത്‌. കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷ സ്ഥാനത്തിന്‌ തണ്റ്റെ മകനുള്ള അവകാശം സംബന്ധിച്ച്‌ മോത്തിലാല്‍ നിര്‍ബന്ധം ചെലുത്തിക്കൊണ്ടിരിക്കെത്തന്നെ, തന്നെ വെറുതെ വിടാന്‍ ജവഹര്‍ലാല്‍ ഗാന്ധിജിയോടഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു (മോത്തിലാല്‍ നെഹ്‌റു -ബി ആര്‍ നന്ദ പബ്ളിക്കേഷന്‍സ്‌ ഡിവിഷന്‍, പേജ്‌ ൨൦൫)എന്നാലും ജവഹര്‍ലാല്‍ കോണ്‍ഗ്രസ്സദ്ധ്യക്ഷസ്ഥാനം നിരസിക്കുകയല്ലാ ഉണ്ടായത്‌. ലാഹോറില്‍ച്ചേര്‍ന്ന കോണ്‍ഗ്രസ്സ്‌ സമ്മേളനത്തില്‍ ഗാന്ധിജി കോണ്‍ഗ്രസ്സിണ്റ്റെ അദ്ധ്യക്ഷസ്ഥാനം സ്വീകരിക്കുകയില്ലെന്നും വ്യക്തമാക്കി. ജവഹര്‍ലാല്‍നെഹ്‌റുവിനെ അദ്ധ്യക്ഷനാക്കണമെന്നു അദ്ദേഹം നിര്‍ബന്ധിക്കുകയും ചെയ്തു. വല്ലഭായ്‌ പട്ടേല്‍ പിന്‍വലിച്ചു. നെഹ്‌റു തന്നെ പ്രസിഡണ്റ്റാവുകയും ചെയ്തു. അല്‍പം നാണം തോന്നിയതു കൊണ്ടാകാം നെഹ്‌റുതന്നെ പിന്നീട്‌ ഇതേപ്പറ്റി പറഞ്ഞത്‌ ഇങ്ങനെയാണ്‌. ഈ ഉന്നതസ്ഥാനത്തേക്ക്‌ കയറിയത്‌ പ്രധാന കവാടത്തിലൂടെയല്ല. പിന്നെയോ കെണിയുടെ കവാടത്തിലൂടെയാണ്‌. കോണ്‍ഗ്രസ്സ്‌ നേതാക്കളുടെ ആദര്‍ശങ്ങളും തണ്റ്റെ ആദര്‍ശങ്ങളും തമ്മിലുള്ള അന്തരം മനസ്സില്‍വെച്ചുകൊണ്ടാണ്‌ നെഹ്‌റു ഇതു പറഞ്ഞത്‌. എണ്റ്റെ അഭിമാനം വ്രണപ്പെട്ടു, എനിക്കു നല്‍കിയ ബഹുമാനം തിരിച്ചേല്‍പ്പിക്കണം എന്നു തോന്നി.പറഞ്ഞതല്ലാതെ ജവഹര്‍ലാല്‍ പ്രസിഡണ്റ്റ്‌ സ്ഥാനം സ്വീകരിക്കാതിരുന്നില്ല. കോണ്‍ഗ്രസ്സിനകത്ത്‌ വളര്‍ന്നു വന്നിരുന്ന ഇടതുപക്ഷക്കാരുടെ തീവ്രത കുറക്കാന്‍ വേണ്ടിയാണ്‌ വാചകത്തില്‍ വിപ്ളവകാരിയായ നെഹ്‌റുവിനെ ഗാന്ധിജി പ്രസിഡണ്റ്റാക്കിയത്‌. ഹാരോവില്‍ വിദ്യാഭ്യാസം ചെയ്ത അഭിജാതനായ നെഹ്‌റുവിനു ഫാബിയന്‍ സോഷ്യലിസ്റ്റാശയങ്ങളുണ്ടായിരുന്നു. നെഹ്‌റുവിനു വിലയുണ്ടായിരുന്നു-കാരണം? അദ്ദേഹം ബ്രാഹ്മണനും അതേസമയം പാശ്ചാത്യ വീക്ഷണത്തില്‍ പുരോഗമനക്കാരനുംആയിരുന്നു. തണ്റ്റെ പിന്നില്‍ കുറേ കൂടെ ആധുനിക ചിന്താഗതിയുള്ളവരെ അണിനിരത്താനും അദ്ദേഹത്തിനു കഴിയുമായിരുന്നു. ഗാന്ധിജി നടത്തിയ തെരഞ്ഞെടുപ്പ്‌ സാമര്‍ത്ഥ്യത്തോടെ തന്നെയാണ്‌.................. അദ്ദേഹത്തിണ്റ്റെ പശ്ചാത്തലവും സോഷ്യലിസവും കാരണം ബ്രിട്ടീഷുകാര്‍ നെഹ്‌റുവിനെ ഭയപ്പെട്ടു. പക്ഷേ, നെഹ്‌റു ഒരു തീവ്രവാദിയാണെന്നു കണക്കാക്കിയതില്‍ ബ്രിട്ടീഷുകാര്‍ക്കു തെറ്റുപറ്റി. ഗാന്ധിജിക്ക്‌ കാര്യം കൂടുതല്‍ നന്നായിട്ടറിയാമായിരുന്നു.................... ( ദി ലാസ്റ്റ്‌ ഇയേഴ്സ്‌ ഓഫ്‌ ബ്രിട്ടീഷ്‌ ഇന്ത്യ-മൈക്കേല്‍ എഡ്വേര്‍സ്‌ ദി ന്യൂ ഇംഗ്ളീഷ്‌ ലൈബ്രറി-പേജ്‌ ൫൫)നെഹ്‌റുവിനെ കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കുന്നതിന്‌ ഒരു വര്‍ഷം മുമ്പ്‌ മാത്രമാണ്‌ ഭാരതത്തിന്‌ ബ്രിട്ടീഷ്‌ മേല്‍ക്കോയ്മക്ക്‌ കീഴില്‍ ഡൊമീനിയന്‍ പദവിമതിയെന്നു അഭിപ്രായപ്പെടുന്ന പ്രമേയം കോണ്‍ഗ്രസ്സ്‌ അംഗീകരിച്ചിരുന്നത്‌. ഈ പ്രമേയത്തിന്‌ എതിരായി സുബാഷ്‌ ചന്ദ്രബോസ്‌ മുന്‍കയ്യെടുത്ത്‌ ജവഹര്‍ലാല്‍ നെഹ്‌റുവുമൊരുമിച്ച്‌ പൂര്‍ണ്ണ സ്വാതന്ത്യ്രത്തിനു വേണ്ടി വാദിക്കുന്നവര്‍ കോണ്‍ഗ്രസ്സിനകത്ത്‌ ഇന്‍ഡിപെന്‍ഡെന്‍സ്‌ ലീഗ്സംഘടിപ്പിച്ചിരുന്നു. ഡൊമീനിയന്‍ പദവി സ്വീകരിക്കുന്ന മോത്തിലാല്‍ നെഹ്‌റു റിപ്പോര്‍ട്ട്‌ അംഗീകരിക്കുന്നതിനുള്ള പ്രമേയം കല്‍ക്കത്താ സമ്മേളനത്തില്‍ ഗാന്ധിജിയാണ്‌ അവതരിപ്പിച്ചത്‌. എന്തു ചെയ്യണമെന്നറിയാതെ, ഗാന്ധിജിയേയും തണ്റ്റെ അച്ഛനേയും മുഷിപ്പിയ്ക്കണമോ, അതോതത്വത്തില്‍ നിന്നു പിന്‍മാറണമോ എന്നറിയാതെ -രക്ഷപ്പെടാനുള്ള ശ്രമത്തിണ്റ്റെ ഭാഗമായി -അടുത്ത ദിവസം നടന്ന സമ്മേളനത്തില്‍ നെഹ്‌റു ഹാജരാകാതിരുന്നു. പല ചെറുപ്പക്കാര്‍ക്കും ഈ നടപടി രാഷ്ട്രീയഭീരുത്വമായിട്ടാണ്‌ തോന്നിയത്‌. (നെഹ്‌റു- എ പൊളിറ്റിക്കല്‍ ബയോഗ്രഫി അബ്രിഡ്ജ്ഡ്‌ എഡിഫിന്‍-മൈക്കേല്‍ ബ്രെച്ചര്‍ പേജ്‌ ൭൭) നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഒരിക്കലും തീരുമാനമെടുക്കാനുള്ള കഴിവ്‌ നെഹ്‌റുവിനു ഉണ്ടായിരുന്നില്ലെന്നതിണ്റ്റെ നല്ല ഉദാഹരണമാണിത്‌. ഏഴു വര്‍ഷം ബ്രിട്ടണില്‍ ഒരു വിദ്യാര്‍ത്ഥിയായിരിക്കെ അദ്ദേഹത്തിന്‌ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ തോന്നിയില്ല. ഇന്ത്യയില്‍ തിരിച്ചു വന്ന്‌ എട്ടു വര്‍ഷത്തോളം ജവഹര്‍ലാല്‍ നെഹ്‌റു അച്ഛണ്റ്റെ കൂടെ വക്കീലായി ജോലി നോക്കി. ൧൯൧൩ല്‍ തന്നെ കോണ്‍ഗ്രസ്സില്‍ ഒരംഗമായിരുന്നെങ്കിലും ജവഹര്‍ലാല്‍ ആരിലും മതിപ്പുണ്ടാക്കിയിരുന്നില്ല. മോത്തിലാല്‍ നെഹ്‌റുവിണ്റ്റെ അടുത്ത സുഹൃത്തായിരുന്ന ആനിബെസ്സണ്റ്റിണ്റ്റെ ഹോംറൂള്‍ ലീഗ്‌ പ്രസ്ഥാനത്തില്‍ അലഹബാദ്‌ ശാഖയുടെ ജോയിണ്റ്റ്‌ സെക്രട്ടറിയായി ജവഹര്‍ലാല്‍നെഹ്‌റു പ്രവര്‍ത്തിച്ചു. അന്നും ശ്രദ്ധാര്‍ഹ സംഭാവനകളൊന്നും അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. ഇതിനിടയില്‍ ഇരുപത്താറാമത്തെ വയസ്സില്‍ അദ്ദേഹം വിവാഹം കഴിച്ചു. ൧൯൧൯ ല്‍ ജാലിയന്‍വാലാ ബാഗ്‌ കൂട്ടക്കൊലയെ തുടര്‍ന്നു ഗാന്ധിജി ഹര്‍ത്താല്‍ പ്രഖ്യപിച്ചപ്പോള്‍ ജവഹര്‍ലാല്‍നെഹ്‌റുവിനു ആവേശമുണ്ടായി. നിയമം ലംഘിച്ച്‌ ജയിലില്‍ പോകാന്‍ തോന്നിയെങ്കിലും അച്ഛണ്റ്റെ ആഗ്രഹമനുസരിച്ച്‌ അതു ചെയ്തില്ല. പുത്രനെ നന്നാക്കാന്‍ മോത്തിലാല്‍ ഗാന്ധിജിയുടെ സഹായം അഭ്യര്‍ത്ഥിച്ചു. ബുദ്ധിമാനായ ഗാന്ധിജി ൧൯൧൯ അവസാനത്തില്‍ അമൃത്സാറില്‍ കോണ്‍ഗ്രസ്സില്‍ മോത്തിലാല്‍ നെഹ്‌റുവിനെ തന്നെ അദ്ധ്യക്ഷനാക്കി. പിന്നെയാണ്‌ ജവഹര്‍ലാല്‍ സജീവമായി രാഷ്ട്രീയരംഗത്ത്‌ വരുന്നത്‌. ൧൯൨൨ല്‍ കോണ്‍ഗ്രസ്സില്‍ ഭിന്നിപ്പു ഉണ്ടായ അവസരത്തിലും മദ്ധ്യവര്‍ത്തിയുടെ പങ്കാണ്‌ നെഹ്‌റു വഹിച്ചത്‌. