Total Pageviews

Thursday, December 30, 2010

വിചാര വിപ്ളവത്തിണ്റ്റെ വഴികാട്ടിയായ സ്വദേശാഭിമാനി

ആര്‍ക്ക്‌ പ്രിയമായാലും അപ്രിയ മായാലും പൊതു താല്‍പര്യ ത്തിന്‌ ഗുണകരമെന്ന്‌ തോന്നുന്ന സത്യം വിളിച്ചു പറഞ്ഞ പത്രാധിപരാണ്‌ സ്വദേശാഭിമാനി കെ. രമാകൃഷ്ണപ്പിള്ള. അവസരവാദവും അടവ്‌ നയവും കൊണ്ട്‌ സത്യം മറച്ച്‌ വച്ച്‌ തടി രക്ഷിക്കുന്ന ഏര്‍പ്പാട്‌ സ്വദേശാഭിമാനിക്ക്‌ സദ്ഗുണമായി തോന്നിയിട്ടില്ല. - സത്യം പറയാം, പ്രിയവും പറയാം; എന്നാല്‍ അപ്രിയ സത്യം പറയരുത്‌ എന്ന പ്രമാണം അദ്ദേഹം അംഗീകരിച്ചില്ല. സ്വദേശാഭിമാനി-രാജദ്രോഹിയായരാജ്യസ്നേഹി എന്നപേരില്‍ ടി വേണുഗോപാലന്‍ എഴുതിയ ജീവചരിത്രത്തില്‍ ഈ പ്രമാണത്തെക്കുറിച്ച്‌ രാമകൃഷ്ണപ്പിള്ളയുടെ നിലപാട്‌ വ്യക്തമാക്കുന്നു. സത്യത്തിന്‌ അപ്രിയം എങ്ങനെ വന്നു? സത്യം എന്നത്‌ ഈശ്വര ധര്‍മ്മങ്ങളില്‍ ഒന്നാണെങ്കില്‍ അത്‌ അപ്രിയമാകുവാന്‍ ന്യായമെവിടെ? സത്യം സ്വത: അപ്രിയമല്ല. അത്‌ ആരെക്കുറിച്ചു പറയുന്നുവോ അയാളെ അപേക്ഷിച്ച്‌ മാത്രമേ അപ്രിയമായി ഗണിക്കാന്‍ പാടുള്ളൂ. അയാളുടെ ദുര്‍നടത്ത സത്യമാണെങ്കില്‍ അത്‌ അയാളുടെ അപ്രിയത്തെ ശങ്കിച്ച്‌ വെളിപ്പെടുത്തുവാന്‍ പാടുള്ളതല്ല എന്ന്‌ ശഠിക്കുന്നതിണ്റ്റെ അര്‍ത്ഥം, സമുദായ സംവിധാനത്തിനെന്നല്ല ലോകത്തിനെന്നല്ല, പ്രപഞ്ചത്തിന്‌ തന്നെ ആധാര ഭൂതമായുള്ള ഒരു ധര്‍മ തത്വത്തെ ഹനിക്കേണമെന്നും ആ വഴിയായി സമുദായത്തിന്‌ ഹാനി തട്ടണമെന്നുമല്ലെ? സമുദായത്തിന്‌ കേട്‌ തട്ടിക്കുന്നതായ ദുര്‍നടത്തയില്‍ വിഹരിക്കുന്നവന്‍ അന്ത്യജനാകട്ടെ, പ്രബലനായ പ്രഭുവാകട്ടെ അവനെ സമുദായഫലമായി ഗണിക്കയല്ലാതെ അവണ്റ്റെ മനോവേദനകളെ ഗൌനിക്കേണ്ട ആവശ്യം സമുദായത്തിനില്ല. അവന്‍ സമുദായ ദ്രോഹിയാകയാല്‍ സമുദായ ഭ്രഷ്ടനായി തീരേണ്ടവനാകുന്നു. അങ്ങനെയുള്ളവരുടെ ദുര്‍നടത്തകളെപ്പറ്റി എത്ര പരുഷമായി പറഞ്ഞാലും അത്‌ സമുദായ ദൂഷകമാവുകയില്ല. അങ്ങനെ പറയുന്നത്‌ സമുദായാഭിമാനികളുടെ കടമയാകുന്നു. . ൧൦൯൦ കര്‍ക്കിടകത്തില്‍ ആത്മപോഷിണിയില്‍ സ്വദേശാഭിമാനി ഇങ്ങനെ എഴുതിയത്‌ ടി വേണുഗോപാലന്‍ ഉദ്ധരിക്കുന്നുണ്ട്‌. (സ്വദേശാഭിമാനി രാജ ദ്രോഹിയായ രാജ്യസ്നേഹി കേരള പ്രസ്‌ അക്കാദമി പ്രസിദ്ധീകരണം ടി വേണുഗോപാലന്‍ പേജ്‌-൧൦൪) ദിവാന്‍ പി രാജഗോപാലാചാരിയുടെ ദുര്‍നടത്തകളെ രൂക്ഷമായി വിമര്‍ശിച്ചതിന്‌ സ്വദേശാഭിമാനി നല്‍കിയ ന്യായീകരണമാണ്‌ വേണുഗോപാലന്‍ ചൂണ്ടിക്കാണിക്കുന്നത്‌. ഈ ന്യായീകരണം പരോക്ഷമായി കുമാരനാശാനുള്ള മറുപടിയായിരുന്നു എന്നും ജീവചരിത്രകാരന്‍ പറയുന്നു. ൧൦൮൬ലെ വിവേകോദയത്തില്‍ മഹാകവി എഴുതിയ മുഖപ്രസംഗം രാമകൃഷ്ണപ്പിള്ളയെ നാടു കടത്തിയത്‌ ശരിവെച്ചുകൊണ്ടുള്ളതായിരുന്നു. രാമകൃഷ്ണപ്പിള്ള മുഖം നോക്കാതെ ധീരമായി കാര്യങ്ങള്‍ വിളിച്ചു പറയുന്ന പത്രാധിപര്‍ ആയിരുന്നു എന്നും അങ്ങനെയുള്ളവരുടെ ആവശ്യകത വാസ്തവം പറഞ്ഞാല്‍ തിരുവിതാംകൂറില്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നനും എന്നാല്‍ അടുത്തകാലത്തായി അദ്ദേഹത്തിണ്റ്റെ സ്വരം ദുശ്രാവ്യമായി തീര്‍ന്നിരിക്കുന്നു എന്നും അതാണ്‌ കൊഴപ്പത്തിന്‌ കാരണമായതെന്നും കുമാരനാശാന്‍ പറഞ്ഞിരുന്നു കൂട്ടത്തില്‍ , സത്യം ബ്രൂയാദ്‌. പ്രിയം ബ്രൂയാദ്‌, ന ബ്രൂയാദ്‌ സത്യം അപ്രിയം, പ്രിയം ച നാനൃതം ബ്രൂയാദ്‌, ഏഷ ധര്‍മ്മ: സനാതന എന്ന മനുസൃമതി ശ്ളോകവും ആശാന്‍ ഉദ്ദരിച്ചിരുന്നു. ദിവാന്‍ രാജഗോപാലാചാരിയുടെ സദാചാര വിരുദ്ധ നടപടികളെ രാമകൃഷ്ണ്‍പപിള്ള വിമര്‍ശിച്ചതിനെ ഉദ്ദേശിച്ചാണ്‌ ആശാന്‍ ഈ പരാമര്‍ശം നടത്തിയതെന്ന്‌ വേണുഗോപാലന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട ്‌. . സ്വദേശാഭിമാനിയെ ഒരു മഞ്ഞപത്രക്കാരനായി മാത്രം തെറ്റിദ്ധരിച്ചവരുണ്ട്‌. പക്ഷേ വേണുഗോപാലന്‍ എഴുതിയ ജീവ ചരിത്രം പ്രസിദ്ധീകരിച്ച ശേഷവും മഹാനായ ആ പത്രാധിപരോട്‌ ചില