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെന്ന മോത്തിലാല്‍ പക്ഷക്കാര്‍ സ്വരാജ്‌ പാര്‍ട്ടിയുണ്ടാക്കി. നിസ്സഹകരണ പ്രസ്ഥാനക്കാര്‍ ഗാന്ധിജിയുടെ നേതൃത്വത്തിലും സംഘടിച്ചു. ഗാന്ധിജി തണ്റ്റെ കര്‍മ്മ പരിപാടിയില്‍ മുഴുകി. കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷന്‍മാരായിത്തീര്‍ന്നവരില്‍ മുസ്ളീംവര്‍ഗ്ഗീയതയും പിന്തിരിപ്പന്‍ സ്വഭാവവും മുറ്റി നിന്നവരില്‍ മുമ്പനായിരുന്നു മുഹമ്മദാലി. മുഹമ്മദാലിയുടെ കീഴില്‍ സെക്രട്ടറിയായിരിക്കാന്‍ ജവഹര്‍ലാലിനു മടിയുണ്ടായിരുന്നില്ല. പണ്ഡിറ്റ്‌ മോട്ടിലാല്‍ നെഹ്‌റുവിണ്റ്റെ നേതൃത്വത്തിലുള്ള സ്വരാജ്‌ പാര്‍ട്ടി രാഷ്ട്രീയ രംഗത്ത്‌ ആധിപത്യം ചെലുത്തുകയും ഗാന്ധിജി നൂല്‍ നൂല്‍പ്പും മറ്റു കര്‍മ്മപരിപാടികളുമായി കഴിയുകയും ചെയ്ത സാഹചര്യത്തില്‍ ജന.സെക്രട്ടറിയെന്ന നിലയില്‍ ജവഹര്‍ലാലിനു കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ൧൯൨൩ല്‍ അലഹബാദ്‌ മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായി ജവഹര്‍ലാല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നു കൊല്ലത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ജവഹര്‍ലാല്‍ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ സ്ഥാനം രാജിവെക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, രാജിവെച്ചില്ല. ജവഹര്‍ലാലിനു അതൃപ്തികരമായി തോന്നിയ ഒരു കാര്യമുണ്ടായിരുന്നു. പത്തുമുപ്പത്തഞ്ചു വയസ്സായിട്ടും അച്ഛണ്റ്റെ വരുമാനത്തെ ആശ്രയിച്ചു കഴിയേണ്ട സ്ഥിതിയാണ്‌ അദ്ദേഹത്തിനു അതൃപ്തിയുണ്ടാക്കിയത്‌. കോണ്‍ഗ്രസ്സ്‌ ഭാരവാഹികള്‍ക്ക്‌ ശമ്പളം നല്‍കണമെന്ന നിര്‍ദ്ദേശം അദ്ദേഹം തന്നെ ഉന്നയിച്ചത്‌ അങ്ങിനെയാണ്‌. പക്ഷെ പൊതു പ്രവര്‍ത്തനം പാവനമാണെന്നു പറഞ്ഞ്‌ മോത്തിലാല്‍ നെഹ്‌റു അതിനെ ശക്തിയായി എതിര്‍ത്തു. പതിവു പോലെ ജവഹര്‍ലാല്‍ വഴങ്ങുകയും ചെയ്തു. പിന്നീട്‌ പലതവണ കോണ്‍ഗ്രസ്സിണ്റ്റെ സന്ദേശം ഗ്രാമങ്ങളില്‍ പോയി പ്രചരിപ്പിക്കാന്‍ ജവഹര്‍ലാല്‍നെഹ്‌റു ആഹ്വാനം നല്‍കിയിട്ടുണ്ട്‌. ജവഹര്‍ലാലിനെപോലെ സമ്പന്നനായ പിതാവില്ലാത്ത കോണ്‍ഗ്രസ്സുകാര്‍ ഈ ജോലി നിര്‍വ്വഹിക്കുമ്പോള്‍ എങ്ങിനെ ചെലവുകഴിയണമെന്നതിനെപ്പറ്റി അദ്ദേഹം ഒന്നും നിര്‍ദ്ദേശിച്ചിട്ടില്ല. മോത്തിലാല്‍ സ്വരാജ്‌ പാര്‍ട്ടിയുടെ നേതാവായിരിക്കുകയും ഗാന്ധിജി കര്‍മ്മ പരിപാടിയുമായി സഹകരിക്കുകയും ചെയ്ത കാലഘട്ടം ഭാരതത്തില്‍ യുവാക്കളുടെ വിപ്ളവാവേശം തിളച്ചു മറിയുന്ന കാലഘട്ടമായിരുന്നു. വൈസ്‌റോയിയുടെ തീവണ്ടിക്ക്‌ ബോംബുവെച്ചതും കേന്ദ്രനിയമസഭയില്‍ ഭഗത്സിങ്ങും ദത്തും ബോംബെറിഞ്ഞതും ആ കാലത്താണ്‌. ഭഗത്സിങ്ങിണ്റ്റെ ജീവന്‍ രക്ഷിക്കാനാകാതെ ഉണ്ടായ ഗാന്ധി- ഇര്‍വിന്‍സന്ധിക്കു ശേഷം ലാഹോറില്‍ കോണ്‍ഗ്രസ്സ്‌ സമ്മേളിച്ചപ്പോള്‍ അക്ഷമരായ യുവാക്കള്‍ യാഥാസ്ഥിതികനേതൃത്വത്തെ വെല്ലുവിളിച്ചു. രവിനദിയുടെ തീരത്ത്‌ വമ്പിച്ച ആള്‍ക്കൂട്ടത്തിണ്റ്റെ സാന്നിദ്ധ്യത്തില്‍ നടന്ന ആ സമ്മേളനത്തിനെത്തിയ ഗാന്ധിജിക്ക്‌ യുവാക്കളുടെ കരിങ്കൊടി പ്രകടനം നേരിടേണ്ടി വന്നു. യുവാക്കളുടെ വിപ്ളവാവേശത്തെ തടുത്തു നിര്‍ത്താന്‍ ഗാന്ധിജി കണ്ടമാര്‍ഗ്ഗം ഇടതുപക്ഷവാചകമടി നടത്തുന്ന ജവഹര്‍ലാലിനെ മുന്നോട്ടു എഴുന്നള്ളിക്കുക തന്നെയാണ്‌. നെഹ്‌റുവായിരുന്നു എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചത്‌. അദ്ദേഹത്തിന്‌ നാല്‍പതു വയസ്സ്‌ ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസ്സിണ്റ്റെ ചരിത്രത്തില്‍ ഏറ്റവും ചെറുപ്പത്തില്‍ പ്രസിഡണ്റ്റായവരില്‍ ഒരാള്‍. അദ്ദേഹത്തിണ്റ്റെ മാതാപിതാക്കളേക്കാള്‍ സന്തുഷ്ടരായവര്‍ ആരും ഉണ്ടായിരുന്നില്ല. മോത്തിലാല്‍ തണ്റ്റെ കസേര മകനുവേണ്ടി ഒഴിഞ്ഞു കൊടുത്തു. ഒരു രാജാവ്‌ തണ്റ്റെ പിന്തുടര്‍ച്ചാവകാശിക്ക്‌ ചെങ്കോല്‍ കൈമാറുന്നതു പോലെ. (നെഹ്‌റു-പൊളിറ്റിക്കല്‍ ബയോഗ്രഫി-മൈക്കേല്‍ ബ്രെച്ചര്‍ പേജ്‌-൮൦)ലാഹോറില്‍ കോണ്‍ഗ്രസ്സിലെ വലതുപക്ഷക്കാര്‍, നികുതി നിഷേധമുള്‍പ്പടെയുള്ള നിയമലംഘനപ്രസ്ഥാനം തുടങ്ങുന്നത്‌ നീട്ടി വയ്ക്കണമെന്ന അഭിപ്രായക്കാരായിരുന്നു. ഏഐസിസിക്ക്‌ യുക്തമെന്നു തോന്നുന്ന സമയത്ത്‌ സമരം ആരംഭിക്കാന്‍ അധികാരപ്പെടുത്തുന്നതായിരുന്നു ഔദ്യോഗിക പ്രമേയം. കോണ്‍ഗ്രസ്സിണ്റ്റെ പ്രദേശിക കമ്മിറ്റികളെ അടിസ്ഥാനമാക്കി സമാന്തര ഗവണ്‍മെണ്റ്റുകള്‍ ഉണ്ടാക്കണമെന്നും കര്‍ഷകരേയും തൊഴിലാളികളേയും യുവാക്കളേയും പ്രത്യക്ഷനടപടിക്ക്‌ തയ്യാറാക്കണമെന്നും സുഭാഷ്ബോസ്‌ ആവശ്യപ്പെട്ടു. പക്ഷേ ഗാന്ധിജി തണ്റ്റെ നിലപാടില്‍ ഉറച്ചു നിന്നു. സൂഭാഷ്‌ തണ്റ്റെ അസന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്സിനകത്ത്‌ മറ്റൊരു വിഭാഗത്തെ സംഘടിപ്പിച്ചു. ചര്‍ച്ചകള്‍ക്കിടയില്‍ നെഹ്‌റു മുഴുവന്‍ സമയവും നിശ്ശബ്ദനായിരുന്നു. വൈകാരികമായി അദ്ദേഹത്തിന്‌ ബോസിനോടാണ്‌ അനുഭാവമുണ്ടായിരുന്നത്‌. എന്നാല്‍ ബുദ്ധിപരമായി ഗാന്ധിജിയുടെ പ്രമേയത്തിനോടായിരുന്നു അടുപ്പം. (നെഹ്‌റു- പൊളിറ്റിക്കല്‍ ബയോഗ്രഫി, പേജ്‌ ൮൧) പക്ഷേ, പതിവിനനുസരിച്ച്‌ നെഹ്‌റു തണ്റ്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ വളരെ വികാരാവേശത്തോടെ തണ്റ്റെ മനസ്സ്‌ ഇടതുപക്ഷത്താണെന്ന്‌ കാണിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷന്‍ ജവഹര്‍ലാല്‍നെഹ്‌റുവായിരുന്നെങ്കിലും സംഘടനയെ മഹാത്മാഗാന്ധിയാണ്‌ നയിച്ചിരുന്നത്‌. അദ്ദേഹം രാഷ്ട്രീയത്തില്‍ നൂതനാദ്ധ്യായം രചിച്ചു കൊണ്ട്‌ ഉപ്പു സത്യാഗ്രഹം നടത്തിയത്‌ ആ സന്ദര്‍ഭത്തിലാണ്‌. ഗാന്ധിജി ദണ്ഡിയാത്ര നടത്തുന്നതിനിടയില്‍ ജവഹര്‍ലാല്‍ തടവിലാക്കപ്പെട്ടു. കമലാനെഹ്‌റു വിദേശ വസ്ത്രബഹിഷ്ക്കരണത്തിലും മറ്റും സഹകരിച്ചു. നിയമലംഘന പ്രസ്ഥാനത്തിനിടയില്‍ കമലാനെഹ്‌റുവിനെ കോണ്‍ഗ്രസ്സ്‌ വര്‍ക്കിങ്ങ്‌ കമ്മിറ്റിയിലേക്ക്‌ ഒരു ബദല്‍ അംഗമെന്ന നിലയില്‍ നോമിനേറ്റ്‌ ചെയ്യുവാന്‍ നെഹ്‌റു മറന്നില്ല. ഒരിക്കല്‍ നെഹ്‌റുവിനെ തടവില്‍ നിന്നു വിട്ടുവെങ്കിലും വീണ്ടും അദ്ദേഹത്തെ അറസ്റ്റു ചെയ്തു. നെഹ്‌റു ചെയ്ത ഒരു പ്രസംഗത്തിണ്റ്റെ അടിസ്ഥാനത്തിലാണ്‌ ഈ അറസ്റ്റുണ്ടായത്‌. തടവിലാക്കപ്പെട്ട നെഹ്‌റുവും കോണ്‍ഗ്രസ്സ്‌ പ്രസിഡണ്റ്റിണ്റ്റെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പിച്ചു കൊടുത്തത്‌ അച്ഛനു തന്നെയാണ്‌. മോത്തിലാല്‍ ആകട്ടെ രോഗശയ്യയില്‍ ഇരുന്നു കൊണ്ട്‌ സ്വാതന്ത്യ്ര സമരത്തിനിടയില്‍ നെഹ്‌റു പൂജ ഉല്‍ഘാടനം ചെയ്യുകയാണുണ്ടായത്‌. ആ വര്‍ഷം നവംബര്‍ ൧൪ ന്‌ (ജവഹര്‍ലാലിണ്റ്റെ ജന്‍മദിനം) ഇന്ത്യയൊട്ടാകെ, ജവഹര്‍ലാലിണ്റ്റെ അറസ്റ്റിനിടയാക്കിയ പ്രസംഗം തന്നെ ആവര്‍ത്തിച്ചു വായിക്കുവാനായിരുന്നു മോത്തിലാലിണ്റ്റെ നിര്‍ദ്ദേശം. അങ്ങനെ മോത്തിലാല്‍ കോണ്‍ഗ്രസ്സുകാരെക്കൊണ്ട്‌ ജവഹര്‍ലാലിണ്റ്റെ ജന്‍മദിനം നിയമലംഘനപ്രസ്ഥാനത്തോടൊപ്പം തന്നെ ആഘോഷിച്ചു. ജവഹര്‍ലാല്‍ മകളുടെ ജന്‍മദിനം ആഘോഷിക്കാന്‍ കണ്ടെത്തിയ സൂത്രം സൂക്ഷ്മദൃഷ്ടിയുള്ളവര്‍ക്കേ മനസ്സിലാക്കാനൊക്കൂ. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കേ തന്നെ ഒരു കൂട്ടം പഴയ കത്തുകള്‍പ്രസിദ്ധപ്പെടുത്തുകയുണ്ടായല്ലോ. ഈ കത്തുകള്‍ എല്ലാം തന്നെ കത്തുകളിലെ തീയതിക്രമം അനുസരിച്ച്‌ ആദ്യം എഴുതിയത്‌ ആദ്യം ചേര്‍ത്താണ്‌ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍, ഒരേയൊരു കത്തുമാത്രം ഈ ക്രമം തെറ്റിച്ച്‌ ആദ്യമേ തന്നെ എടുത്ത്‌ ചേര്‍ക്കാന്‍ ജവഹര്‍ലാല്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. ൧൯൧൭ ജൂലായ്‌ ൧-ന്‌ ബി.ജി. ബോര്‍ണിമാനില്‍ നിന്ന്‌ ചേര്‍ത്തിരിക്കുന്ന കത്ത്‌ ൧൯൧൭ ഡിസംബര്‍ ൧൭ ന്‌ സരോജിനി നായിഡുവില്‍ നിന്ന്‌ ലഭിച്ച കത്താണ്‌. എണ്റ്റെ മകള്‍ ഇന്ദിര, (ഇപ്പോള്‍ ഇന്ദിരാഗാന്ധി) പിറന്നപ്പോള്‍ എഴുതിയതാണ്‌ ഈ കത്ത്‌ എന്ന മുഖക്കുറിപ്പോടെ ജവഹര്‍ലാല്‍ അവതരിപ്പിക്കുന്നതും മറ്റുതരത്തില്‍ അപ്രധാനമായതുമായ കത്ത്‌ സരോജിനിനായിഡു അവസാനിപ്പിച്ചിരിക്കുന്നത്‌ ഇങ്ങനെയാണ്‌. എല്ലാവര്‍ക്കും എണ്റ്റെ സ്നേഹവും ഇന്ത്യയുടെ പുതിയ ആത്മാവിന്‌ എണ്റ്റെ ചുംബനവും. ഇന്ന്‌ ഇന്ദിര ഇന്ത്യയുടെ ആത്മാവാണെന്നും മറ്റും പുകള്‍ പാട്ടുകാര്‍ എഴുതിവെച്ച പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാനിടയായതിണ്റ്റെ തുടക്കം ഈ തെരഞ്ഞെടുത്ത കത്തില്‍ കാണാം. പക്ഷേ ഇക്കൂട്ടത്തിലുള്ള കത്തുകളില്‍ തന്നെ സുബാഷ്‌ ചന്ദ്രബോസ്‌ എഴുതിയ കത്തും ചേര്‍ത്തിട്ടുണ്ട്‌. സുബാഷിണ്റ്റെ കത്ത്‌ ശ്രദ്ധാപൂര്‍വ്വം വായിച്ചിരുന്നുവെങ്കില്‍ ജവഹര്‍ലാല്‍നെഹ്‌റുവിണ്റ്റെ -മായികപ്രഭയില്‍ മയങ്ങിയവരുടെ എണ്ണം ഇന്നത്തേതില്‍ വളരെ കുറയുമായിരുന്നു. ൧൯൩൯ മാര്‍ച്ച്‌ ൨൮ ന്‌ ആണ്‌ സുഭാഷ്‌ ഈ സുദീര്‍ഘമായ കത്ത്‌ ജവഹര്‍ലാലിനെ എഴുതിയത്‌. കഴിഞ്ഞ കുറേക്കാലമായി താങ്കള്‍ക്ക്‌ എണ്റ്റെനേരെ ഏറിവരുന്ന അനിഷ്ടമാണുള്ളതെന്നു ഞാന്‍ കാണുന്നുഎന്നു പറഞ്ഞു കൊണ്ടാണ്‌ സുഭാഷ്‌ കത്താരംഭിക്കുന്നത്‌.(ഒരു കൂട്ടം പഴയ കത്തുകള്‍- കുറേ ജവഹര്‍ലാല്‍ നെഹ്‌റുവിനും കുറച്ച്‌ അദ്ദേഹവും എഴുതിയത്‌- വിവര്‍ത്തനം-സുകുമാര്‍ അഴിക്കോട്‌, തായാട്ടുശങ്കരന്‍- മാതൃഭൂമിപ്രസിദ്ധീകരണം. പേജ്‌ ൪൪൮). നീണ്ട ഈ കത്തില്‍ നെഹ്‌റുവിനെപ്പറ്റി സുഭാഷ്‌ നടത്തുന്ന പരാമര്‍ശനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടതാണ്‌...........