ദുഷ്ടബുദ്ധികള്‍ക്കുള്ള വിരോധവും വിദ്വേഷവും അവസാനിച്ചിട്ടില്ല. രാമകൃഷ്ണപിള്ളയുടെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തിയുണ്ടായ നാടു കടത്തലിണ്റ്റെ നൂറാം വര്‍ഷമാണിത്‌. ൧൯൧൦ സപ്തംബര്‍ ൨൬-ാം തീയതിയാണ്‌ അദ്ദേഹത്തെ തിരുവിതാംകൂറില്‍ നിന്ന്‌ നാടുകടത്തുന്നത്‌. ഒരുനൂറ്റാണ്ടു മുമ്പ്‌ തിരുവിതാംകൂറിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹിക സാഹചര്യങ്ങള്‍ ആലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. സ്വദേശാഭിമാനി അച്ചടിച്ചിരുന്ന അച്ചുകൂടം അടച്ച്‌ പൂട്ടി സര്‍ക്കാര്‍ മുദ്ര വച്ചു. രാമകൃഷ്ണപ്പിള്ളയെ സ്വദേശാഭിമാനിയാക്കിയ വക്കം മുഹമ്മദ്‌ അബ്ദുള്‍ ഖാദര്‍ മൌലവിയെ ഭരണാധികരികള്‍ ആവുന്നത്ര പീഡിപ്പിച്ചു. സ്വാഭാവികമായും സ്വദേശാഭിമാനി പത്രത്തിണ്റ്റെ കിട്ടാവുന്ന പ്രതികളൊക്കെ അപ്രത്യക്ഷമായി. ഭയചകിതരായ വായനക്കാര്‍ പഴയ ലക്കങ്ങള്‍ എല്ലാം നശിപ്പിച്ചിരിക്കും. സ്വദേശാഭിമാനിയുമായി ഒരു ബന്ധവുമില്ലെന്ന്‌ വരുത്താനായിരുന്ന സര്‍ക്കാറിനെ ആശ്രയിച്ചിരുന്നവര്‍ക്ക്‌ താല്‍പര്യം. എത്രയോ കാലം കഴിഞ്ഞ്‌ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഹൈക്കോടതി ന്യായാധിപന്‍മാരില്‍ നിന്നു തന്നെ ഉണ്ടായ പെരുമാറ്റം ഓര്‍ക്കാവുന്നതാണ്‌. അതിനാല്‍ വേണുഗോപാലണ്റ്റെ പുസത്കം പുറത്ത്‌ വരുന്നത്‌ വരെ സ്വദേശാഭിമാനിയുടെ പത്രപ്രവര്‍ത്തനത്തെക്കുറിച്ച്‌ ആധികാരികമായ തെളിവുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട്‌ കേട്ടുകേള്‍വിയുടെയും തല്‍പരകക്ഷികളുടെ കുപ്രചരണങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വദേശാഭിമാനിയെ ആക്ഷേപിച്ചവരോട്‌ സഹതപിക്കാം. ൧൯൯൬ല്‍ വേണുഗോപലണ്റ്റെ പുസ്തകം പുറത്ത്‌ വന്ന ശേഷം സ്വദേശാഭിമാനിക്കെതിരായി പഴയ ആശയങ്ങള്‍ ആവര്‍ത്തിക്കുന്നവരുടെ ബുദ്ധിപരമായ സത്യസന്ധത ചോദ്യം ചെയ്യാതെ വയ്യ. മലയാളത്തില്‍ ഉണ്ടായിട്ടുള്ള മികച്ച ജീവചരിത്ര ഗ്രന്ഥങ്ങളില്‍ ഒന്നാണ്‌, ടി വേണുഗോപാലന്‍ സ്വദേശാഭിമാനിയെക്കുറിച്ച്‌ എഴുതിയ ജീവചരിത്രം. പുസ്തകത്തിണ്റ്റെ അവതാരികയില്‍ പ്രസ്‌ അക്കാദമിയുടെ ചെയര്‍മാനായിരുന്ന വി പി രാമചന്ദ്രന്‍ പറയുന്നത്‌ അക്ഷരംപ്രതി ശരിയാണ്‌. അസാധാരണമായ ഈ പുസ്തകത്തില്‍ സ്വദേശാഭിമാനിയുടെ അദ്ഭുതകരമായ ആശയ പ്രപഞ്ചമാണ്‌ വേണുഗോപാലന്‍ തുറന്നു കാണിക്കുന്നത്‌.ഭാരതത്തിണ്റ്റെ നാനാ ഭാഗത്തും രാഷ്ട്രീയ - സാമൂഹിക പരിഷ്കരണ സംരംഭങ്ങള്‍ നാമ്പെടുത്തുകഴിഞ്ഞ കാലത്തായിരുന്നു സ്വദേശാഭിമാനിയുടെ പത്രപ്രവര്‍ത്തനം. എന്നാല്‍ മറ്റു നവോത്ഥാന നായകരില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന സവിശേഷമായ വ്യക്തിത്വം സ്വദേശാഭിമാനിയുടെ ദീര്‍ഘ വീക്ഷണമാണെന്ന്‌ വേണുഗോപാലന്‍ വ്യകതമാക്കുന്നു. ഭാവിയില്‍ നമ്മുടെ രാഷ്ട്രഗേഹം കെട്ടിപ്പടുക്കേണ്ടത്‌ ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നീ ആധാരശിലകളിന്‍മേലായിരിക്കണമെന്ന്‌ ഒരു പ്രവാചകനെപ്പോലെ സ്വദേശാഭിമാനി കണ്ടറിഞ്ഞിരുന്നു എന്ന്‌ മനസ്സിലാക്കുന്ന ഏത്‌ കേരളീയനാണ്‌ സ്വയം അഭിമാനം കൊള്ളാതിരിക്കുക എന്നാണ്‌ വി പി രാമചന്ദ്രന്‍ ചോദിക്കുന്നത്‌. അദ്ദേഹത്തിണ്റ്റെ ചോദ്യം അസ്ഥാനത്താണെന്നാണ്‌ ഇപ്പോഴും തുടരുന്ന വിമര്‍ശനങ്ങള്‍ കാണിക്കുന്നത്‌. പഴയ ആക്ഷേപക്കാരായ എം കെ കുമാരന്‍, എം പി അപ്പന്‍, കെ വി കുമാരന്‍ എന്നിവരുടെ വിമര്‍ശനങ്ങള്‍ക്കെല്ലാം വേണുഗോപാലന്‍ മറുപടി പറഞ്ഞിട്ടുണ്ട്‌. എസ്‌എന്‍ഡിപിയുടെ പ്ളാറ്റിനം ജൂബിലി സ്മാരക ഗ്രന്ഥത്തില്‍ മുന്‍ എം പി ആയിരുന്ന എം കെ കുമാരന്‍ എഴുതിവച്ച അബദ്ധങ്ങളും അസംബന്ധങ്ങളും വിസ്മരിക്കാം. ആധുനിക കേരളത്തില്‍ പുരോഗമന പരമായ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്‌ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ആണെന്ന വിശ്വാസം പരക്കെ ഉളളതില്‍ അദ്ദേഹത്തിന്‌ അമര്‍ഷമുണ്ട്‌. എസ്‌എന്‍ ഡി പിയോഗത്തിണ്റ്റെ ചരിത്രം സാമാന്യമായി പറഞ്ഞാല്‍ കേരളത്തിലെ സാമൂഹിക - സാംസ്ക്കാരിക രാഷ്ട്രീയ നവോത്ഥാനത്തിണ്റ്റെ ചരിത്രമാണ്‌ എന്ന്‌ എം കെ കുമാരന്‍ കരുതുന്നു. എസ്‌എന്‍ഡി.