ഗാന്ധിജിയുമായി കൂടിയാലോചിച്ച്‌ വിവരം അറിയിക്കാമെന്നു പറഞ്ഞുകൊണ്ട്‌ എണ്റ്റെ ചോദ്യങ്ങളില്‍ നിന്ന്‌ താങ്കള്‍ ഒഴിഞ്ഞുമാറി.................. പന്ത്രണ്ടംഗങ്ങള്‍ രാജിവെച്ചു. (വര്‍ക്കിങ്ങ്‌ കമ്മിറ്റിയില്‍ നിന്നും) അന്തസ്സോടെ എഴുതിയ രാജികത്തില്‍ പ്രസ്താവനയോ. താങ്കളും മറ്റു പന്ത്രണ്ടുപേരെപ്പോലെ കമ്മറ്റിയില്‍ നിന്നു രാജിവെച്ചിരിക്കുന്നു എന്ന ബോധം ആ പ്രസ്താവന നല്‍കുന്നു. പക്ഷേ, താങ്കളുടെ നില എന്തെന്ന്‌ പൊതുജനങ്ങള്‍ക്ക്‌ ഇതുവരെ അജ്ഞാത രഹസ്യമായിത്തന്നെ നിലകൊള്ളുന്നു. ........... ഞങ്ങളുടെ നിര്‍ഭാഗ്യത്തിന്‌ വലതുപക്ഷത്തിണ്റ്റെ മാപ്പു സാക്ഷിയെന്ന നിലക്കാണ്‌ മറ്റുള്ളവരുടെ മുമ്പില്‍ താങ്കള്‍ പ്രത്യക്ഷപ്പെടുന്നതെന്ന കാര്യം താങ്കള്‍ക്ക്‌ ബോദ്ധ്യമാകുന്നില്ല................. അതേസമയം ഒരു സോഷ്യലിസ്റ്റാണെന്നും താങ്കള്‍ അവകാശപ്പെടുന്നു. ഒരു സോഷ്യലിസ്റ്റിന്‌ താങ്കള്‍ സ്വയം കരുതുന്നതു പോലെ വ്യക്തിവാദിയാകാന്‍ എങ്ങനെ കഴിയുമെന്ന്‌ എനിക്ക്‌ മനസ്സിലാകുന്നില്ല........... ഒരാള്‍ ചില ആദര്‍ശങ്ങളിലും തത്വങ്ങളിലുലം വിശ്വസിക്കുന്നുണ്ടെങ്കില്‍ അത്‌ യാഥാര്‍ത്ഥ്യത്തിലേക്ക്‌ പകര്‍ത്താന്‍ ഉദ്യമിക്കേണ്ടതാണ്‌. ഗാന്ധി-ഇര്‍വിന്‍ സന്ധിക്ക്‌ താങ്കള്‍ എതിരായിരുന്നു. പക്ഷേ, ഐക്യത്തിണ്റ്റെ പേരില്‍ താങ്കള്‍ അതിനു വഴങ്ങി. സംസ്ഥാനങ്ങളില്‍ ഉദ്യോഗം ഏറ്റെടുക്കുന്നതില്‍ താങ്കള്‍ എതിരായിരുന്നു. പക്ഷേ ഉദ്യോഗമേറ്റെടുക്കുന്നതിന്‌ തീരുമാനമെടുത്തപ്പോള്‍ താങ്കള്‍ അതിനും വഴങ്ങി.......... കോണ്‍ഗ്രസ്സിനെ നയിക്കുകയെന്ന ചുമതലയില്‍ നിന്നും നാം പിന്‍മാറരുതെന്ന്‌ ശാന്തി നികേതനത്തില്‍വെച്ച്‌ പരസ്പരം കണ്ടപ്പോള്‍ ഞാന്‍ നിര്‍ദ്ദേശിച്ചത്‌ താങ്കള്‍ ഓര്‍ക്കുന്നുണ്ടാകും. അന്ന്‌ താങ്കള്‍ എന്നോട്‌ യോജിച്ചു.............. പിന്നീട്‌ മറ്റു ഭാഗം ചേര്‍ന്നു........... പക്ഷേ, താങ്കളുടെ സോഷ്യലിസവും ഇടതുപക്ഷവുമെല്ലാം എങ്ങോട്ടുപ്പോയി?.......... താങ്കളുമായി ഇടപെടുന്നതില്‍ സര്‍ദാര്‍ പട്ടേലിനും മറ്റുള്ളവര്‍ക്കും സമര്‍ത്ഥമായ ഒരു തന്ത്രമുണ്ട്‌. വേണ്ടത്ര സംസാരിച്ചു കൊള്ളാന്‍ അവര്‍ താങ്കളെ അനുവദിക്കും. ഒടുവില്‍ അവരുടെ പ്രമേയം എഴുതി ഉണ്ടാക്കാന്‍ താങ്കളോട്‌ ആവശ്യപ്പെട്ടു കൊണ്ട്‌ അതവസാനിപ്പിക്കുകയും ചെയ്യും. പ്രമേയം എഴുതി ഉണ്ടാക്കാന്‍ താങ്കളെ ഏല്‍പിച്ചു കഴിഞ്ഞാല്‍ താങ്കള്‍ സന്തുഷ്ടനായി അതാരുടെ പ്രമേയമായാലും വേണ്ടില്ല. താങ്കള്‍ സ്വന്തം അഭിപ്രായത്തില്‍ അവസാനം വരെ ഉറച്ചു നില്‍ക്കുന്നത്‌ ഞാന്‍ ദുര്‍ല്ലഭമായേ കണ്ടിട്ടുള്ളൂ. സുഭാഷിണ്റ്റെ സുദീര്‍ഘമായ ഈ കത്തില്‍ ജവഹര്‍ലാലിന്‌ സുഭാഷിനോട്‌ നേതൃത്വപരമായ അസൂയ ഉണ്ടായിരുന്നുവെന്ന്‌ വ്യക്തമാകുന്നുണ്ട്‌. സ്വന്തം ഇടതുപക്ഷമുഖത്തിന്‌ മങ്ങലേല്‍ക്കുമെന്നു കാണുമ്പോള്‍ സുഭാഷിനെ കരിതേക്കാന്‍ ജവഹര്‍ലാല്‍ സന്നദ്ധനായിരുന്നു. സുഭാഷിണ്റ്റെ അതിസാഹസികത്വം ഇന്‍ഡ്യയെ അപകടത്തിലാക്കുമായിരുന്നുവെന്ന്‌ ഇന്നും പ്രഖ്യാപിക്കുന്ന ചിലരുണ്ട്‌. ബ്രിട്ടീഷ്‌ വിരുദ്ധ ശക്തികളുമായി സഖ്യം ചേരുന്നതില്‍ സുഭാഷിനെ കുറ്റപ്പെടുത്തി തണ്റ്റെ നിലപാട്‌ ന്യായീകരിക്കാന്‍ നെഹ്‌റു പക്ഷക്കാര്‍ തരം കിട്ടുമ്പോഴെല്ലാം ശ്രമിക്കുന്നുമുണ്ട്‌. ബ്രിട്ടീഷ്‌ ചരിത്രകാരനായ മൈക്കേല്‍ എഡ്വേര്‍ഡ്സ്‌ തന്നെ സുഭാഷിണ്റ്റെ സംഭാവന എന്തെന്ന്‌ പറയുന്നുണ്ട്‌. വ്യത്യസ്തമായ ബലപ്രയോഗത്തിണ്റ്റെ മാര്‍ഗ്ഗം അവലംബിച്ചത്‌ മറ്റുള്ളവരില്‍ നിന്നു ഉയര്‍ന്ന്‌ നില്‍ക്കുന്ന ഒരു വ്യക്തിമാത്രമാണ്‌- ഒരു തരത്തില്‍ മറ്റാരെയുംകാള്‍ ഇന്ത്യ അദ്ദേഹത്തോട്‌ കടപ്പെട്ടിരിക്കുന്നത്‌- അദ്ദേഹം ഒരു പരാജയമാണ്‌ എന്നു തോന്നിച്ചിരുന്നെങ്കിലും എന്നു അഭിപ്രായപ്പെട്ടു കൊണ്ട്‌ ഈ ബ്രിട്ടീഷ്‌ ചരിത്രകാരന്‍ എഴുതുന്നു. ലോകത്തെക്കുറിച്ച്‌ സുവ്യക്തമായ വീക്ഷണമുള്ള ബോസ്‌ അകലെ യൂറോപ്പില്‍ പുറത്ത്‌ നിന്നു ഇന്ത്യയെ മോചിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച്‌ ആലോചിക്കുകയായിരുന്നു. മറ്റു കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ വ്യക്തമായ ഒരു പരിപാടിയുമില്ലാതെ ബ്രിട്ടന്‍ ഇന്ത്യ വിടണമെന്ന പ്രമേയം പാസ്സാക്കി ജയിലില്‍ പോയി ബ്രിട്ടീഷ്‌ വാഴ്ചയുടെ അവസാനനാളുകളിലേക്ക്‌ ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ബോസിണ്റ്റെ ആത്മാവ്‌ സമ്മേളനമുറികളില്‍ സന്നിഹിതമായിരുന്നു. ജീവിതത്തില്‍ നിഷധിക്കപ്പെട്ട വിജയം മരണത്തില്‍ അദ്ദേഹം നേടുകയായിരുന്നു. (ലാസ്റ്റ്‌ ഇയേഴ്സ്‌ ഓഫ്‌ ബ്രിട്ടീഷ്‌ ഇന്ത്യ- മൈക്കേല്‍ എഡ്വേര്‍ഡ്സ്‌, പേജ്‌ ൯൭)സുഭാഷ്ബോസും മഹാത്മാഗാന്ധിയും മറ്റനേകം ദേശാഭിമാനികളും സ്വാതന്ത്യ്ര സമരത്തില്‍ കാര്യമായ ഒരു പങ്കും വഹിച്ചിട്ടില്ലെന്നും നെഹ്‌റു കുടുംബത്തിണ്റ്റെ കാരുണ്യം കൊണ്ടാണ്‌ ഭാരതം സ്വാതന്ത്യ്രം നേടിയതും ജനാധിപത്യ ഭരണരീതി