പിയോഗത്തിണ്റ്റെ തുടക്കത്തില്‍ തന്നെ ഒരു വിപ്ളവ പ്രസ്ഥാനത്തിണ്റ്റെ മുന്നണി സേനവിഭാഗമാകാനുള്ള എല്ലാ സിദ്ധികളും അതിന്‌ ലഭ്യമായിരുന്നു. ഈ സിദ്ധികളില്‍ ഏറ്റവും പ്രധാനം ശ്രീനാരായണഗുരുവിണ്റ്റെ മഹനീയ നേതൃത്വം തന്നെയായിരുന്നു. തണ്റ്റെ യോഗത്തോടും ശ്രീനാരായണ ഗുരുവിനോടുമുള്ള ഭക്തിയും ആദരവും കൊണ്ട്‌ ചരിത്രത്തെ യോഗത്തിന്‌ മുമ്പും പിമ്പുമെന്ന്‌ വേര്‍തിരിച്ച്‌ കാണാന്‍ എം കെ കുമാരന്‌ ആഗ്രഹമുണ്ടായിരുന്നിരിക്കാം. ഉത്തരാധുനിക സാഹിത്യത്തിനും വനിതാ വിമോചന പ്രസ്ഥാനത്തിനുമൊക്കെ കാരണം ശ്രീനാരായണ ഗുരുവാണെന്നും- പറഞ്ഞാലേ അദ്ദേഹത്തെപോലുള്ളവര്‍ക്ക്‌ തൃപ്തിയാകുള്ളുവെന്നും വരാം. എന്നാല്‍ സ്വദേശാഭിമാനി ഈഴവരെയും പുലയരെയും മറ്റും സവര്‍ണ്ണര്‍ക്കൊപ്പമിരുത്തി പഠിപ്പിക്കുന്നത്‌ സംസ്ക്കാര ശുദ്ധിക്ക്‌ നിരക്കാത്ത നടപടിയാണെന്ന്‌ പറഞ്ഞതായി എഴുതിപ്പിടിപ്പിക്കുന്നത്‌ കുറച്ചെങ്കിലും സത്യാന്വേഷണത്തിന്‌ ശേഷമാകാമായിരുന്നു. ൧൦൮൦ മേടത്തില്‍ കേരളനില്‍ സ്വദേശാഭിമാനി എഴുതിയത്‌ വ്യവസായശീലരായ ഈഴവരെ പ്രശംസിച്ചു കൊണ്ടാണ്‌. മാത്രമല്ല ഈഴവരുടെ ക്ളേശങ്ങള്‍ ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട്‌ സ്വദേശാഭിമാനി എഴുതിയ മുഖപ്രസംഗങ്ങള്‍ ടി വേണുഗോപാലന്‍ വേണ്ടുവോളം ഉദ്ധരിച്ചിട്ടുമുണ്ട്‌. ഈ നാട്ടിലെ മുതലെടുപ്പില്‍ ഗണ്യമായ ഒരു ഭാഗം ്നേടിക്കൊടുക്കുന്നവരായ ഈഴവര്‍ക്ക്‌ വിദ്യാഭ്യാസ കാര്യത്തില്‍ ഉണ്ടാകുന്ന ക്ളേശങ്ങളെ ഗവണ്‍മെണ്റ്റിണ്റ്റെ ചുമതലയില്‍ ഉള്ളിടത്തോളവും പരിഹരിക്കേണ്ടത്‌ ഏറ്റവും ആവശ്യമാകുന്നു എന്ന്‌ സ്വദേശാഭിമാനി എഴുതിയിട്ടുണ്ട്‌. ആ മുഖപ്രസംഗം വക്കം മൌലവിയുടെ സ്വദേശാഭിമാനിയിലല്ല കേരളന്‍ മാസികയിലാണ്‌ പ്രസിദ്ധീകരിച്ചത്‌. മാത്രമല്ല ഈഴവര്‍ക്ക്‌ മാനസികമായ പരിഷ്ക്കാരവും ഗ്രഹണപാടവവും ബ്രാഹ്മണരെയും നായന്‍മാരെയും മറ്റും പോലെ ഉണ്ടെന്ന്‌ വന്നിരിക്കുന്നതിനാലത്രേ അവരെ ഒന്നായി ഇരുത്തി പഠിപ്പിക്കുന്ന വിഷയം അവശ്യ കര്‍ത്തവ്യമായിരിക്കുന്നത്‌. പുലയരെയും അധകൃതരേയും സവര്‍ണരോടൊപ്പം ഇരുത്തി പഠിപ്പിക്കുന്നതിനെ സ്വദേശാഭിമാനി എതിര്‍ത്തു എന്ന കള്ള പ്രചരണം ഇപ്പോഴും തുടരുന്നുണ്ട്‌. അധ: കൃതര്‍ക്ക്‌ പ്രത്യേകമായ വിദ്യാഭ്യാസം കൊടുക്കണമെന്നും അവര്‍ക്ക്‌ അത്‌ നിര്‍വഹിക്കാനുള്ള സാമ്പകത്തിക ശേഷിയുണ്ടാക്കിക്കൊടുക്കണമെന്നുമാണ്‌ സ്വദേശാഭിമാനി ആവശ്യപ്പെട്ടത്‌. ഇത്‌ ജാതി ചിന്തയും സവര്‍ണ്ണ മനോഭാവവും ആണെന്ന്‌ വാദിക്കുന്നവരുടെ ബുദ്ധി തലതിരിഞ്ഞതാണെന്നും പറയാതെ വയ്യ. ചരിത്രപരമായകാരണങ്ങളാല്‍ വിദ്യാഭ്യാസരംഗത്ത്‌ നിന്ന്‌ പുറം തള്ളപ്പെട്ടവര്‍ക്ക്‌ പ്രത്യേക പരിഗണനയോടെയുള്ള വിദ്യാഭ്യാസം നല്‍കണമെന്നാണ്‌ സ്വദേശാഭിമാനി ആവശ്യപ്പെട്ടത്‌. സത്യത്തില്‍ സംവരണ തത്വത്തിണ്റ്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം. ടി വേണുഗോപാലന്‍ ഇക്കാര്യങ്ങളെല്ലാം സ്വദേശാഭിമാനിയുടെ മുഖപ്രസംഗങ്ങള്‍ ദീര്‍ഘമായി ഉദ്ധരിച്ചുകൊണ്ട്‌ സ്ഥാപിച്ചിട്ടുണ്ട്‌. പക്ഷേ സ്വദേശാഭിമാനിയെ താഴ്ത്തിക്കെട്ടാതെ ചിലര്‍ക്ക്‌ ഇപ്പോഴും ഉറക്കം വരുന്നില്ലെന്നുതോന്നുന്നു. നാടു കടത്തലിണ്റ്റെ നൂറാം വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ പച്ചക്കുതിരയില്‍ രാജഗോപാല്‍ വാകത്താനം എഴുതിയ ലേഖനം ഈ രോഗത്തിണ്റ്റെ ഒന്നാന്തരം ദൃഷ്ടാന്തമാണ്‌. ജനവിരുദ്ധതയുടെ ജാതിമുഖം എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ ഒരിടത്തും വേണുഗോപാലണ്റ്റെ പുസ്തകത്തെ പരാമര്‍ശിച്ചു കാണുന്നില്ല. അത്‌ മന: പൂര്‍വ്വമാണോ അതോ വായിക്കാത്തതു കൊണ്ടാണോ എന്നറിഞ്ഞുകൂട. വാകത്താനത്തിണ്റ്റെ ഒരു ആരോപണം ലോകമെമ്പാടും രാജഭരണത്തിനെതിരെ സമരം കൊടുമ്പിരി കൊള്ളുകയും ജനാധിപത്യ വ്യവസ്ഥയ്ക്കു വേണ്ടി പോരാട്ടം നടക്കുകയും ചെയ്യുമ്പോള്‍ തിരുവിതാകൂറിലെ രാജാക്കന്‍മാരെ ദൈവപദവിയില്‍ പ്രതിഷ്ഠിച്ച്‌ സ്തുതി ഗീതങ്ങള്‍ ആലപിച്ച രാമകൃഷ്ണപ്പിള്ള ഏത്‌ നാടുവാഴിത്ത ആധിപത്യത്തിനെതിരായാണ്‌ തൂലിക പടവാളിക്കയത്‌. അത്യന്തം വിധേയമായ ദാസ്യ ഭാഷയില്‍ അടിമഭാവമായിരുന്നു അദ്ദേഹത്തിണ്റ്റെ മുഖമുദ്ര. രാജ്യദ്രോഹ കുറ്റത്തിന്‌ തിരുവിതാംകൂറില്‍ നിന്ന്‌ നാടു കടത്തിപ്പെട്ട രാമകൃഷ്ണപ്പിള്ളയ്ക്കെതിരായാണ്‌ വാകത്താനം ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്‌. വസ്തുതകള്‍ അറിയാന്‍ ഒരു ശ്രമവും നടത്താതെ മുന്‍വിധിയോടെ അരിശം കൊള്ളുന്ന വാകത്താനം രാജഗോപാലണ്റ്റെ യുക്തി ബോധം തീര്‍ത്തും ഇല്ലാതായിട്ടുണ്ട്‌. പോര്‍ച്ചുഗീസ്‌ രാജാവിനെ വധിച്ചത്‌ ചൂണ്ടിക്കാണിച്ചു കൊണ്ട സ്വദേശാഭിമാനി എഴുതിയത്‌ ഇങ്ങനെയാണ്‌. പോര്‍ച്ചുഗല്‍ രാജാവിന്‌ സിദ്ധിച്ച ഈ അനുഭവം ലോകത്തില്‍ രാജാക്കന്‍മാര്‍ക്ക്‌ ആവര്‍ത്തിക്കാതിരിക്കാനാണ്‌ സമാധാന കാംക്ഷികളെല്ലാം ആശിക്കുന്നതെന്നിരുന്നാലും രാജാക്കന്‍മാര്‍ക്കും ഗവണ്‍മെണ്റ്റ്‌ പ്രവര്‍ത്തകന്‍മാര്‍ക്കും തങ്ങളുടെ ധര്‍മത്തെയും കര്‍ത്തവ്യത്തെയും കുറിച്ച്‌ വീണ്ടും സ്മരണീയമായ പാഠം നല്‍കുന്നു എന്ന്‌ പറയേണ്ടതാകുന്നു. ഒരു രാജ്യത്തിണ്റ്റെ അധിപതിയായ രാജാവ്‌ പ്രജകളുടെ ഹിതത്തെ അനുവര്‍ത്തിക്കേണ്ട ആളാണെന്നും രാജാവിണ്റ്റെ മനോരഥമല്ല പ്രജകളുടെ ഹിതത്തെ അധ:കരിച്ചിട്ട്‌ സാധിക്കേണ്ടതെന്നും ഉള്ള പാഠം നാം ഓര്‍ക്കേണ്ടതാണ്‌. രാജവാഴ്ചയോടുള്ള സ്വദേശാഭിമാനിയുടെ സമീപനം എന്താണെന്ന്‌ വ്യക്തമാക്കുന്നതിനാവശ്യമുള്ളതിലധികം രേഖകള്‍ വേണുഗോപാലന്‍ തന്നെ ഉദ്ധരിച്ചിട്ടുണ്ട്‌. രാജാവിനെ രാഷ്ട്രതലവന്‍ ആക്കിയിരുത്തി ബ്രിട്ടീഷ്‌ മാതൃകയിലുള്ള പാര്‍ളമെണ്റ്ററി ജനാധിപത്യം നടപ്പിലാക്കുന്നതിനാണ്‌ സ്വദേശാഭിമാനി വാദിച്ചത്‌. സത്യസന്ധമായ വായന ഇതു സംശയാതീതമായി തെളിയിക്കുന്നതുമാണ്‌. പണ്ഡിറ്റ്‌ കറുപ്പണ്റ്റെ ബാലാകലേശം എന്ന കൃതിയെ സ്വദേശാഭിമാനി വിമര്‍ശിച്ചതിനെതിരായുള്ള ആക്ഷേപവും ഇതേപ്പോലെ തന്നെ അടിസ്ഥാനരഹിതമാണ്‌. ഏതെങ്കിലും സമുദായത്തിനെതിരെ ആക്ഷേപ വാക്കുകളും ദു:സൂചനകളും നടത്തുന്നതിനെ കഠിനമായി എതിര്‍ത്തിട്ടുള്ള ആളാണ്‌ സ്വദേശാഭിമാനി. അദ്ദേഹത്തിണ്റ്റെ ഈ നിലപാടിന്‌ എത്രയോ ഉദാഹരണങ്ങള്‍ വേണുഗോപലന്‍ നിരത്തി വച്ചിട്ടുണ്ട്‌. ബാലാകലേശത്തിലെ യുക്തിഭംഗങ്ങളും ജനാധിപത്യ ആദര്‍ശങ്ങള്‍ക്ക്‌ നിരക്കാത്ത സമീപനവുമാണ്‌ സ്വദേശാഭിമാനി ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌. അതിനിടയായ സാഹചര്യങ്ങളും വേണുഗോപാലന്‍ ചൂണ്ടിക്കാണിക്കുന്നു. വാകത്താനം ആരോപിക്കുന്ന തരത്തില്‍ ജാതീയമായ ദൂ:സൂചനകള്‍ സ്വദേശാഭിമാനിയുടെ ഭാഗത്തു നിന്ന്‌ ഉണ്ടായിട്ടേയില്ല. വെറും കേട്ടു കേള്‍വിയുടെയും മുന്‍വിധിയുടെയും അടിസ്ഥാനത്തില്‍ പ്രലപനങ്ങല്‍ നടത്തുകയാണ്‌ വാകത്താനം. അതിനു മുമ്പ്‌ ഇതേ പോലെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ എം പി അപ്പനും നടത്തിയിട്ടുണ്ട്‌. സ്വദേസാഭിമാനി അധ:കൃത കുട്ടികള്‍ക്ക്‌ പ്രത്യേക വിദ്യാലയം ഉണ്ടാക്കണമെന്ന്‌ വാദിച്ചത്‌ അയിത്താചരണമാണെന്ന്‌ കുറ്റപ്പെടുത്തുന്നവരില്‍ ചിലരുടെ ഉദ്ദേശശുദ്ധി സംശയിക്കേണ്ടതാണ്‌. ഇവര്‍ പണ്ഡിറ്റ്‌ കറുപ്പണ്റ്റെ പേരിലും അയിത്താചരണം ആരോപിക്കാത്തത്‌ അദ്ദേഹത്തിണ്റ്റെ ഭാഗ്യമാണ്‌. സ്വദേശാഭിമാനിക്ക്‌ ശേഷം എത്രയോ വര്‍ഷം കഴിഞ്ഞ്‌ കൊച്ചിയില്‍ പണ്ഡിറ്റ്‌ കറുപ്പന്‍ നടത്തിയ ഒരു ഹരിജനോദ്ധാരണ നടപടി ഓര്‍മ്മിക്കത്തക്കതാണ്‌. അദ്ദേഹം കൊച്ചി സര്‍ക്കാറില്‍ ഉദ്യോഗസ്ഥനായിരിക്കെ ഹരിജനങ്ങള്‍ക്ക്‌ വേണ്ടി