നിലവില്‍ വന്നതും എന്നും തോന്നിക്കുന്ന രീതിയില്‍ ഇന്ദിരാഗാന്ധി പലപ്പോഴും പ്രസംഗിച്ചിട്ടുണ്ട്‌. പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു ജീവിച്ചിരിക്കെതന്നെ ൧൯൬൨ ല്‍ ദല്‍ഹിയില്‍ എല്‍. ഐ. സി. ഗ്രൌണ്ടില്‍ ഇന്ദിര ചെയ്ത ഒരു പ്രസംഗത്തെപ്പറ്റി പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റും പത്രപ്രവര്‍ത്തകനുമായ രാജീന്ദര്‍പുരി എഴുതിയത്‌ ഇങ്ങിനെയാണ്‌. എന്നാല്‍ അവര്‍ അത്‌ പറഞ്ഞ രീതി തികച്ചും അരോചകമായിരുന്നു. അവിടെ കൂടിയിരുന്ന സഹികെട്ട ദാരിദ്രവാസികളായ നമ്മളോട്‌ അവര്‍ പറഞ്ഞത്‌ അവരുടെ അച്ഛന്‍ നമുക്ക്‌ സ്വാതന്ത്യ്രം നേടിത്തന്നു, നമുക്ക്‌ ജനാധിപത്യം സംഭാവന ചെയ്തു. അതു ഉദാരമായ ദാനം പോലെതന്നതാണ്‌- ഗാന്ധിയും ആസാദും പട്ടേലും മറ്റുള്ളവരും സ്വയം എന്തൊക്കെയോ ചെയ്തു കൊണ്ട്‌ എവിടെയോ സമയം പോക്കിയിരുന്ന സന്ദര്‍ഭത്തിലാണ്‌ അവരുടെ അച്ഛന്‍ ഇതെല്ലാം ചെയ്തത്‌. (എ ക്രെസിസ്റ്റ്‌ ഓഫ്‌ കോണ്‍ഷ്യന്‍സ്‌ - രാജീന്ദര്‍പുരി- ഓറിയണ്റ്റ്‌ പേപ്പര്‍ബാക്ക്സ്‌, പേജ്‌ ൧൧൧)ഈ രീതിയില്‍ ഇന്ദിര ചെയ്യുന്ന നാണം കെട്ട പ്രസംഗങ്ങളും കുടുംബപുരാണ കഥനവും ദേശാഭിമാനമുള്ള ആരെയും പ്രകോപിതരാക്കുന്നതാണ്‌. എന്നിട്ടും പാര്‍ശ്വവര്‍ത്തികളുടേയും സ്തുതിപാഠകരുടേയും പ്രോത്സാഹനത്തോടെ കഴിഞ്ഞ കാലത്ത്‌ ബോധപൂര്‍വ്വം ഭാരതത്തില്‍ നെഹ്‌റുപൂജ തുടരാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്‌. സ്വാതന്ത്യ്ര ഭാരതത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രമുള്ള നാണയം അച്ചടിച്ചിറക്കും മുമ്പ്‌ ജവഹര്‍ലാലിണ്റ്റെ ചിത്രമുള്ള നാണയങ്ങളാണ്‌ അടിച്ചിറക്കിയതെന്നകാര്യം പലരും ഓര്‍ക്കുന്നുണ്ടാകുകയില്ല. ഇന്ന്‌ അടിയന്തിരാവസ്ഥയുടെ പ്രത്യേകാധികാരങ്ങല്‍ ഉപയോഗിച്ച്‌ നാലാം തലമുറക്കാരനായ സഞ്ജയ്ഗാന്ധിയെ നേതാവാക്കാനുള്ള കുത്സിത ശ്രമങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. സഞ്ജയ്ഗാന്ധിയുടെ ചിത്രങ്ങലും അഭിമുഖസംഭാഷണങ്ങളും പ്രസംഗങ്ങളും ഇല്ലാത്ത പത്രമാസികകള്‍ ഇല്ലെന്നായിട്ടുണ്ട്‌. പത്രക്കാരില്‍ നിന്നും എപ്പോഴും ഒഴിഞ്ഞുമാറി നില്‍ക്കുന്ന ആളെന്ന കെ എ അബ്ബാസ്‌ കുറ്റപ്പെടുത്തിയ സഞ്ജയനാണ്‌ ഇന്ന്‌ പത്ര പംക്തികളിലെ കഥാനായകന്‍. നാവടക്കൂ-പണിയെടുക്കൂ, എന്ന ആഹ്വാനം മുഴക്കിക്കൊണ്ട്‌ നാവിട്ടടിക്കുന്ന സഞ്ജയന്‍ അമ്മയുടെ ഇരുപതിനത്തിന്‌ പുറമെ നാലിനപരിപാടികൂടി അവതരിപ്പിച്ചിട്ടുണ്ട്‌. കുടുംബാസൂത്രണത്തിന്‌ ആളെപിടിക്കുക, മരംനടുക, സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുക, അക്ഷരാഭ്യാസം ചെയ്യിക്കുക എന്നിവയാണ്‌ അയാളുടെ നാലിനം. വന്ധ്യംകരണത്തിനു പുറമെ ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഉപാധിയായി ഇന്ദിരയുടെ ഗവ.വിവാഹപ്രായം ഉയര്‍ത്തുന്നതാണെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. പെണ്‍കുട്ടികളുടെ വിവാഹപ്രായം ൧൫ല്‍ നിന്നു ൧൮ ആയി ഉയര്‍ത്തുന്നതാണെന്ന ഇന്ദിരാഗവണ്‍മെണ്റ്റിണ്റ്റെ പ്രഖ്യാപനം നല്ലതു തന്നെ. എന്നാല്‍ സഞ്ജയന്‍ യോജിക്കുന്നില്ല. ജനസംഖ്യ നിയന്ത്രണത്തിനുള്ള ഈ പരിപാടിയില്‍ വിശ്വാസം ഇല്ലാഞ്ഞിട്ടായിരിക്കണം ഇന്ദിരാതനയന്‍ പതിനെട്ടുതികയാത്ത മേനകയെ വിവാഹം കഴിച്ചത്‌. സ്ത്രീ സമ്പ്രദായത്തിന്‌ എതിരായി പ്രസംഗിക്കാന്‍ സഞ്ജയനും കൂട്ടുകാരും ഈയിടെ രംഗത്തു വന്നിട്ടുണ്ട്‌. പാവം ജയപ്രകാശ്‌ നാരായണന്‍, അദ്ദേഹത്തിണ്റ്റെ സമ്പൂര്‍ണ്ണ വിപ്ളവത്തിലെ ഒരു പരിപാടി സഞ്ജയ്‌ ഗാന്ധി തട്ടിയെടുത്തു കളഞ്ഞു. സഞ്ജയന്‍ മരം നടാനുള്ള ആഹ്വാനം നടത്തിയത്‌ കേരളത്തില്‍ കെഎസ്‌യു ക്കാരും യൂത്തു കോണ്‍ഗ്രസ്സുകാരും കൂടി നടത്തിയ കൃഷിയെപ്പറ്റി കേട്ടിട്ടായിരിക്കണം. ലക്ഷം വീടുകളിലെല്ലാം അടുക്കളതോട്ടമുണ്ടാക്കുമെന്ന്‌ പ്രഖ്യാപിച്ച കെഎസ്‌യു യൂത്തുകോണ്‍ഗ്രസ്സുകാരുടെ പ്രചരണകൃഷിയില്‍ നല്ലവിളവുണ്ടായിട്ടുണ്ടല്ലോ. സഞ്ജയണ്റ്റെ പ്രസംഗം പത്രങ്ങളില്‍ അച്ചടിച്ചുവന്നു തുടങ്ങിയപ്പോള്‍ ആളുകള്‍ക്ക അക്ഷരം വായിക്കുവാനറിയാത്തതിണ്റ്റെ കുറവ്‌ അയാള്‍ക്ക്‌ ബോദ്ധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത്രയും നല്ല കാര്യം. സഞ്ജയണ്റ്റെ പ്രസംഗങ്ങള്‍ ചേര്‍ത്ത്‌ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സഞ്ജയ്‌ ചിന്തകള്‍ വായിച്ചു മനസ്സിലാക്കണമെങ്കിലും അക്ഷരമറിയാതെ പറ്റില്ലല്ലോ. സഞ്ജയ ചിന്തയുടെ മഹാത്മ്യം ആദ്യമായി മനസ്സിലാക്കിയത്‌ മുന്‍ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രസിഡണ്റ്റ്‌ പ്രിയരഞ്ജന്‍ദാസ്‌ മുന്‍ഷിയാണ്‌. അദ്ദേഹം രാജി വെച്ചു. കേരളത്തിലെ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ നേതാക്കളആയ പി സി ചാക്കോയും വി എം സുധീരനും അല്‍പം താമസിച്ചാണ്‌ മനസ്സിലാക്കിയത്‌. തങ്ങല്‍ വോട്ടു ചെയ്താണ്‌ സഞ്ജയ്‌ ഗാന്ധിയെ നേതാവായി തെരഞ്ഞെടുത്തതെന്ന്‌ ഇരുവരും സാഭിമാനം പത്രസമ്മേളനം