പനമ്പുകാട്‌ പ്രത്യേകം ഒരു ക്ഷേത്രം നിര്‍മ്മിക്കുകയാണ്‌ ചെയ്തത്‌. വിദ്യാഭ്യാസ കാര്യത്തില്‍ ചരിത്രപരമായി പിന്‍തള്ളപ്പെട്ടവര്‍ക്ക്‌ പ്രത്യേക പരിഗണന കൊടുക്കണമെന്ന്‌ വാദിച്ച സ്വദേശാഭിമാനിയെ അയിത്തവാദിയെന്ന്‌ കുറ്റപ്പെടുത്തുന്നവര്‍ പണ്ഡിറ്റ്‌ കറുപ്പനെപ്പറ്റി എന്താണ്‌ പറയുക. ക്ഷേത്ര പ്രവേശനത്തിന്‌ വാദിക്കാതെ അധ:കൃതര്‍ക്ക്‌ പ്രത്യേക ക്ഷേത്രം പണിതു കൊടുത്ത പണ്ഡിറ്റ്‌ കറുപ്പനെ ആരും അയിത്താചരണത്തിണ്റ്റെ വക്താവായി പറഞ്ഞു കേട്ടിട്ടില്ല. ദൈവ സന്നിധിയില്‍ ഒന്നിച്ച്‌ ആരാധന നടത്താന്‍ അനുവദിക്കാതെ പ്രത്യേക ക്ഷേത്രം പണി ചെയ്തത്‌ പുരോഗമനമാണെങ്കില്‍ അധ;കൃതരുടെ വിദ്യാഭ്യാസത്തിന്‌ പ്രത്യേകം ഏര്‍പ്പാട്‌ ചെയ്യണമെന്ന്‌ ഒരുനൂറ്റാണ്ടു മുമ്പേ പറഞ്ഞ സ്വദേശാഭിമാനി എങ്ങനെയാണ്‌ പിന്‍തിരിപ്പനാകുന്നത്‌. ഇക്കാലത്ത്‌ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക്‌ പ്രത്യേകമായി ഐഎഎസിനും മറ്റും സര്‍ക്കാര്‍ ചിലവില്‍ പരിശീലനം നല്‍കുന്നത്‌ നിഷിദ്ധമാണോ? സ്വദേശാഭിമാനിയെ അധിക്ഷേപിച്ചെ അടങ്ങൂവെന്ന്‌ ചിലര്‍ക്ക്‌ പിടിവാശിയുള്ളത്‌ പോലെ തോന്നുന്നു. വേണുഗോപാലണ്റ്റെ പുസ്തകത്തെ പുകഴ്ത്തി ഇംഗ്ളീഷില്‍ എഴുതിയ ആള്‍ തന്നെ മലയാളത്തില്‍ മറ്റൊരു നിലപാടെടുക്കാനും മടിച്ചിട്ടില്ല. പൌരാവകാശ പ്രവര്‍ത്തകനും മാധ്യമ നിരൂപകനുമായ ബിആര്‍പി ഭാസ്ക്കര്‍ ഇങ്ങനെ ചെയ്തത്‌ നിര്‍ഭാഗ്യകരമാണ്‌. കാലത്തിന്‌ മുമ്പേ ജനിച്ച ദീര്‍ഘദര്‍ശിയുടെ ചിത്രമാണ്‌ വേണുഗോപാലണ്റ്റെ പുസ്തകത്തില്‍ നിന്ന്‌ തെളിഞ്ഞു വരുന്നതെന്ന്‌ പുസ്തകത്തില്‍ ഭാസ്ക്കര്‍ മാസ്റ്റര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. സ്വദേശാഭിമാനിയുടെ കാലത്തെ സാഹചര്യം വെച്ച്‌ വിലയിരുത്തുകയാണെങ്കില്‍ തണ്റ്റെ തലമുറയെ പുതിയ സാമൂഹിക ക്രമത്തിലേക്ക്‌ നയിക്കാന്‍ ശ്രമിച്ച നിര്‍ഭയനായ പത്രപ്രവര്‍ത്തകനാണ്‌ സ്വദേശാഭിമാനിയെന്ന്‌ ഭാസ്ക്കര്‍ പറയുന്നുമുണ്ട്‌. പക്ഷേ പിന്നീട്‌ കാലകൌമുദിയില്‍ എഴുതിയപ്പോള്‍ ഭാസ്ക്കര്‍ തന്നെ ഇതിനു വിരുദ്ധമായ നിലപാട്‌ എടുത്തു. ടി വേണുഗോപാലന്‍ അതിനുള്ള മറുപടി കൊടുക്കുകയും ചെയ്തു. ദളിതര്‍ക്ക്‌ വേണ്ടിയും ക്രിസ്ത്യാനികള്‍ക്ക്‌ വേണ്ടിയും മുസ്ളീംങ്ങള്‍ക്ക്‌ വേണ്ടിയും രാമകൃഷ്ണപ്പിള്ള എഴുതിയ മുഖപ്രസംഗങ്ങള്‍ തമസ്ക്കരിച്ചു കൊണ്ട്‌ സ്വദേശാഭിമാനിയെ താഴ്ത്തിക്കെട്ടാന്‍ നടത്തിയ ശ്രമത്തില്‍ ബി ആര്‍ പി ഭാസ്ക്കറും പങ്കാളിയായത്‌ വേണു ഗോപാലന്‍ ചൂണ്ടിക്കാണിക്കുന്നു. തണ്റ്റെ പുസ്തകം ഹിന്ദുവില്‍ നിരൂപണം ചെയ്ത്‌ പ്രശംസിച്ച ഭാസ്ക്കര്‍ സത്യം മനസ്സിലാക്കിയിട്ടും അത്‌ അംഗീകരിക്കാത്തതില്‍ അമര്‍ഷം വേണുഗോപാലന്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. രാജദ്രോഹിയായ രാജ്യസ്നേഹി എന്ന പേരില്‍ വേണുഗോപാലന്‍ എഴുതിയ സ്വദേശാഭിമാനിയുടെ ജീവചരിത്രം വായിച്ചിട്ടുള്ള ആര്‍ക്കും തന്നെ കാലത്തിന്‌ മുമ്പേ കുതിച്ച ആ കലാപകാരിയെ ആദരവോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല. ഇന്നലത്തെ വസ്തുതകളെ ഇന്നത്തെ സംഭവങ്ങളുമായി ബന്ധപ്പെടുത്തി നാളെയുടെ അര്‍ത്ഥം മനസ്സിലാക്കി കൊടുക്കുകയാണ്‌ വ്യഖ്യാനാത്മകമായ പത്രപ്രവര്‍ത്തനം. ഈ കൃത്യം നിര്‍വ്വഹിച്ച പത്ര പ്രവര്‍ത്തകരില്‍ സ്വദേശാഭിമാനിക്ക്‌ തുല്യനായി ലോകത്തില്‍ വേറൊരാളുമില്ല. അതേപോലെ തന്നെ പത്രാധിപരായ കെ രാമകൃഷ്ണപ്പിള്ളയും പത്രമുടമസ്ഥനായ വക്കം മൌലവിയും തമ്മിലുള്ള ബന്ധം സമാനതകളില്ലാത്തതാണ്‌. ഉടമസ്ഥരും പത്രാധിപരും തമ്മില്‍ ഇതേപോലെ ഇണങ്ങിചേര്‍ന്നു കൊണ്ടുള്ള പ്രവര്‍ത്തനം ലോകത്തില്‍ എവിടെയുമുണ്ടായിട്ടില്ല. . മുസ്ളീം സമുദായത്തിലെ ഉല്‍പതിഷ്ണുവായ ഒരു പരിഷ്കര്‍ത്താവ്‌ എന്തു കൊണ്ടാണ്‌ രാമകൃഷ്ണപ്പിള്ളയെ സ്വദേശാഭിമാനിയുടെ പത്രാധിപരാക്കിയത്‌? അതും രാമകൃഷ്ണപ്പിള്ളയ്ക്ക്‌ ൨൧വയസ്സ്‌ മാത്രം പ്രായമുള്ളപ്പോള്‍. മഹാത്മാഗാന്ധിയെക്കുറിച്ചും കാറല്‍ മാര്‍ക്സിനെക്കുറിച്ചും ആദ്യമായി ഇന്ത്യക്കാര്‍ക്ക്‌ പരിചയപ്പെടുത്തിയ രാമകൃഷ്ണപ്പിള്ള അയിത്തവാദിയാകുമോ? സമ്പൂര്‍ണ്ണസാക്ഷരതയ്ക്ക്‌ വേണ്ടി വാദിച്ച പത്രാധിപര്‍ അധ:കൃത കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിനെ എതിര്‍ക്കുമോ?സ്ത്രീകള്‍ക്ക്‌ വേണ്ടി മാസിക പ്രസിദ്ധീകരിച്ച പുരോഗമനവാദി എങ്ങനെയാണ്‌ യാഥാസ്ഥിതികനാവുക? സത്യം അറിയണമെന്ന്‌ ആഗ്രഹമുള്ള ഏത്‌ ഗവേഷകനും സ്വയം ഈചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടെ സ്വദേശാഭിമാനിയെക്കുറിച്ച്‌ പഠിക്കാന്‍ ശ്രമിക്കുകയുള്ളൂ. പക്ഷേ സ്വദേശാഭിമാനിയുടെ വിമര്‍ശകര്‍ക്ക്‌ ഇതൊന്നും തോന്നിയിട്ടില്ല. ഈ കാര്യത്തില്‍ അവര്‍ ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തിയിട്ടുമില്ല. സ്വദേശാഭിമാനിയെക്കുറിച്ച്‌ ആരെങ്കിലും നല്ലത്‌ പറഞ്ഞാല്‍ അവരുടെ നേരെ കുരച്ച്‌ ചാടാന്‍ തയ്യാറുള്ളവര്‍ ഇപ്പോഴുമുണ്ട്‌. അക്കൂട്ടത്തില്‍പ്പെട്ടവരാണ്‌ ദളിത്‌ ബന്ധു, ഡോ. എം എസ്‌ ജയപ്രകാശ്‌, പ്രൊ രാജു തോമസ്സ്‌ എന്നിവര്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ൨൦൦൯ നവംബര്‍ ൧-൭) ടി വേണുഗോപലന്‍ നിരത്തിവച്ച വസ്തുതകളും അതിണ്റ്റെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനങ്ങളും തെറ്റാണെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. തങ്ങള്‍ സ്വയം ധരിച്ചുവശമാക്കിയ മിഥ്യകള്‍ പൊളിഞ്ഞു വീഴുമ്പോഴുള്ള അസ്വാസ്ഥ്യമാണ്‌ ഇവര്‍ പ്രകടമാക്കുന്നത്‌. സ്വദേശാഭിമാനി ഇക്കൂട്ടരില്‍ ചിലരെപ്പോലെ സായ്പ്പ്‌ വന്നില്ലെങ്കില്‍ രക്ഷകിട്ടില്ലായിരുന്നുവെന്നു വിശ്വസിച്ചിരുന്നില്ല. എന്നിട്ടും അദ്ദേഹം പാശ്ചാത്യ ചിന്താഗതിക്കടിമപ്പെട്ടുപോയ ആളാണെന്നു വിമര്‍ശനമുണ്ടായിട്ടുണ്ട്‌. സത്യത്തില്‍ ഇംഗ്ളീഷ്‌ വിദ്യാഭ്യാസം നേടിയ മിക്കവരേയും പോലെ മസ്തിഷ്കപ്രക്ഷാളനത്തിനു ഇരയാകാത്ത ആളാണ്‌ അദ്ദേഹം. ഇന്നു പോലും ജനാധിപത്യത്തിണ്റ്റേയും വോട്ടവകാശത്തിണ്റ്റേയും വേരുകള്‍ ഗ്രീസില്‍ നിന്നു കണ്ടെത്തുന്നവരാണ്‌ നമ്മുടെ പണ്ഡിതന്‍മാര്‍. മൂവ്വായിരം അടിമകളും മൂന്നൂറോളം വോട്ടവകാശമുള്ള പൌരന്‍മാരും ഉള്‍പ്പെട്ട ഗ്രീക്ക്‌ നഗര റിപ്പബ്ളിക്കുകളിലെ ജനാധിപത്യത്തെ പാടിപ്പുകഴ്ത്തുന്നവരാണ്‌ ഇവര്‍. എന്നാല്‍ സ്വദേശാഭിമാനി ജനാധിപത്യത്തിണ്റ്റെ വേരുകള്‍ തേടിയെത്തുന്നത്‌ ഭാരതീയമായ വേദങ്ങളില്‍ ആണ്‌. പ്രാചീന സമിതികള്‍ എന്ന പേരില്‍ രാമകൃഷ്ണപ്പിള്ള എഴുതിയ ലേഖനപരമ്പരയില്‍ രാജാവ്‌ ചില നിബന്ധനകള്‍ക്ക്‌ വിധേയനായിരുന്നുവെന്നും അത്‌ ലംഘിക്കുമ്പോള്‍ രാജാവിനെ ഭ്രഷ്ടനാക്കാന്‍ സമിതികള്‍ക്ക്‌ അധികാരമുണ്ടായിരുന്നുവെന്നും വേദാദിവനസഞ്ചാരം നടത്തിക്കൊണ്ട്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. സഭാപതിയായ രാജാവിനെ ജനങ്ങള്‍ തിരഞ്ഞെടുത്ത്‌ നിയമിക്കുകയായിരുന്നു ചെയ്തിരുന്നതെന്ന്‌ ഋഗ്വേദം ഉദ്ധരിച്ചു കൊണ്ടാണ്‌ സ്വദേശാഭിമാനി എഴുതുന്നത്‌. അദ്ദേഹത്തെപ്പോലെ ജനാധിപത്യത്തിനു വേണ്ടി വാദിച്ചവരില്‍ വേറൊരാളും തന്നെ ഇത്‌ പോലെ ദേശീയ പാരമ്പര്യം എടുത്തു കാണിച്ചിട്ടില്ല. പക്ഷേ സത്യവിചാരത്തേക്കാള്‍ദുഷ്ടശകാരത്തിനൊരുമ്പെട്ടവര്‍ക്ക്‌ ഇതൊന്നും പ്രശ്നമല്ല. ഒരു കൂട്ടര്‍ സ്വദേശാഭിമാനിയെ ബ്രാഹ്മണ വിരോധത്തിണ്റ്റെ പേരില്‍ കുറ്റപ്പെടുത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍ അദ്ദേഹത്തിനെ ആക്ഷേപിക്കുന്നത്‌ നായര്‍ സമുദായത്തിണ്റ്റെ പോലും പിന്തുണ കിട്ടാത്തതിണ്റ്റെ പേരിലാണ്‌. ജാതി-മത പരിഗണനകള്‍ക്കതീതമായുള്ള മതേതര വീക്ഷണം വെച്ചു കൊണ്ട്‌ രാജ്യകാര്യനിരൂപണം നടത്തിയ ആളാണ്‌ സ്വദേശാഭിമാനി. അത്‌ മനസ്സിലാക്കാന്‍ തലതിരിഞ്ഞ ജാതിമാത്ര വാദികള്‍ക്കു കുറേക്കാലം കൂടിവേണ്ടി വരും. നീതിമാത്ര വാദിയായതു കൊണ്ടാണ്‌ സ്വദേശാഭിമാനി അധ: കൃത കുട്ടികള്‍ക്ക്‌ പ്രത്യേകമായി വിദ്യാഭ്യാസ സൌകര്യം നല്‍കുന്നതിനു വേണ്ടി വാദിച്ചത്‌. ഇക്കാലത്തു പോലും പിന്നാക്ക സമുദായങ്ങള്‍ക്ക്‌ പ്രത്യേകമായ വിദ്യാഭ്യാസം നല്‍കി മറ്റുള്ളവരുടെ നിലവാരത്തില്‍ എത്തിച്ച ശേഷം വേണം എല്ലാവരും ഒന്നിച്ചുള്ള വിദ്യാഭ്യാസം നല്‍കേണ്ടതെന്നു വാദിക്കുന്നവരുണ്ട്‌. അയിത്തം കുറ്റകരമാണെന്നും ഭരണഘടന പ്രകാരം നിരോധിച്ചിട്ടുണ്ടെന്നും അറിയാത്തവരല്ലാ ഇവര്‍. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുകയെന്ന ഒരു വാദ രീതിയുണ്ട്‌. സ്വദേശാഭിമാനിയെക്കുറിച്ച്‌ തങ്ങള്‍ വെച്ചു പുലര്‍ത്തിയ അബദ്ധ ധാരണകള്‍ പൊളിയുമ്പോള്‍ ഈ രീതി അവലംബിച്ചവരുമുണ്ട്‌. ടി വേണുഗോപാലനെതിരായി ചെറായി രാമദാസ്‌ ഉന്നയിച്ച ഗുരുതരമായ ആരോപണം ഈ രീതിയിലുള്ളതാണ്‌. ൨൦൦൩ല്‍ പച്ചക്കുതിരയില്‍ രാമദാസ്‌ ഏറ്റവും ഹീനമായ ആരോപണം വേണുഗോപാലന്‌ എതിരായി ഉന്നയിക്കുന്നു. അയ്യങ്കാളി അയച്ചതാണെന്ന മട്ടില്‍ രാമകൃഷ്ണപ്പിള്ളയോട്‌ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള രണ്ട്‌ കത്തുകള്‍ വേണുഗോപാലന്‍ കൃത്രിമമായി സൃഷ്ടിച്ചുവെന്നാണ്‌ ആരോപണത്തിണ്റ്റെ ചുരുക്കം. അതിനിടയില്‍ സ്വദേശാഭിമാനിയുടെ മകള്‍ ഗോമതിയമ്മയേയും അവഹേളിക്കാന്‍ ചെറായി രാമദാസ്‌ മുതിര്‍ന്നിട്ടുണ്ട്‌. താന്‍ ഒഴികെ മറ്റൊരാളും സത്യസന്ധനായ ഗവേഷകനല്ലെന്ന ധാര്‍ഷ്ട്യം രാമദാസിനുള്ളതുപോലെ തോന്നുന്നു. വേണു ഗോപാലണ്റ്റെ പുസ്തകത്തിനുള്ള മുഖവുരയില്‍ പ്രസ്സ്‌ അക്കാദമി ചെയര്‍മാന്‍ ആയിരുന്ന വി പി രാമചന്ദ്രന്‍ പറയുന്നത്‌ ആര്‍ക്കും നിഷേധിക്കാനാവില്ല. വസ്തുതകള്‍ സംസാരിക്കട്ടെ എന്ന പ്രമാണം വേണുഗോപാലനിലെ പത്രപ്രവര്‍ത്തകന്‍ ഒരിക്കലും വിസ്മരിക്കുന്നില്ല. സ്വദേശാഭിമാനി- രാജദ്രോഹിയായ രാജ്യ സ്നേഹി എന്ന ഗ്രന്ഥത്തിണ്റ്റെ സംവിധാനവും രചനാരീതിയും അത്‌ സംശയാതീതമായി തെളിയിക്കും. മൂന്നു ഭാഗങ്ങളിലായി എണ്ണൂറിലേറെ പുറങ്ങളില്‍ ഏറിയ പങ്കും സ്വദേശാഭിമാനിയുടെ തന്നെ വാക്കുകളില്‍ രൂപം കൊള്ളുന്ന അത്ഭുതകരമായ ആശയ പ്രപഞ്ചമാണത്‌. അതേ സമയം വേണു ഗോപാലണ്റ്റെ നിസ്തന്ദ്രമായ ഗവേഷണത്തിണ്റ്റേയും നിതാന്തമായ പരിശ്രമത്തിണ്റ്റേയും നിദര്‍ശനമായും അത്‌ നില കൊള്ളുന്നു. . താന്‍ ആശ്രയിക്കുന്ന രേഖകളുടെ കൃത്യമായ വിവരം നല്‍കിക്കൊണ്ട്‌ ബൃഹത്തായ ജീവചരിത്രം രചിച്ച വേണുഗോപാലിനു അയ്യങ്കാളിയെഴുതിയതെന്ന മട്ടില്‍ കൃതൃമ കത്തുകള്‍ ഉണ്ടാക്കേണ്ടതായ വല്ല ആവശ്യവുമുണ്ടോ? സ്വദേശാഭിമാനിയെക്കുറിച്ച്‌ മുമ്പ്‌ വായിച്ചിട്ടുള്ള ആക്ഷേപങ്ങള്‍ ഓരോന്നും കിട്ടാവുന്ന സന്ദര്‍ഭത്തില്‍ വേണു ഗോപാലണ്റ്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ള ആളാണ്‌ ഈ ലേഖകന്‍. അയ്യങ്കാളിയുടെ കത്തുകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന മട്ടില്‍ ചെറായി രാമദാസ്‌ ഉന്നയിച്ച ആരോപണം മാന്യന്‍മാര്‍ക്ക്‌ ചേര്‍ന്നതല്ല. കാമുകിയെ വിവാഹം കഴിക്കാന്‍ പറ്റാതിരുന്ന ഗുരുവിനു വേണ്ടിയാണ്‌ സ്വദേശാഭിമാനി കൊട്ടാരകാര്യങ്ങളെ വിമര്‍ശിച്ചതെന്ന്‌ എഴുതിപ്പിടിപ്പിച്ച ഗവേഷക പടുക്കളാണോ രാമദാസാണോ ഭേദം എന്നു വായനക്കാര്‍ തീരുമാനിച്ചാല്‍ മതി. സ്വദേശാഭിമാനിയെ ചീത്തയാക്കാന്‍ നടത്തുന്ന കുത്സിത ശ്രമങ്ങള്‍ നേരത്തേ തന്നെ തുടങ്ങിയിട്ടുണ്ട്‌. വക്കം മൌലവിയെക്കുറിച്ച്‌ ഹാജി എം മുഹമ്മദ്‌ കണ്ണ്‌ എഴുതിയ പുസ്തകത്തില്‍ ഉദ്ധരിച്ചിരിക്കുന്ന ഒരു കത്ത്‌ ഇത്തരുണത്തില്‍ ഓര്‍മ്മിക്കാവുന്നതാണ്‌. ൧൯൪൧ല്‍ എ ബാലകൃഷ്ണപ്പിള്ള വടക്കന്‍പറവൂരില്‍ നിന്ന്‌ മൌലവിയുടെ പുത്രനായ വക്കം അബ്ദുള്‍ ഖാദറിനു അയച്ച കത്തിലെ ചില വരികള്‍ ആണ്‌ പുസ്തകത്തില്‍ ഉദ്ധരിക്കുന്നത്‌. നിങ്ങളുടെ വന്ദ്യ പിതാവ്‌ എനിക്ക്‌ എത്രയും പ്രിയപ്പെട്ട ഒരാളായിരുന്നു. ഇത്ര ധീരനായ ഒരു സമുദായാഭിമാനിയും അതിനെക്കാള്‍ ധീരനായ ഒരു ദേശാഭിമാനിയും ഇന്നാട്ടില്‍ ജനിച്ചിട്ടില്ലെന്ന സത്യം നമ്മുടെ കപട സാമുദായിക ദേശീയ ഭക്തന്‍മാര്‍ അടുത്ത കാലത്തെങ്ങും മനസ്സിലാക്കാന്‍ പോകുന്നില്ല....