വിളിച്ചുകൂട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ഉണ്ണികൃഷ്ണന്‍ മനസ്സില്‍ വിളങ്ങുമ്പോള്‍ ഉണ്ണികളെന്തിന്‌ വേറെ എന്നു ചോദിച്ചതു പോലെ സഞ്ജയ്‌ ചിന്തകള്‍ ഉള്ളപ്പോള്‍ പത്രങ്ങള്‍ മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. പത്രങ്ങള്‍ അനാവശ്യമായ ചിന്തകളില്‍ മുഴുകിയതും ഇല്ലാത്തകാര്യങ്ങള്‍ പ്രചരിപ്പിച്ചതുമാണ്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമെന്ന്‌ പ്രധാനമന്ത്രി വിശദീകരിച്ചിട്ടില്ലേ? അങ്ങനെ പത്രങ്ങളെ കുറെയൊക്കെ വിശ്വസിച്ച്‌ ഒരു പ്രളയം വരുകയാണെന്നും അത്‌ ഞങ്ങളെയെല്ലാം കുത്തിഒലിപ്പിച്ചു കൊണ്ടു പോകുമെന്നും ഞങ്ങളും വിശ്വസിച്ച്‌ പോയി. വിപത്ത്‌ സാദ്ധ്യത നേരിട്ടു കൊണ്ട്‌ പ്രളയത്തെ അഭിമുഖീകരിക്കണമെന്നും എനിക്ക്‌ തോന്നി. അതിനുള്ള നടപടി എടുത്തു. എന്നിട്ട്‌ എന്തുണ്ടായി? ഗര്‍ജ്ജനം പോയിട്ട്‌ ഒരു തേങ്ങല്‍ പോലുമില്ല. പത്രങ്ങള്‍ ഇല്ലാതായപ്പോള്‍ പ്രക്ഷോഭണങ്ങളും ഇല്ലാതായി. പത്രങ്ങളുടെ കടലാസ്സുകളിലായിരുന്നു പ്രക്ഷോഭണം. പത്രങ്ങളില്‍ സെന്‍സര്‍ഷിപ്പ്‌ എന്തിന്‌ എന്ന്‌ ചോദിച്ചാല്‍ ഇതാണ്‌ എണ്റ്റെ ഉത്തരം. (നമ്മുടെ ജനാധിപത്യ ഘടനയുടെ സംരക്ഷണം- പ്രധാനമന്ത്രി അടിയന്തിരാവസ്ഥയുടെ കാരണങ്ങള്‍ വിശദീകരിച്ചു കൊണ്ട്‌ ൧൯൭൫ ജൂലായ്‌ ൨൨ന്‌ ലോകസഭയില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്‌)രാഷ്ട്രപതിയും പരസ്പരം വായിച്ചു തെറ്റിദ്ധരിച്ചു പോയതാകണം. അതല്ലെങ്കില്‍ അഭ്യന്തര കലാപം ഉണ്ടാകാന്‍ പോകുന്നു എന്ന കാരണം പറഞ്ഞ്‌ രാഷ്ട്രപതി ഫക്രൂദ്ദീന്‍ ആലി അഹമ്മദ്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഒരു പ്രക്ഷോപണവും നടക്കുന്നില്ലെന്നും ആരും ഇന്ദിരാസര്‍ക്കാരിനെ അട്ടിമറിക്കാന്‍ പോകുന്നില്ലെന്നും പ്രധാനമന്ത്രി നേരത്തെ രാഷട്രപതിയെ ഉപദേശിച്ചു കൊടുക്കേണ്ടതായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു രാഷ്ട്രപതി വിളംബരം ചെയ്ത കാര്യം എന്തു തന്നെ ആയാലും ഇന്ദിരാഗാന്ധി പറയുന്നത്‌ എന്താണ്‌? അമേരിക്കയില്‍ നിന്നു വന്ന കര്‍ഷക നേതാക്കളോട്‌ അവര്‍ പറഞ്ഞത്‌ മരിക്കാന്‍ പോകുന്നെന്ന്‌ തോന്നിച്ച രോഗിക്ക്‌ കൊടുത്ത ഞെട്ടു ചികിത്സയാണ്‌ അടിയന്തിരാവസ്ഥഎന്നാണ്‌(ഹിന്ദു- ഫെബ്രുവരി ൨൧, ൧൯൭൬) രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതുള്‍പ്പെടെ അടുത്തകാലത്ത്‌ ഗവണ്‍മെണ്റ്റ്‌ എടുത്ത നടപടികള്‍ കോണ്‍ഗ്രസ്സിന്‌ അധികാരത്തില്‍ തുടരാന്‍ വേണ്ടിയല്ല, പ്രത്യുത ഭക്ഷ്യോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള പലതരം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജനങ്ങള്‍ക്ക്‌ അവസരം ഉണ്ടാക്കി കൊടുക്കുന്നതിനാണ്‌( ടൈംസ്‌ ഓഫ്‌ ഇന്ത്യ-ഫെബ്രുവരി ൨൪, ൧൯൭൬) ആളുകള്‍ക്ക്‌ വികസന പ്രവര്‍ത്തനത്തിനു അവസരമുണ്ടാക്കാനോ, അവരെ ചികിത്സ നടത്താനോ വേണ്ടി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ വകുപ്പൊന്നുമില്ലാത്തതിനാലായിരിക്കുമോ ആഭ്യന്തര കലാപം തടയാനുള്ള വകുപ്പ്‌ ഉപയോഗിച്ച്‌ രാഷ്ട്രപതി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതെന്നു അറിഞ്ഞു കൂടാ. എന്തായാലും ആളുകളെ ഞെട്ടിക്കുന്ന ചില നടപടികള്‍ അടിയന്തിരാവസ്ഥയ്ക്ക്‌ ശേഷം പ്രധാനമന്ത്രി ത്വിരതഗതിയില്‍ എടുത്തിട്ടുണ്ട്‌. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കാന്‍ കോടതികള്‍ക്ക്‌ അധികാരമില്ലെന്ന നിയമം പില്‍ക്കാല പ്രാബല്യത്തോടെ തന്നെ കൊണ്ടു വന്നു. ഇത്‌ ജഡ്ജിമാരുള്‍പ്പടെ പലരേയും ഞെട്ടിച്ചു. നിലവിലുള്ള പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ വിചാരണയിലിരിക്കുന്ന തര്‍ക്കം പോലും കോടതികള്‍ തീരുമാനിക്കരുതെന്ന ഭരണഘടനാഭേദഗതി തന്നെ ഇന്ദിരാഗാന്ധി കൊണ്ടുവന്നു. പക്ഷേ, സുപ്രീംകോടതി ഇത്‌ നിയമവാഴ്ചക്കും നിയമത്തിനു മുമ്പിലുള്ള തുല്യപരിഗണനക്കും എതിരാണെന്നു വിധിച്ചു കളഞ്ഞു. എത്രയോ നാളായി ജയ്പ്രകാശ്‌ നാരായണനും പ്രതിപക്ഷ കക്ഷികളും തെരഞ്ഞെടുപ്പ്‌ പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്‌ മുറവിളി കൂട്ടുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാന്‍ ഇന്ദിരാഗാന്ധി തയ്യാറായിരുന്നില്ല. അലഹാബാദ്‌ ഹൈക്കോടതി ഇന്ദിരയുടെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കി, തുടര്‍ന്ന്‌ അടിയന്തിരാവസ്ഥയും ഉണ്ടായപ്പോള്‍ എത്ര പെട്ടെന്നാണ്‌ തെരഞ്ഞെടുപ്പ്‌ നിയമത്തില്‍ പരിഷ്ക്കാരങ്ങള്‍ ഉണ്ടായത്‌. ഇനിയും നിയമത്തിലും ഭരണഘടനയിലും തന്നെ പരിഷ്ക്കാരങ്ങല്‍ വരുത്തികൂടായ്കയില്ല. വേണമെങ്കില്‍, ഇന്ദിരാഗാന്ധി ആജീവനാന്തം പ്രധാനമന്ത്രിയായിരിക്കും എന്നു പ്രഖ്യാപിക്കുന്ന ഒരു ഭരണഘടനാ ഭേദഗതി ഔദ്യോഗികമായിത്തന്നെ കൊണ്ടു വരാവുന്നതാണ്‌. ഒരു പക്ഷേ, വയലാര്‍ രവിയോ, ഉണ്ണിക്കൃഷ്ണനോ മറ്റോ, ഇന്ദിരക്ക്‌ ശേഷം സഞ്ജയ്ഗാന്ധിയായിരിക്കും പ്രധാനമന്ത്രിയെന്നു പ്രഖ്യാപിക്കണമെന്നു ഔദ്യോഗിക ഭേദഗതിക്ക്‌ മറ്റൊരു ഭേദഗതി അവതരിപ്പിക്കാനും മതി. എന്നാല്‍ സഞ്ജയ്ഗാന്ധി രാഷ്ട്രീയത്തില്‍ തുടരണമോ എന്നു ഇതേവരെ തീരുമാനിച്ചിട്ടില്ലെന്നാണ്‌ സ്വയം പറയുന്നത്‌. അടിയന്തിരാവസ്ഥ കഴിഞ്ഞാല്‍ ഞാന്‍ ഇതില്‍ തന്നെ ഉറച്ചു നില്‍ക്കുമോ എന്നു എനിക്കറിഞ്ഞു കൂടാ(ടൈംവാരിക, ഫെബ്രു.൨, ൧൯൭൬) സഞ്ജയ്ഗാന്ധിയെ രാഷ്ട്രീയത്തില്‍ തുടര്‍ന്നു നിര്‍ത്താന്‍ വേണ്ടി എന്നും അടിയന്തിരാവസ്ഥ തുടരണമെന്നു നിശ്ചയിക്കുമോ എന്നു നമുക്കും അറിഞ്ഞുകൂടാ. മക്കള്‍ക്ക്‌ വേണ്ടി എന്ത്‌ അടിയന്തിരാവസ്ഥയും നേരിടുന്ന പാരമ്പര്യമാണല്ലോ നെഹ്‌റു കുടുംബത്തിനുള്ളത്‌. മോത്തിലാല്‍ നെഹ്‌റു തൊട്ടു തന്നെ ഈ പാരമ്പര്യം തുടങ്ങിയിട്ടുണ്ട്‌. മോത്തിലാലിണ്റ്റെ ഏറ്റവും വലിയ ഗുണമെന്തെന്ന്‌ ചോദിച്ചപ്പോള്‍ പുത്രവാത്സല്യംഎന്നായിരുന്നു ഗാന്ധിജിയുടെ മറുപടി അത്‌ ഇന്ത്യയുടെ നേര്‍ക്കുള്ള സ്നേഹമായിരുന്നില്ലേ? എന്നു വീണ്ടും ചോദിക്കുകയുണ്ടായി. ഗാന്ധിജി നിസ്സന്ദേഹം പ്രതിവചിച്ചു. അല്ല, ജവഹര്‍ലാലിനോടുള്ള സ്നേഹത്തില്‍ നിന്നാണ്‌ അദ്ദേഹത്തിനു ഇന്ത്യയോടുള്ള സ്നേഹം ഉണ്ടാകുന്നത്‌. (ഭാരതരത്നം-പി നളിനകുമാരി എ വി പബ്ളീഷിങ്ങ്‌ ഹൌസ്‌ പേജ്‌ ൬൨) കോണ്‍ഗ്രസ്സിനോടുള്ള സ്നേഹത്തേക്കാള്‍ ജവഹര്‍ലാലിനോടുള്ള വാത്സല്യം കാരണമായിരിക്കണം അദ്ദേഹം കോണ്‍ഗ്രസ്സ്‌ പ്രസിഡണ്റ്റായിരിക്കെ, മോത്തിലാല്‍ നെഹ്‌റു തണ്റ്റെ ആനന്ദ്ഭവന്‍ കോണ്‍ഗ്രസ്സിനു സംഭാവന നല്‍കിയിട്ടുണ്ട്‌. ആനന്ദ്ഭവണ്റ്റെ പേര്‌ സ്വരാജ്‌ ഭവന്‍ എന്നാക്കി മാറ്റിയിരുന്നു. അതേ വളപ്പില്‍ ആനന്ദ്ഭവന്‍ എന്ന പേരില്‍ മറ്റൊരു ഗൃഹം മോത്തിലാല്‍ നിര്‍മ്മിക്കുകയും ചെയ്തു. പേര്‌ രണ്ടുവീടിനും ആനന്ദ്ഭവന്‍ എന്നായതുകൊണ്ട്‌ പലരും തെറ്റിദ്ധരിച്ചത്‌ ജവഹര്‍ലാലിന്‌ താമസിക്കാന്‍ സ്വകാര്യഗൃഹമൊന്നുമില്ലായിരുന്നു എന്നാണ്‌. ജവഹര്‍ലാല്‍ നെഹ്‌റു മരിച്ചശേഷം മരണപത്രം പുറത്തു വന്നപ്പോള്‍ ചില വിവരങ്ങള്‍ വ്യക്തമായി. രാജ്യത്തിനായി പട്ടടയിലെ ചാരം സംഭാവന ചെയ്തു. ജവഹര്‍ലാല്‍ വീടും സ്വത്തും പുത്രിക്കു തന്നെയാണ്‌ നല്‍കിയത്‌. ൧൯൭൧ല്‍ മാത്രം ഇന്ദിരാഗാന്ധി ഈ വീട്‌ പിതാവിണ്റ്റെ സ്മരണക്കായി സംഭാവന നല്‍കുകയും ചെയ്തു. സ്വകാര്യ ജീവിതത്തിലെ ഇത്തരം കാര്യങ്ങള്‍ പൊതുവേദിയില്‍ വലിച്ചിഴച്ചു കൊണ്ടു വരുന്നത്‌ ചെറ്റത്തരമാണെന്നു ആക്ഷേപിക്കുന്ന ചില നെഹ്‌റു ഭക്തന്‍മാരുണ്ട്‌. എന്തു ചെയ്യാം. ഈ നാട്ടില്‍ മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ ഇന്നും വിലവെക്കുന്നവരുണ്ട്‌. അദ്ദേഹത്തിനു പൊതുജീവിതവും സ്വകാര്യജീവിതവും എന്നു രണ്ടുതരം ജീവിതം ഉണ്ടായിരുന്നില്ല. രഹസ്യം പാപമാണ്‌ എന്നാണ്‌ അദ്ദേഹം പഠിപ്പിച്ചതു തന്നെ. ഉടുക്കുന്ന വസ്ത്രത്തിലും കഴിക്കുന്ന ഭക്ഷണത്തിലും പാര്‍ക്കുന്ന വീട്ടിലും പഠിക്കുന്ന വിദ്യയിലും ചിലനിഷ്ക്കര്‍ഷകള്‍ രാഷ്ട്രീയക്കാര്‍ പാലിക്കണമെന്നു മഹാത്മാഗാന്ധി അനുശാസിച്ചിരുന്നു. പക്ഷേ മഹാത്മാഗാന്ധിയുടെ ശിഷ്യന്‍ എന്നവകാശപ്പെട്ട ജവഹര്‍ലാലിനു കുടുംബത്തിണ്റ്റെ സൌഭാഗ്യത്തിലൊഴികെ ഒന്നിലും നിഷ്ക്കര്‍ഷയുണ്ടായിരുന്നില്ല. അദ്ദേഹത്തിണ്റ്റെ മകള്‍ നിസ്സഹകരണ പ്രസ്ഥാന കാലത്തും അലഹബാദില്‍ യൂറോപ്യന്‍ വനിതകള്‍ നടത്തിയ സെന്ര്‍ഡെസലിയാഡ്‌ സ്കൂളിലാണ്‌ പഠിച്ചത്‌. ഈ സ്കൂളില്‍ മകളെ ചേര്‍ത്തതിനെപ്പറ്റി മോത്തിലാലും മകനും തമ്മില്‍ തര്‍ക്കമുണ്ടായി എന്ന വാര്‍ത്ത പരന്നു. ഈ വാര്‍ത്ത നിങ്ങള്‍ നിഷേധിക്കണമെന്നു മോത്തിലാലിന്‌ മഹാത്മാഗാന്ധി എഴുതി. വിദേശവിദ്യാഭ്യാസ സ്ഥാപനവുമായി നിസ്സഹകരിക്കുക എന്ന തത്വത്തിണ്റ്റെ അടിസ്ഥാനത്തിലല്ലാ ജവഹര്‍ലാലിനു പ്രതിഷേധമുണ്ടായതെന്നു മോത്തിലാല്‍ വിശദീകരിച്ചു. വിദ്യാഭ്യാസത്തിണ്റ്റെ വീക്ഷണത്തില്‍ ആ സ്കൂള്‍ പറ്റിയതാണോ എന്ന കാര്യത്തിലേ ജവഹര്‍ലാലിനു തര്‍ക്കമുണ്ടായിരുന്നുള്ളൂ. ഇന്ദിരയുടെ പ്രായത്തിലുള്ള കുട്ടികളുമായി സഹവസിക്കാന്‍ സൌകര്യമുണ്ടാക്കുകയായിരുന്നു തണ്റ്റെ ഉദ്ദേശമെന്നും ജവഹര്‍ലാല്‍ അത്‌ സമ്മതിച്ചു എന്നും ആണ്‌ മോത്തിലാല്‍ ഗാന്ധിജിക്ക്‌ എഴുതിയത്‌. (റിട്ടണ്‍ ഓഫ്‌ ദി റെഡ്ഡ്‌ ഗാസ്‌-കെഎ അബ്ബാസ്‌ ഉദ്ധരിക്കുന്നത്‌- പേജ്‌ ൪൩) ജവഹര്‍ലാലിന്‌ വിദേശ സ്ഥാപനങ്ങളോടോ, വിദേശവിദ്യാഭ്യാസത്തോടോ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ലെന്നു പിന്നീടു അദ്ദേഹം തെളിയിച്ചിട്ടുണ്ടല്ലോ. ഇന്ദിരയെത്തന്നെ വിദ്യാഭ്യാസത്തിനായി അദ്ദേഹം വിദേശത്തേക്ക്‌ അയച്ചു. ഇന്ദിരക്കും അക്കാര്യത്തില്‍ മടിയുണ്ടായിട്ടില്ല. രണ്ട്‌ മക്കളേയും സ്കൂള്‍ പഠിത്തത്തിനു ശേഷം വിദേശത്തയച്ചാണ്‌ വിദ്യാഭ്യാസം ചെയ്യിച്ചത്‌. യാതൊരു സ്കോളര്‍ഷിപ്പുമില്ലാതെ അഞ്ചാറുവര്‍ഷം ഈ രണ്ടു മക്കള്‍ക്കും ഇംഗ്ളണ്ടില്‍ വിദ്യാഭ്യാസം ചെയ്യാനുള്ള വിദേശ നാണയം ആരു ചെലവഴിച്ചുവെന്നത്‌ ഇന്നും അജ്ഞാതമാണ്‌. ഇപ്പോള്‍ സഞ്ജയ്ഗാന്ധി തനി സ്വദേശിയാണെന്നാണ്‌ പറയുന്നത്‌. മഹാത്മാഗാന്ധിയുടെ ഉപദേശത്തിനു അനുസരിച്ച്‌ അദ്ദേഹം എന്തിലും സ്വദേശി സമ്പ്രദായത്തിലാണ്‌ വിശ്വസിക്കുന്നത്‌. ആ വിശ്വാസം