ചിറയിന്‍കീഴ്‌ താലൂക്കിലെ ഒരു മുഹമ്മദീയ പ്രഭുവിനെ പാട്ടിലാക്കിയിട്ടാണ്‌ കെ രാമകൃഷ്ണപ്പിള്ള രാജാവിനേയും ദിവാന്‍ജിയേയും അവരുടെ ഉദ്യോഗസ്ഥന്‍മാരേയും ശകാരിച്ചതെന്ന്‌ കണ്ടത്തില്‍ വര്‍ഗ്ഗീസ്‌ മാപ്പിളയുടെ മനോരമ പത്രത്തില്‍ അന്നെഴുതിയത്‌ ശുദ്ധ അബത്തമാണ്‌ രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയില്‍ വര്‍ഗ്ഗീസ്‌ മാപ്പിളക്ക്‌ നല്ല മറുപടി കൊടുത്തിട്ടുണ്ടെന്നാണു എണ്റ്റെ ഓര്‍മ്മ. യഥാര്‍ത്ഥ പരിവര്‍ത്തനേച്ഛുക്കളുടെ ചരിത്രങ്ങള്‍ ത്യാഗത്തിണ്റ്റേയും കഷ്ടതകളുടേയും വേദനകളുടേയും ചരിത്രമായിരിക്കുമല്ലോ (വക്കം മൌലവി. ഹാജി എം മുഹമ്മദ്‌ കണ്ണ്‌ പേജ്‌ ൫൨-൫൩) സ്വദേശാഭിമാനി രാജാവിനെ ശകാരിച്ചുവെന്നു വര്‍ഗീസ്‌ മാപ്പിള. തിരുവിതാം കൂറിലെ രാജാക്കന്‍മാരെ ദൈവപദവിയില്‍ അദ്ദേഹം പ്രിതിഷ്ഠിച്ചുവെന്നു ൨൦൧൦ല്‍ രാജഗോപാല്‍ വാകത്താനം. അധ:കൃതര്‍ക്ക്‌ പ്രത്യേക ആരാധാനാലയം പണി ചെയ്തു കൊടുത്ത പണ്ഡിറ്റ്‌ കറുപ്പന്‍ സാമൂഹിക പരിഷ്ക്കര്‍ത്താവ്‌. അവരെ പ്രത്യേകമായി പഠിപ്പിക്കണമെന്ന്‌ പറഞ്ഞ സ്വദേശാഭിമാനി അയിത്ത മനോഭാവക്കാരന്‍. ഇത്തരത്തില്‍ കലി തുള്ളുകയയാണ്‌ വിമര്‍ശകര്‍. സ്വദേശാഭിമാനി ബ്രിട്ടീഷുകാരെ തുണച്ചുവെന്ന്‌ ചെറായി രാമദാസ്‌ (യോഗദാനം) കണ്ടു പിടിച്ചിട്ടുണ്ട്‌. (യോഗനാദം) ൧൯൧൬ല്‍ ആണ്‌ സ്വദേശാഭിമാനി മരിച്ചത്‌. ൧൯൨൮വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പൂര്‍ണ സ്വാതന്ത്യ്രം ലക്ഷ്യമാക്കിയിട്ടു പോലും ഇല്ലായിരുന്നു. രാമദാസ്‌ എഴുതുന്നു ബ്രിട്ടീഷ്‌ അനുഗ്രഹങ്ങളെ രാമകൃഷ്ണപ്പിള്ള കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്‌. മറ്റൊരു മുഖ പ്രസംഗത്തില്‍ ബ്രാഹ്മണ വേഷധാരികള്‍ ആയ ചില കഠിന ഹൃദയന്‍മാര്‍ക്ക്‌ മാനവ സമുദായത്തെ ഉപദ്രവിക്കുന്നതിന്‌ സ്വത സ്ദ്ധമായിരുന്ന അവകാശം ബ്രിട്ടീഷ്‌ ഭരണം അസാമാന്യം ക്ഷയിപ്പിച്ചിട്ടുണ്ട്‌ (സമുദായ സ്പര്‍ദ്ധ, സ്വദേശാഭിമാനി - ൨൩.൨.൧൯൧൦) രാമദാസേ, ബ്രിട്ടീഷ്‌ ഭരണം കൊണ്ടുണ്ടായ ഈ ഗുണം പ്രശംസിച്ചവരില്‍ ആരൊക്കെയുണ്ടെന്നറിയാമോ? ൧൯൪൬ ല്‍ പോലും ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടരുതെന്നു പറഞ്ഞ ഡോക്ടര്‍ അംബേദ്കര്‍, സി എന്‍ അണ്ണാദുരൈ, റാവു സാഹിബ്ബ്‌ (സഹോദരന്‍) കെ അയ്യപ്പന്‍ തുടങ്ങിയ മഹാന്‍മാര്‍. ശരിക്കും സ്വാതന്ത്യ്ര സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്താണ്‌ ഈ മഹാന്‍മാര്‍ ബ്രിട്ടീഷുകാരുടെ പിന്തുണക്കാര്‍ ആയതെന്നേ വ്യത്യാസമുള്ളൂ രാമദാസ്‌ തന്നെ സമ്മതിച്ചിട്ടുള്ളത്‌ പോലെ രാമകൃഷ്ണപ്പിള്ള ബ്രിട്ടീഷുകാരെ വിമര്‍ശിക്കാതിരുന്നിട്ടില്ല. വേണുഗോപാലന്‍ കൃത്രിമമായി ഉണ്ടാക്കിയതാണ്‌ അയ്യങ്കാളിയുടെ കത്തെന്നു ആക്ഷേപിക്കാന്‍ മടി കാണിക്കാത്ത ചെറായി രാമദാസിണ്റ്റെ മുമ്പില്‍ എത്ര തെളിവ്‌ ഹാജരാക്കിയിട്ടും കാര്യമില്ലെന്നറിയാം. എങ്കിലും സ്വദേശാഭിമാനിയെ നാടു കടത്തിയ ശേഷവും അദ്ദേഹവും അയ്യങ്കാളിയും തമ്മില്‍ ബന്ധം പുലര്‍ത്തിയതിനും കത്തിടപാടുകള്‍ നടത്തിയതിനും കൃത്യമായ തെളിവുണ്ട്‌. സ്വദേശാഭിമാനി സ്വന്തം കയ്പ്പടയില്‍ എഴുതിയിട്ടുള്ള ഡയറിയാണ്‌ ഈ തെളിവ്‌. ൧൯൧൨ മാര്‍ച്ച്‌ ൧൮നു അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ഘലേല്‍െ ളൃീാ അ സമഹശ (്ലിഴമിീീൃ) മിറ ങ.ഗ. ചമൃമ്യമിമ ജശഹഹമശ ീള ഇവമിഴമിമരവലൃ്യ ഈ രേഖ ടി വേണുഗോപാലണ്റ്റെ ശേഖരത്തില്‍ നിന്നു പരിവര്‍ത്തനവാദിക്ക്‌ കിട്ടിയതാണ്‌. ആര്‍ക്കു വേണമെങ്കിലും കാണാം. പക്ഷേ ചങ്കെടുത്ത്‌ കാണിച്ചാലും ചെമ്പരത്തി പൂവാണെന്നു പറയുന്ന ഗവേഷകര്‍ക്ക്‌ ഒരു തെളിവും പ്രശ്നമല്ലല്ലോ?

No comments:

Post a Comment