അദ്ദേഹത്തെ ആദ്യമായി മുഴുവന്‍ സ്വദേശിയായ കാര്‍ നിര്‍മ്മാണത്തിനു പ്രേരിപ്പിച്ചു........... അത്‌ തന്നെയാണ്‌ പാശ്ചാത്യരീതിയിലുള്ള വസ്ത്രങ്ങള്‍ ത്യജിച്ച്‌ കുര്‍ത്തയും പൈജാമയും ധരിക്കാനും പ്രേരിപ്പിച്ചത്‌. (ബ്ളിറ്റ്സ്‌,ഫെബ്രുവരി ൧൪,൧൯൭൬)ഇതിനും പുറമെ ഇന്ദിരയും പുത്രനും സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുണ്ട്‌. മകന്‍ മദ്യപിക്കുകയോ, ചായയോ കാപ്പിയോ പോലും കഴിക്കുകയില്ലെന്നാണു ഇന്ദിര പറയുന്നത്‌- ഇതെല്ലാം കേട്ടിട്ടായിരിക്കണം അടിയന്തിരാവസ്ഥക്കാലത്തെ ഒരേമന്ത്രത്തിനു പുറമെ സഞ്ജയ്‌ സ്തുതി കൂടി ഭക്തജനങ്ങള്‍ ദേവിപ്രീതിക്കായി നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇന്ത്യയെന്നും ഇന്ദിരയെന്നും, എല്ലാം ഒരേസത്തയുടെ വിഭിന്ന ഭാഗങ്ങളാണെന്നും ഇന്നു കൂടുതല്‍ ആളുകള്‍ മനസ്സിലാക്കി വരുന്നുണ്ട്‌. ൧൯൬൯ ല്‍ കോണ്‍ഗ്രസ്സില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ തന്നെ വരപ്രസാദം കാത്ത്‌ ഇന്ദിരാപൂജക്കുവേണ്ടി ഭക്തജനങ്ങല്‍ ഓടിക്കൂടിയിരുന്നു. കേരളത്തിലെ യൂത്തുകോണ്‍ഗ്രസ്സുകാര്‍ ഈ ഭക്തജനങ്ങളില്‍ മുന്നിട്ടു നിന്നവരാണ്‌. കോണ്‍ഗ്രസ്സിനകത്ത്‌ പ്രവര്‍ത്തിച്ചിരുന്ന പരിവര്‍ത്തനവാദികള്‍ അന്നു തന്നെ മുന്നറിയിപ്പ്‌ നല്‍കി. വ്യക്തമായലക്ഷ്യവും അതിനു അനുയോജ്യമായ പരിപാടിയും കൂടാതെ പ്രധാനമന്ത്രിയെ വരുത്തി പ്രസംഗിപ്പിച്ചും പ്രകടനം നടത്തിയുംയൂത്ത്‌ കോണ്‍ഗ്രസ്സ്‌ അണികളെ പിടിച്ചു നിര്‍ത്താമെന്നു കരുതുന്നത്‌ വ്യാമോഹമാണെന്നു അനുസ്മരിച്ചു കൊണ്ട്‌ സ്ഛാനം സ്ഥാപിത താല്‍പര്യമാക്കിയ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ നേതാക്കളെ പരിവര്‍ത്തനവാദികള്‍ അനുസ്മരിപ്പിച്ചു. അതു കൊണ്ടാണ്‌ ഇന്ത്യക്കൊട്ടാകെ നേതൃത്വം നല്‍കുന്നതിനുള്ള പരിപാടിയെക്കുറിച്ചു നാലഞ്ചു വര്‍ഷമായി കേട്ടിട്ടും (യൂത്ത്‌ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍) ഇന്ദിരാഗാന്ധിയുടെ പുറകെ മാത്രം പോകുന്നത്‌. ഇന്ദിരഗാന്ദിയുടെ പരിപാടിക്ക്‌ ജയ്‌ വിളിക്കാനല്ലാതെ മറ്റൊന്നിനും ഇവര്‍ക്ക്‌ സാധിക്കാത്തത്‌......... സംഘടനയെ നയിക്കാന്‍ അത്രക്ക്‌ വലിയ സേവനപാരമ്പര്യമോ, പുതിയ പരിപാടികളോ ഇല്ലാത്തവരെ വര്‍ക്കിങ്ങ്‌ കമ്മറ്റിയിലേക്ക്‌ നോമിനേറ്റു ചെയ്താല്‍, അവരെ ക്ഷണിച്ചു വരുത്തി അവര്‍ക്ക്‌ സിന്ദാബാദ്‌ വിളിക്കുന്നത്‌. കോണ്‍ഗ്രസ്സിലെ ഉള്‍പാര്‍ട്ടി ജനാധിപത്യം നശിക്കുന്നതാണ്‌ ഭാരതത്തിലെ ജനാധിപത്യത്തിന്‌ ഏറ്റവും വലിയ ഭീഷണിയായിത്തീരുക എന്നു കാണാന്‍ പരിവര്‍ത്തനവാദികള്‍ക്ക്‌ ആദ്യമേ കഴിഞ്ഞൂ. അടിയന്തിരാവസ്ഥക്ക്‌ തൊട്ടുമുമ്പ്‌ ദല്‍ഹിയില്‍ കോണ്‍ഗ്രസ്സുകാര്‍ സംഘടിപ്പിച്ച പൊതുയോഗം തന്നെ വരാന്‍പോകുന്നതിണ്റ്റെ മുന്നോടി ആയിരുന്നു. ഇന്ദിരാഗാന്ധിയുടെ പുത്രന്‍മാരായ സഞ്ജയ്ഗാന്ധി, രാജീവ്ഗാന്ധി എന്നിവരെയൊക്കെ വിളിച്ചിരുത്തിക്കൊണ്ടാണ്‌ ഇന്ദിരയുടെ പ്രലപനങ്ങളും ജല്‍പനങ്ങളും നടന്നത്‌. കുടുംബാംഗങ്ങള്‍ക്ക്‌ എന്താണ്‌ ഈ രാഷ്ട്രീയയോഗത്തിലെ അദ്ധ്യക്ഷവേദിയില്‍ സ്ഥാനം നല്‍കാന്‍ കാരണം?......... അവരെ വിളിച്ചു അദ്ധ്യക്ഷവേദിയില്‍ ഇരുത്തിയത്‌ കാണുമ്പോള്‍ ബിഎല്‍ഡിക്കാര്‍ ആക്ഷേപിച്ചത്‌ കോണ്‍ഗ്രസ്സുകാരെ സംബന്ധിച്ചിടത്തോളെ അഭിമാനമാണ്‌ ഉണ്ടാക്കിയതെന്നു സംശയിച്ചു പോകും....... ആചന്ദ്രതാരം സന്തതിപരമ്പരകളിലൂടെ ഇന്ദിരവാഴണമെന്നു അവര്‍ പറയാതിരുന്നത്‌ എന്തു കൊണ്ടാണാവോ? (ഇന്ദിരയുടെ അടിയന്തിരം. പരിവര്‍ത്തനവാദി പ്രസിദ്ധീകരണം പേജ്‌ ൩,൧൦) വളരെ താമസിയാതെ കോണ്‍ഗ്രസ്സുകാരും യൂത്ത്‌ കോണ്‍ഗ്രസ്സുകാരും അതു തന്നെ ചെയ്തു. അടിയന്തിരാവസ്ഥയുടെ രാഷ്ട്രീയ സന്തതിയായി സഞ്ജയ്‌ ഗാന്ധിയെന്ന നേതാവ്‌ പിറന്നിരിക്കുന്നു. അടിയന്തിരാവസ്ഥയില്‍ അരങ്ങേറാന്‍ സാധിച്ച ഒരേ ഒരു രാഷ്ട്രീയ നേതാവാണ്‌ സഞ്ജയ്‌ ഗാന്ധി. ചിലര്‍ അടിയന്തിരാവസ്ഥയില്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു, സഞ്ജയ്‌ ഗാന്ധിക്ക്‌ സിന്ദാബാദ്‌ വിളിക്കാന്‍ തയ്യാറെടുക്കുകയാണ്‌ മറ്റു ചിലര്‍. സ്വദേശീവ്രതവും മദ്യവര്‍ജ്ജനവും മറ്റും അനുഷ്ഠിക്കുന്ന രണ്ടാം മഹാത്മാവാണ്‌ സഞ്ജയ്ഗാന്ധി എന്നു പ്രചാരകര്‍ ഉല്‍ഘോഷിക്കുന്നു. സ്വയം സത്യാന്വേഷണ പരീക്ഷണങ്ങളിലൂടെ മഹാത്മാവായിത്തീര്‍ന്നൂ മോഹന്‍ദാസ്ഗാന്ധി എങ്കില്‍ സഞ്ജയ്ഗാന്ധിയുടെ മേല്‍മഹത്വം കെട്ടിവെക്കാനുള്ള പരീക്ഷണം ആണ്‌ ഇന്നു നടക്കുന്നത്‌. സഞ്ജയ്ഗാന്ധി ഈ പരീക്ഷണത്തിലെ ഒരു കരുമാത്രമാണ്‌. അയാളുടെ പിന്നില്‍ എതിര്‍ക്കപ്പെടേണ്ട എല്ലാ ശക്തികളും ഒത്തുകൂടിയിരിക്കുന്നു. ഇന്ന്‌ അയാള്‍ക്ക്‌ സിന്ദാബാദ്‌ വിളിക്കുന്നവര്‍ അധികാരദുര്‍വ്വിനിയോഗം കൊണ്ട്‌ സമ്പത്തുണ്ടാക്കുന്ന അഴിമതിയെ ആണ്‌ ആദരിക്കുന്നത്‌. അഭിപ്രായസ്വാതന്ത്യ്രത്തെ നിഹനിക്കുന്ന അടക്കിവാഴ്ചയേ ആണ്‌ ആരാധിക്കുന്നത്‌-അര്‍ത്ഥവും അധികാരവും ചേര്‍ന്നുണ്ടാക്കിയ അനര്‍ത്ഥമാണ്‌ സഞ്ജയ്ഗാന്ധിയുടെ വരവ്‌.

No comments:

Post a Comment